കഴുതക്കൊമ്പ്

kazhutha-1ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ഉണ്ണീ മേരി ടീച്ചര്‍ ഒരു ദിവസം കുട്ടികളുടെ മുന്നിലേക്ക് അഴിച്ചു വിട്ട നിരുപദ്രവകാരികളായ ഒരു പറ്റം ചോദ്യങ്ങളിലൊന്ന് ‘ കഴുതക്കൊമ്പി ‘ലാണ് ചെന്നു ചുറ്റിയത് !

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പേരു പറയാമോ എന്നായിരുന്നു ചോദ്യം . ആട്, മാടെന്നൊക്കെയായിരുന്നു കുട്ടികളുടെ മറുപടി. കൂട്ടത്തില്‍ ആരും പറയാതിരുന്ന ഒരു മൃഗം അലക്കുകാരന്‍ കിട്ടുണ്ണിയുടെ മകന്റെ വായില്‍ നിന്നും ഗുരുതരമായ പരുക്കുകളോടെ പുറത്തു ചാടി – ‘ കയിത’.

ഓ നീയാ കിട്ടുണ്ണിയുടെ മകനാണല്ലേ എന്നു മനസില്‍ വിചാരിച്ചുകൊണ്ട് ടീച്ചര്‍ തിരുത്തി.

”കഴുത, നോക്കു ഈ കുട്ടിയുടെ വീട്ടില്‍ കഴുതയെ വളര്‍ത്തുന്നുണ്ട് ”

എന്നിട്ട് മറ്റു കുട്ടികളോടായി ഇങ്ങനെ ചോദിച്ചു ” നിങ്ങള്‍ കഴുതയെ കണ്ടിട്ടുണ്ടോ?”

ഇല്ല എന്നായിരുന്നു കുട്ടികളുടെ കൂട്ടത്തോടെയുള്ള മറുപടി.

” എങ്കില്‍ , കുട്ടി ഇവര്‍ക്ക് കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന കഴുതയെക്കുറിച്ച് പറഞ്ഞു കൊടുക്കു”
കുട്ടി അഭിമാനത്തോടെ എണീറ്റു നിന്നു.

” കയിത ബേ…ബേ എന്ന് അക്റും വായീ കയ്യിറ്റാ അയ് കടിച്ചും പയത്തൊലി തിന്നും”

അത്രയും പറഞ്ഞിട്ട് അവന്‍ അവസാനിപ്പിച്ചതായിരുന്നു , പക്ഷെ ഉണ്ണിമേരി ടീച്ചര്‍ വിട്ടില്ല.

” പറയൂ പറയൂ പിന്നെന്തൊക്കെയാണ് കഴുതയെക്കുറിച്ച് കുട്ടിക്ക് അറിയാവുന്നത്?”

കുട്ടി അവന്റെ ചപ്രത്തല മാന്തി ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നെ ആഹ്ലാദത്തോടെ ഇങ്ങനെ പറഞ്ഞു ” കയിത കുത്തും”.

മറ്റു കുട്ടികള്‍ ഭയത്തോടെ അവന്റെ മുഖത്തേക്കു നോക്കിയിരിക്കെ ഉണ്ണി മേരി ടീച്ചര്‍ ആശ്ചര്യം ഭാവിച്ചു കൊണ്ടൂ ചോദിച്ചു.

” അതിന് കുട്ടിയുടെ കഴുതക്കു കൊമ്പുണ്ടോ?”

” ഉം ” അവന്‍ നാലുവട്ടം തലയാട്ടി.

ഉണ്ണിമേരി ടീച്ചര്‍ ചെറുതായൊന്നു വിയര്‍ത്തു.

” എത്ര കൊമ്പുണ്ട്?” കുട്ടിയുടെ അടുത്ത് ചെന്ന് ചെവിയോളം കുനിഞ്ഞ് ശബ്ദം താഴ്ത്തി ടീച്ചര്‍ ചോദിച്ചു.
” മൂഞ്ഞ് , മൂഞ്ഞെണ്ണമുണ്ട് ” കുട്ടി മൂന്നു വിരലുകള്‍ നിവര്‍ത്തി കാണിച്ചു.

