ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക് അംഗീകാരം. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്നു രചിച്ച ‘ജനിതകശാസ്ത്രം‘ എന്ന പുസ്തകം ഗഹനമായവൈജ്ഞാനികശാസ്ത്രസാഹിത്യത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള അവാർഡിന് പ്രസന്ന കെ. വർമ്മ അർഹയായി. ഹോമോ ദിയൂസ് മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വ ചിത്രം എന്ന പുസ്തകത്തിനാണ് അവാർഡ്. യുവാൽ നോവ ഹറാരിയുടെ ‘ഹോമോ ദിയൂസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ’ എന്ന പുസ്തകത്തിന്റെ വിവർത്തനമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ദന്തസിംഹാസനം, ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും എന്നീ പുസ്തകങ്ങളും പ്രസന്ന കെ വര്‍മ്മയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 50,000 രൂപയുടേതാണ് പുരസ്‌കാരം.
ബാലശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ.ആര്‍.പ്രസന്നകുമാറിന്റെ ‘ഹൈഡ്രജനും പറയാനുണ്ട്’ എന്ന പുസ്തകം അര്‍ഹമായി. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. വി.പ്രസന്നകുമാറിന്റെ ‘പ്രകൃതിക്ഷോഭങ്ങളും കേരളവും’ എന്ന പുസ്തകത്തിനാണ്.
ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള 2019ലെ പുരസ്‌കാരം അശ്വിന്‍ എസ്, ഡോ. അനില്‍കുമാര്‍ വടവാതൂര്‍ എന്നിവര്‍ പങ്കിട്ടു. പ്രൊഫ. സി.പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.