കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കിവരുന്ന വിവിധ പുരസ്‌കാരങ്ങളുടെ വിതരണം നാളെ ബഹു കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള ഇ.എം.എസ് പുരസ്‌കാരം ലഭിച്ച പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. വി.പി. സജീന്ദ്രന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിക്കും.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സമഗ്രസംഭാവനക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം എന്‍.വി.പി ഉണിത്തിരിക്കും മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം വൈശാഖനും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരം സി.നാരായണനും സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലക്കുള്ള എ.എം.എസ് പുരസ്‌കാരം പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലക്കും ഗ്രാമീണമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലക്ക് ഡി.സി കിഴക്കെമുറിയുടെ സ്മരണക്കായി ഡി.സി ബുക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരം കൊട്ടാരക്കര സന്മാര്‍ഗ്ഗദായിനി സ്മാരക വായനശാലക്കും കൂടാതെ വിവിധ മേഖലകളില്‍ സമ്മാനിതരായ മറ്റ് ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കുന്നു.പുരസ്‌കാരദാന ചടങ്ങിന്റെ ഭാഗമായി ‘വായനയുടെ സാംസ്‌കാരിക രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കപ്പെടുന്നു. ഡോ.എം.എ സിദ്ദിഖാണ് സെമിനാര്‍ അവതരിപ്പിക്കുന്നത്.