ഇപ്പോള്‍ ടീച്ചര്‍ ശരിക്കും വിയര്‍ത്തു. സാരിത്തുമ്പുകൊണ്ടൂ വിയര്‍പ്പു ഒപ്പി ടീച്ചര്‍ ഒന്നു നിവര്‍ന്നു നിന്നു.

” കുട്ടി അത് ചെവികളായിരിക്കും . അതും രണ്ടെണ്ണം. രണ്ടു ചെവികള്‍ ഏതു കഴുതക്കും ഉണ്ടായിരിക്കും”

അപ്പോള്‍ കുട്ടി പറഞ്ഞു.

” ചെവീം ഇണ്ട്” അവന്‍ രണ്ടു വിരലുകള്‍ നിവര്‍ത്തിക്കാണിച്ചു ” രണ്ടെണ്ണം ”

ഇപ്പോള്‍ ടീച്ചര്‍ക്ക് ശകലം ആശയ കുഴപ്പം. കുട്ടി പറയുന്നത് ശരിയാണോ? കഴുതകള്‍ക്ക് കൊമ്പുണ്ടോ ഇല്ലയോ എന്നൊന്നും താനിതുവരെ ശ്രദ്ധിച്ചിട്ടില്ലല്ലോ. ചിലപ്പോള്‍ കൊമ്പുകള്‍ പോലെ വല്ല വിശേഷാവയവവും ഉണ്ടായിരിക്കുമോ ? ടീച്ചറുടെ മനസ്സില്‍ സംശയത്തിന്റെ ഇരുള്‍ പരന്നു.
ടീച്ചര്‍ വേഗം സ്റ്റാഫ് റൂമിലേക്കു ചെന്നു . ചെന്നപാടെ ബോധനോപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അലമാര തുറന്ന് മൃഗപടങ്ങള്‍ എടുത്തു നിവര്‍ത്തി . കങ്കാരു, ജിറാഫ് , കണ്ടാമൃഗം , കഴുതപ്പുലി തുടങ്ങിയ സകലമൃഗങ്ങളും ഉണ്ട്. കഴുതമാത്രം ഇല്ല. ടീച്ചര്‍ക്ക് കരച്ചില്‍ വന്നു. ഇനിയിപ്പോള്‍ എന്താണൊരു മാര്‍ഗം ?

ടീച്ചറങ്ങനെ വിഷമിച്ചു നില്‍‍ക്കുമ്പോഴാണ് എട്ട് – ബിയിലെ മണികണ്ഠന്റെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടത് ഒരുത്തനെ വിളിച്ച് കാര്യമെന്താണെന്നു തിരക്കി.

” അത് അവന്‍ ഒരു ചിത്രം വരച്ചത് കാണിക്കുവാരുന്നു ” കുട്ടി പറഞ്ഞു .

” കഴുതയുടെ ചിത്രമാണോ ?” ടീച്ചര്‍ പെട്ടന്ന് ചോദിച്ചു.

” അല്ല കുട്ടിച്ചാത്തന്‍‍ കുതിരപ്പുറത്തിരിക്കണ ചിത്രം ” ടീച്ചറുടെ മുഖം മങ്ങി.

” ഉം… പൊയ്ക്കോ പിന്നെ അവനെയിങ്ങോട്ടു വിളീക്ക് ” ടീച്ചര്‍ വിളിച്ചതറിഞ്ഞ് മണീകണ്ഠന്‍ ഓടിയെത്തി.

