കേശവദേവിന്റെ ശേഷിപ്പുകൾ ഇനി സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്‍ കയ്യിൽ സുരക്ഷിതം

സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേശവദേവ് രേഖാ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കേശവദേവിന്‍റെ പത്നി സീതാലക്ഷ്മിയിൽ‍ നിന്നും ചരിത്രരേഖകള്‍ സ്വീകരിച്ചാണ് മന്ത്രി പദ്ധതിക്ക് തുടക്കമിട്ടത്.മഹാന്‍മാരുടെ വീടുകളിലെത്തി അപൂര്‍വനിധികളായ രേഖകള്‍ കണ്ടെത്തി ചരിത്രസൂക്ഷിപ്പുകളായി അവയെ പ്രതിഷ്ഠിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കേശവദേവ് രേഖാസംരക്ഷണ പദ്ധതിയിലൂടെ അദ്ദേഹത്തിന്‍റെ കൈയെഴുത്ത് പ്രതികള്‍, കൈയൊപ്പ്, കത്തുകള്‍, പുസ്തകത്തിന്‍റെ കവര്‍ പേജുകള്‍, മാസികകള്‍, ലെറ്റര്‍ കവര്‍, പ്രസിദ്ധീകരണശാലയില്‍നിന്ന് കിട്ടിയ കത്തുകള്‍ തുടങ്ങി കേശവദേവിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നിരവധിരേഖകളാണ് പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടുന്നത്.

ദേവിന്‍റെ കൈപ്പടയിലുള്ള 40 പേപ്പറുകള്‍, കത്തുകളും സിവില്‍ കേസ് രേഖകളും ഉള്‍പ്പെടെ 125 പേപ്പറുകള്‍, രസീതുകള്‍, ബില്ലുകള്‍, ഇതര വിവരങ്ങള്‍ ഉള്‍പ്പെടെ 54 പേപ്പറുകള്‍, 12 പുസ്തകത്തിന്‍റെ കവര്‍ പേജുകള്‍, മൂന്ന് മാസികകള്‍, ആറ് ലെറ്റര്‍ കവര്‍, പ്രസിദ്ധീകരണശാലകളില്‍നിന്നു കിട്ടിയ 24 കത്തുകള്‍, 23 മാസികളുടെ പേജുകള്‍ എന്നിവയാണ് സംരക്ഷണത്തിനായി ഏറ്റെടുത്തത്. മുടവന്‍മുഗളില്‍ കേശവദേവ് ട്രസ്റ്റിന്‍റെ ഭാഗമായി ഉയരുന്ന “ദേവിന്‍റെ ലോകം’ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനായി ഈ രേഖകള്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെ സംരക്ഷിച്ച് കാലത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ളവയാക്കി മാറ്റും. സംരക്ഷണം ചെയ്യപ്പെടുന്ന രേഖകളുടെ ഡിജിറ്റല്‍ കോപ്പി വകുപ്പില്‍ ലഭ്യമാക്കി സൂക്ഷിക്കും. ആര്‍ക്കൈവ്സ് വകുപ്പിന്‍റെ “എഴുത്തോല’ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കേശവദേവിന്‍റെ മുടവന്‍മുഗളിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, ആര്‍കിടെക്ട് ശങ്കര്‍, ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു, ആര്‍ക്കൈവിസ്റ്റ് ആര്‍. അശോക്‌കുമാര്‍, സാംസ്കാരികവകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത, കേശവദേവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ, ഒഎന്‍വി കുറുപ്പിന്‍റെ വീട്ടില്‍നിന്നുള്ള ചരിത്രരേഖകളും സംരക്ഷണത്തിനായി വകുപ്പിനുവേണ്ടി മന്ത്രി സ്വീകരിച്ചിരുന്നു. പൊതുരേഖകളും സ്വകാര്യരേഖകളും കണ്ടെത്തി അവയുടെ പ്രാധാന്യം കണക്കാക്കി സംരക്ഷിക്കാനും അവ ശാസ്ത്രീയമായി സംരക്ഷിച്ച് തിരികെ നല്‍കാനുമുള്ള നടപടി വകുപ്പ് സ്വീകരിച്ചുവരികയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English