മേക്കാലടിപ്പാടത്ത് കന്നിക്കൊയ്ത്ത് കഴിഞ്ഞപ്പോള്‍ കറുമ്പിപ്പശു പാടത്ത് മേഞ്ഞു നടന്നു. പശു മേഞ്ഞുനടക്കുന്നതു കണ്ട വെള്ളകൊക്കമ്മ കറുമ്പിപ്പശുവിന്റെ അടുത്ത് പറന്നു വന്‍ബ്നിരുന്നു. കറുമ്പിപ്പശു തലയാട്ടി കൊക്കമ്മയോട് വിശേഷങ്ങള്‍ക്ക് ചോദിച്ചു:
കൊക്കമ്മ തവളക്കുളത്തില്‍ തവളകളെ പിടിച്ച കാര്യവും കുട്ടികള്‍ കല്ലു വലിച്ചെറിഞ്ഞപ്പോള്‍ അവിടെ നിന്ന് പറന്നു പോന്ന വിവരവും പറഞ്ഞു.
കറമ്പിപ്പശു പുല്ല് തിന്നുന്നതിനിടയില്‍ തലയാട്ടിക്കൊണ്ട് കൊക്കമ്മയുടെ വിശേഷങ്ങല്ലാം കേട്ടു. കറമ്പിപ്പശു കറവക്കാരന്റെ സ്നേഹമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും വിവരിച്ചു. ഇങ്ങനെ കറമ്പിപ്പശുവും കൊക്കമ്മയും പരസ്പരം അവരുടെ സുഖ ദു:ഖങ്ങള്‍ പങ്കുവെച്ചു.
കറമ്പിപ്പശു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് പുല്ലുതിന്നു നടന്നു. കൊക്കമ്മ പശുവിനോട് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് പശുവിനൊപ്പം നടന്നു. അങ്ങനെ നടന്നപ്പോള്‍ ഒരു മൃഗം അവരുറ്റെ നേരെ ഓടി വരുന്നതു കൊക്കമ്മ കണ്ടു. കൊക്കമ്മ ചോദിച്ചു.
‘ആ ഓടി വരുന്നത് എന്തു മൃഗമാണ്? ഇതുപോലെ ഒന്നിനെ ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?’
‘ഒരു പുലി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന് പറയുന്നതു കേട്ടു. അത് ആടിനെ പിടിച്ചു തിന്ന കാര്യം കറവക്കാരന്‍ വന്ന് എന്റെ വീട്ടമ്മയോട് പറഞ്ഞു. ഒരു പക്ഷെ പുലിയായിരിക്കാം. നമുക്ക് ഇവിടെ നിന്നു ഓടി പോകാം. അല്ലെങ്കില്‍ നമ്മളെ അവന്‍ ഉപദ്രവിച്ചാലോ?’ കറമ്പിപ്പശു പറഞ്ഞു.
‘എന്നാല്‍ പോകാം.’ എന്നു പറഞ്ഞ് കൊക്കമ്മ പറന്നു പോയി. കറമ്പിപ്പശു വീട്ടിലേക്ക് ഓടി. പോകുന്ന വഴി മാണിക്യമംഗലം ചിറയുടെ അടുത്ത് ഇരുമ്പു കമ്പികൊണ്ടുള്ള ഒരു വീടു കണ്ടു. ഈ കാഴ്ച കണ്ടിട്ടും കറമ്പിപ്പശു ശ്രദ്ധിക്കാതെ ഓടി വീട്ടില്‍ ചെന്നു.
പശുവിന്റെ പിന്നാലെ ആ മൃഗം ഓടി വരുന്നുണ്ടായിരുന്നു. അത് ആട് നിന്നു പ്ലാവിലതിന്നുന്നതു കണ്ടു. ആടിനെ തിന്നാനായി ഓടി ചെന്നു. ആടിനെ കടിച്ചു കൊന്നു. അപ്പോള്‍ ഒരു വലിയ ശബ്ദം കേട്ടു. അത് ഇരുമ്പു കൂട് അടഞ്ഞ ശബ്ദമായിരുന്നു. ആടിനെ എടുത്തു കൊണ്ട് പുറത്തു കടക്കാന്‍ നോക്കി. സാധിച്ചില്ല. പുലിയെ പിടിക്കാന്‍ വച്ചിരുന്ന കെണിയായിരുന്നു. വയനാട്ടില്‍ നിന്നും ഫോറസ്റ്റ് ഡിപ്പര്‍ട്ടുമെന്റുകാര്‍ കൊണ്ടു വന്നു വച്ച കെണി.
കെണിയില്‍ അകപ്പെട്ട പുലി പുറത്തു കടക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിനോക്കി. പരാജയപ്പെട്ടു. തലയില്‍ കൈവച്ച് കരഞ്ഞു.
നാട്ടിലെ കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കാന്‍ ആഗ്രഹം തോന്നിയതോര്‍ത്ത് വിലപിച്ചു.
മലയാറ്റൂര്‍ മലയിറങ്ങി നാട്ടില്‍ വന്ന പുലിയായുരുന്നു അത്. നാട്ടില്‍ മനുഷ്യരെ കണ്ടു. മനുഷ്യരുടെ കണ്വെട്ടത്തു നിന്നു പുലി ഒഴിഞ്ഞ് മാറി നടന്നു. വീടികളില്‍ വളര്‍ത്തിയിരുന്ന ആടുകളെ രാത്രി കാലങ്ങളില്‍ പിടിച്ചു തിന്നു. മേക്കാലടിയിലെ ഒരു വീട്ടിലെ ആടിനെ പിടിച്ചു തിന്ന സ്ഥലത്ത് പുലിയുടെ കാല്പാടു കണ്ടു. നാട്ടുകാര്‍ വിവരം ഫോറസ്റ്റ് ഡിപ്പര്‍ട്ടുമെന്റില്‍ അറിയിക്കുകയായിരുന്നു. അവര്‍ വന്നു നോക്കി. പുലിയെ പിടിക്കാന്‍ എവിടെയോ കെണിയൊരുക്കി.
കെണിയില്‍ വീണ പുലി കാഴ്ചകള്‍ കണ്ട് കറങ്ങി നടക്കാന്‍ ആഗ്രഹിച്ചത് വിനയായല്ലോ എന്നോര്‍ത്ത് വിലപിച്ചു.
പരിധി വിട്ടുള്ള ആഗ്രഹം ആപത്താണ്.