” എവിടെ നിന്റെ ചിത്രം? ഞാനൊന്നു കാണട്ടെ ”

ടീച്ചര്‍ ചിത്രം വാങ്ങി നോക്കി. കൊമ്പും വാലും കുന്തവുമായി കുതിരപ്പുറത്തിരിക്കുന്ന കുട്ടിച്ചാത്തനെ കഴുതപ്പുറത്തിരുത്താന്‍ അവനു തോന്നിയില്ലല്ലോ എന്നോര്‍ത്ത് ടീച്ചര്‍ ഖേദിച്ചു. പിന്നെ ആ ഖേദം തീര്‍ക്കാനെന്നോണം ടീച്ചര്‍ ചോദിച്ചു.

” എന്താടാ ഇത്? കഴുതയെപ്പോലുണ്ടല്ലോ?”

‘ ടീച്ചര്‍ അത് കഴുതയാണ് ” മണികണ്ഠന്‍ അഭിമാനത്തോടെ പറഞ്ഞു.

മതിയോ പുലിവാല്‍?

മൂന്നും മൂന്നും എത്രയാണെന്ന ചോദ്യത്തിന് ആറുവിധം മറുപടി പറഞ്ഞ് ചരിത്രമുള്ള മണികണ്ഠന്റെ കൈയില്‍ ചിത്രം മടക്കിക്കൊടുത്ത് ടീച്ചര്‍ ഒരു വിധം തലയൂരി.

പെട്ടന്ന് ടീച്ചര്‍ക്കൊരു ബുദ്ധി തോന്നി. നാരായണന്‍ കുട്ടി മാഷെ കൊണ്ട്‍ ഒരു കഴുതയുടെ ചിത്രം വരപ്പിച്ചാലോ?

ടീച്ചറ്റ് വേഗം ഡ്രോയിംഗ് ടീച്ചറായ നാരായണന്‍ കുട്ടി മാഷെ ചെന്നു കണ്ടു.

” മാഷെ , കഴുതയുടെ ഒരു ചിത്രം വേണമല്ലോ വിഷ്വല്‍സ് എയ്ഡ്സായി ഉപയോഗിക്കാനാണ്”
” കഴുതയോ?” നാരായണങ്കുട്ടി മാഷ് തെന്റെ കഷണ്ടിത്തല തടവിക്കൊണ്ട് ടീച്ചറേ ഒന്നു തുറിച്ചു നോക്കി.

‘ അതിന് ആ അലക്കുകാരന്റെ കഴുതക്കുട്ടിയെ അവന്റെ ചെറുക്കനോട് ഒരു ദിവസം കൊണ്ടു വരാന്‍ പറഞ്ഞാല്‍ മതിയല്ലോ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ”

ആ ഏടാം കൂടം പിടിച്ച കഴുതയുടെ ‘ കൊമ്പില്‍’ കുരുങ്ങിക്കിടക്കുകയാണ് പാവം ടീച്ചറെന്ന് അങ്ങേരുണ്ടോ അറിയുന്നു.

” ഓ അതിന്റെയൊന്നും ആവശ്യമില്ല. മാഷ് ചുരുക്കത്തിലൊന്ന് വരച്ചു തന്നാല്‍ മതി” ടീച്ചര്‍ കടലാസെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു.
” പിന്നെ ഞാന്‍ പല ജാതി മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും കഴുതയുടെ ചിത്രം വരച്ചതായി ഓര്‍ക്കുന്നില്ല. അതുകൊണ്ട് ചിലപ്പോള്‍ കഴുതക്ക് ഇല്ലാത്ത ചില അവയവങ്ങളൊക്കെ ചിത്രത്തില്‍ കണ്ടെന്നു വരാം. മറിച്ചും സംഭവിക്കാം. സത്യം പറഞ്ഞാല്‍ കഴുതയുടെ ശരിക്കുള്ള രൂപം എന്റെ മനസില്ല ” – മാഷ് പേപ്പര്‍ വാങ്ങിക്കൊണ്ടു പറഞ്ഞു.

പാപി പോണേടം പാതാളമാണല്ലോ എന്നോര്‍ത്ത് ടീച്ചര്‍ സ്വയം ശപിച്ചു.

