ഫീനിക്‌സ്: അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ റീജണല്‍ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. പന്ത്രണ്ടു റീജിയണുകളിലെ വൈസ് പ്രസിഡന്റുമാരെയാണ് കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് യോഗംചേര്‍ന്ന് തെരഞ്ഞെടുത്തത്.
കെഎച്ച്എന്‍എ സൗത്ത് ഈസ്റ്റ് റീജിയണ്‍ വൈസ് പ്രസിഡന്റായി അഞ്ജനാ കൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അഞ്ജനാ കൃഷ്ണന്‍ ഫ്‌ളോറിഡയിലെ ആത്മീയാധ്യാത്മിക രംഗങ്ങളില്‍ സജീവമാണ്. ടാമ്പയിലെ ഹിന്ദു അസോസിയേഷന്‍ വൈസ് പ്രസിഡന്റ് (2018), കെഎച്ച്എന്‍എ വിമന്‍സ് ഫോറം അംഗം (2016-18) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഞ്ജനാ കൃഷ്ണന്‍ നിലവില്‍ ശാസ്താ ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററാണ്. ഭര്‍ത്താവ്: ഉണ്ണികൃഷ്ണന്‍. ഒരു മകന്‍.
കെഎച്ച്എന്‍എ മിഡ്വെസ്റ്റ് റീജണ്‍ വൈസ് പ്രസിഡന്റായി സുരേഷ് നായരെ തെരഞ്ഞെടുത്തു. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയില്‍നിന്നും അമേരിക്കയിലെ മിനസോട്ടയില്‍ എത്തിയ സുരേഷ് നായര്‍ നിലവില്‍ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ പ്രസിഡന്റാണ്. ക്ഷേത്രനഗരിയായ വൈക്കത്തുനിന്നും എത്തിയതുകൊണ്ടുതന്നെ ക്ഷേത്രസംബന്ധിയായ കാര്യങ്ങളില്‍ സജീവ സാന്നിധ്യമാണ് സോഫ്ട്‌വെയര്‍ സെക്യൂരിറ്റി പ്രഫഷണല്‍ കൂടിയായ സുരേഷ് നായര്‍. ഭാര്യ: അഞ്ജനാ നായര്‍. മൂന്ന് കുട്ടികള്‍.
കെ എച്ച്എന്‍എ അദര്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി ഹരീന്ദ്രനാഥ് വെങ്ങിലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഹരീന്ദ്രനാഥ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയിലെ മെക്‌സിക്കോയില്‍ സ്ഥിരതാമസമാണ്. മാട്ടേല്‍ ടോയ്‌സില്‍ ടൂള്‍ റൂം മാനേജറായി പത്ത് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ഹരീന്ദ്രനാഥ് തുടര്‍ന്ന് പ്ലാസ്റ്റിക് ഇഞ്ചക്ഷന്‍ -മോള്‍ഡ് മേക്കിങ് മേഖലയില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിച്ചു വിജയിപ്പിച്ച ഒരു മികച്ച വ്യവസായ സംരംഭകന്‍ കൂടിയാണ്. ഒന്നില്‍ തുടങ്ങി മൂന്ന് വ്യവസായ ശാലകളില്‍ എത്തിനില്‍ക്കുന്നു അദ്ദേഹത്തിന്റെ വിജയഗാഥ. മികച്ച സംരംഭകന്‍ എന്നതിനൊപ്പം ഒരു ക്രിക്കറ്റ് പ്രേമിയുമാണ് ഹരീന്ദ്രനാഥ്. ഭാരിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ക്കിടയിലും മെക്‌സിക്കോയിലെ ന്യുവോ ലിയോണ്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലും അദ്ദേഹം ശോഭിക്കുന്നു.അപര്‍ണ്ണയാണ് ഭാര്യ. രണ്ട് മക്കള്‍.
ലോണ്‍ സ്റ്റാര്‍ റീജിയന്‍ വൈസ് പ്രസിഡന്റായി സോമരാജന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ ഹൂസ്റ്റണില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സോമരാജന്‍ നായര്‍ ഹൂസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ സര്‍വ്വസമ്മതനാണ്. നിരവധി ബാങ്കുകളില്‍ ഐടി പ്രഫഷണലായി സേവനമനുഷ്ഠിച്ച സോമരാജന്‍ നായര്‍ ക്ഷേത്ര കാര്യങ്ങളിലും സജീവമാണ്.
പേള്‍ലാന്‍ഡ് ശ്രീമീനാക്ഷി ടെമ്പിള്‍ എക്‌സി.ഡയറക്ടര്‍, സിറ്റി ഓഫ് പേള്‍ലാന്‍ഡ് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ടെമ്പിള്‍ പ്രസിഡന്റ്, ഹൂസ്റ്റണിലെ ശ്രീമീനാക്ഷി ക്ഷേത്രത്തിലും വാഷിംഗ്ടണ്‍ ഡിസിയിലെ ശ്രീശിവ വിഷ്ണു ക്ഷേത്രത്തിലും ശബരിമല തന്ത്രി തിരുമനസിനാല്‍ നടത്തിയ അയ്യപ്പ പ്രതിഷ്ഠാ മഹോത്സവത്തിന്റെ പ്രധാന സംഘാടകന്‍, കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സോമരാജന്‍ നായര്‍. പത്തനംതിട്ട സ്വദേശിയാണ്. ശ്യാമളാ നായര്‍ ഭാര്യയാണ്. മൂന്ന് മക്കള്‍.