കേരള സാഹിത്യ അക്കാദമി അവാർഡുകൾ തൃശ്ശൂരിൽ പ്രഖ്യാപിച്ചു. കെവി മോഹൻ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുത്തു. സ്കറിയ സക്കറിയ, നളിനി ബേക്കൽ, ഒഎം അനുജൻ, എസ് രാജശേഖരൻ, മണമ്പൂർ രാജൻ ബാബു എന്നിവർ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹരായി.
മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്രസംഭാവന പുരസ്കാരത്തിന് പരിഗണിക്കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
വിഎം ഗിരിജയുടെ ബുദ്ധപുർണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം കെ രേഖയുടെ മാനാഞ്ചിറ എന്ന ചെറുകഥയ്ക്കാണ്. 25000 രൂപയും സാക്ഷപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എം മുകുന്ദനും കെജി ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വർണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.