” ഏതായാലും കഴുതപോലൊരണ്ണം വരക്കാം കുട്ടികള്‍ ചിലപ്പോള്‍ കുതിരയാണെന്നൊക്കെ പറഞ്ഞേക്കാം ടീച്ചര്‍ കഴുതയാണന്നെങ്ങട്ട് ഉറപ്പിച്ചു പറഞ്ഞാല്‍ മതി”

മുന്‍കൂര്‍ ജാമ്യം ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം ചിത്രം വരക്കാന്‍ തുടങ്ങി.

ടീച്ചര്‍ ആകാംക്ഷയോടെ നോക്കി നിന്നു.

അതാ തല വരച്ചു തുടങ്ങി. തലയുടെ ഇരുഭാഗത്തും ചെവി പോലൊരെണ്ണം വരച്ചശേഷം അദ്ദേഹം നേരെ വാലിലേക്കൊരു ചാട്ടം.

” ഇതെന്താണു മാഷെ കൊമ്പോ?” – ചെവിയുടെ നേരെ വിരല്‍ ചൂണ്ടി ടീച്ചര്‍ ചോദിച്ചു. കൊമ്പിന്റെ ഉള്ളുകള്ളിയറിയാനാണ് ടീച്ചര്‍ അങ്ങിനെ ചോദിച്ചത്.

” ഇത് ചെവി പിന്നെ, കഴുതക്ക് കൊമ്പുണ്ടോ?” മാഷ് ചിത്രത്തില്‍ നിന്നും മുഖമുയര്‍ത്തി ടീച്ചറെ നോക്കി.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ പാവം ടീച്ചറൊന്നു ഞെട്ടി. പിന്നെ ആ ഞടുക്കം പുറത്തു കാണിക്കാതെ ഒരു ചിരി കൊണ്ടു പൊതിഞ്ഞു . വാസ്തവത്തില്‍ അപ്പോള്‍ ടീച്ചര്‍ കരയുകയായിരുന്നു.

ടീച്ചറുടെ ചിരിയില്‍ നാരായണന്‍ മാഷും പങ്കുകൊണ്ടു.

” ഏതു കഴുതക്കാ ഇപ്പോള്‍ കൊമ്പില്ലാത്തത് അല്ലേ?” – ചിരിയുടെ അവസാനം അദ്ദേഹം അഭിപ്രായപ്പെട്ടു.

നാരായണ്‍ കുട്ടി മാഷ് വരച്ചു കൊടുത്ത ചിത്രവുമായി ടീച്ചര്‍ ക്ലാസിലേക്കു നടന്നു. അപ്പോള്‍ ബയോളജി പഠിപ്പിക്കുന്ന ഗോപാലന്‍ മാഷ് എതിരെ വരുന്നതു കണ്ടു.

” എന്താ കയ്യില്‍ ?’ അടുത്തെത്തിയപ്പോള്‍‍ മാഷ് ചോദിച്ചു.

” നമ്മുടെ നാരായണന്‍ കുട്ടി മാഷ് വരച്ച ഒരു ചിത്രമാണ് ” – ടീച്ചര്‍ അത് നിവര്‍ത്തി കാണിച്ചു.

കഴുതയോ അതോ കുതിരയോ എന്നഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹം ചിത്രം വാങ്ങി നോക്കി.

” സര്‍ കഴുതക്ക് കൊമ്പുണ്ടോ?”

വരുന്നതു വരെട്ടെ എന്നു കരുതി ടീച്ചര്‍ ചോദിച്ചു. ഇപ്പോള്‍‍ ഞടുങ്ങിയത് ഗോപാലന്‍ മാഷാണ്.

” കൊമ്പുണ്ടോ എന്നുചോദിച്ചാല്‍ …അതിപ്പോള്‍‍ …അല്ല ആ കിട്ടുണ്ണിയുടെ ചെക്കനെ വിളിച്ചു ചോദിച്ചാല്‍ മതിയല്ലോ”

മാഷ് ഒരു ഒരു പിടി വള്ളികിട്ടിയ ആശ്വാസത്തോടെ പെട്ടന്ന് പറഞ്ഞു.

‘ അവന്‍ പറയുന്നത് കൊമ്പ് മൂന്നെണ്ണമുണ്ടെന്നാണ്”

” ഉവ്വോ അവന്‍ അങ്ങനെ പറഞ്ഞോ ? എങ്കില്‍ ശരിയായിരിക്കും. പിന്നെ മൂന്നെണ്ണം എന്നു പറഞ്ഞത് രണ്ടു ചെവികളെയും കൂട്ടിയായിരിക്കും എന്തായാലും സംശയം വേണ്ട. ഉച്ചക്കു ഞാനാ അലക്കുകാരന്റെ കഴുതയെ ഒന്നു കണ്ടേച്ചു വരാം”

ടീച്ചര്‍ക്കു സമാധാനമായി.

അന്നുച്ചക്കു തന്നെ ഗോപാലന്‍ മാഷ് അലക്കുകാരന്‍ കിട്ടുണ്ണിയുടെ വീട്ടിലേക്കു ചെന്നു . മാഷ് ചെല്ലുമ്പോള്‍ കിട്ടുണ്ണീ ഉമ്മറക്കോലായില്‍ ഇരുന്ന് നെഞ്ചത്തറഞ്ഞ് അലമുറയിടുന്നതാണ് കണ്ടത്.

” എഞാ കിട്ടുണ്ണി എന്തു പറ്റി?”

” മാഷേ ഇനി എന്തു പറ്റാനാണ്? എന്റെ കിട്ടനെ നരി പിടിച്ചു”

കിട്ടുണ്ണി കരച്ചിലിന് ആക്കം കൂട്ടിക്കൊണ്ടു പറഞ്ഞു.

എന്തു പറയണമെന്നറിയാതെ ഗോപാലന്‍ മാഷ് അന്തം വിട്ടു നില്‍ക്കെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് എന്തോ താങ്ങികൊണ്ടു വരുന്നത് കണ്ടു. അപ്പോഴേക്കും അയല്പക്കക്കാരും അവിടെയെത്തി.

” നരിയെ വെടി വച്ചു കൊന്നു. കഴുതയുടെ ശവം കിട്ടിയിട്ടുണ്ട്” താങ്ങിക്കൊണ്ടു വന്ന ചാക്കുകെട്ട് മുറ്റത്തിറക്കി വച്ചു കൊണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ അറിയിച്ചു.

ചെറുപ്പക്കാര്‍ സ്ഥലം വിട്ടപ്പോള്‍ ആരോ ഒരാള്‍ വന്ന് ചാക്കിന്റെ കെട്ടഴിച്ചു. അതിനകത്ത് കഴുതയുടെ ശവമായിരുന്നു.

ശവത്തെ ചാക്കിനകത്തു നിന്നും പുറത്തെടുക്കുമ്പോള്‍ ഗോപാലന്‍ മാഷുടെ ശ്രദ്ധ മുഴുവന്‍ തലഭാഗത്തായിരുന്നു. പക്ഷെ ചാക്കിനകത്തു നിന്നും തലമാത്രം പുറത്തു വന്നില്ല.

” തലയെവിടെ?” മാഷ് സ്വയം മറന്ന് തെല്ലുറക്കെതന്നെ ചോദിച്ചു.
” നരി തിന്നു കാണും” അടുത്തു നിന്ന ഒരാള്‍ പറഞ്ഞു. ഉടനെ വേറൊരാള്‍ തിരുത്തി.
‘ കഴുതക്കെവിടുന്നാ മാഷേ തല ? തലയുണ്ടെങ്കില്‍ പിന്നെ കഴുതയാകില്ലല്ലോ!”
അത് ശരിയണല്ലോ എന്ന് മാഷ് ഒരു വെളിപാടു പോലെ ഓര്‍ത്തു.

മാഷ് പിന്നെ അവിടെ നിന്നില്ല

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English