എൻ്റെ കഴു മരണം നിൻ്റെ ചൊടി ഇണകളെ
മൗനത്തിൻ മുദ്രയാൽ കൊല്ലും വരേയ്ക്കും
നിൻ്റെ ചങ്കെൻ്റെ അക കണ്ണിൽ തെളിഞ്ഞിടും.
കല്ലിൽ തഴമ്പിച്ച നിൻ കര സ്പർശം ഈ-
കമ്പി അറയിൽ തട്ടി പൊടിയുന്നുവെങ്കിലും
മൈലുകൾക്കപ്പുറം നിന്നെൻ്റെ കൺകളിൽ
തെളിയുന്നു നീ; എൻ്റെ മരണം നിൻ ചുണ്ടിനെ
മൗനം കുടിപ്പിച്ചു കൊല്ലുന്നതിന് മുൻപ്
പ്രിയ സഖേ, ഒരു വട്ടം, ഒരു വട്ടം നീ എൻ്റെ
ഹൃദ് ജാലകത്തിലൂടൊന്നു നോക്കൂ..
ദൂരെ തണുത്തു വിറച്ച ശിഖരങ്ങളിൽ
ചേക്കേറും പക്ഷികൾ തലചായ്പ്പിടത്തിനായ്
കലഹിച്ചു കൊണ്ടേയിരിക്കുന്നു;
താഴെയോ, വികസനത്തിൻ്റെ ബുൾഡോസറുകൾ
ഗർജ്ജിച്ചു തുപ്പുന്ന രാത്രി സംഗീതത്തിൽ
പുറമ്പോക്കു കുടിലുകൾ, അവയിലെ പ്രാണനുകൾ
പുലരികൾ പുലരുന്ന സ്വപ്നങ്ങൾ സ്ത്രീകളായ്
നാഗരികതയിലേക്കെറിയപ്പെടുന്നു;
പുരോഗതി പഞ്ചനക്ഷത്ര കുടികളിൽ
പുതുരാഷ്ട്ര പുനർജനിതൻ പുകച്ചിരുളിലുയരുന്നു..
തെളി ഊറ്റി ഇരുൾ പൂണ്ട കൺപൂവിൽ ഒരു മറു
തെളിച്ചം കുത്തിവക്കുന്നു;
പുതുകാഴ്ച പുതു ഭൂമി ഉണരുന്നു, യജ്ഞങ്ങൾ
പുകയുന്ന ചൂള മന്ത്രങ്ങൾ ഉരുക്കുന്നു,
ഉയരുന്നു പുതുമ തൻ നഗരം, പുറമ്പോക്കിൽ
ഉണരുന്നു ശവ ഭൂമി; തീ കെടാ ചിതകളിൽ
മൗനം വിലങ്ങിട്ട വാക്കിലും രണ ഭേരി,
വന്യം ധ്വനിക്കുന്നു നിന്നുൾ തുടിയിലും.
കാണുക, ഒരു മാത്ര, മാത്രം എൻ കനവിൻ്റെ
കണികക്കുടത്തിലൂടിവ എൻ്റെ സഹചര.
പടിവാതുക്കൽ എൻ കഴുജാലകങ്ങളും
പറിയും പദസ്വനം, പോക നാം അസ്തമയ-
സൂര്യൻ്റെ കരൾ താണ്ടി ഇരുൾ താണ്ഡവത്തിൻ്റെ
നദി നീന്തി എൻ കൂടെ വരിക നീ, കാണുക:
ഭൂവുണ്ട് മുലയറയിൽ തെളി നീരുവറ്റാത്ത
കയ്യ്കാലുകൾ ഹൃദ്‌ചിലമ്പൊലിയിൽ ആടുന്ന
വാക്കുകൾ കല്പനയിൽ വിലങ്ങു വിളക്കാത്ത
ഹൃദ്ഭിത്തിയെ മതം മതിലാക്കി മാറ്റാത്ത
ഒറ്റപ്പെടുത്തലിൻ ജീവ ശാസ്ത്രങ്ങളിൽ
മാറ്റം വിതച്ചു സമാജം കരുത്തുറ്റ
മാത്സര്യം കാർന്നു ഹനിച്ച കോശങ്ങളിൽ
വാത്സല്യ സഹകാരി ഉയിർ ഉണർത്തീടുന്ന
ചേക്കേറും കിളിയെ സ്വജീവനായ് കരുതുന്ന
ചേമ്പിലക്കണ്ണിലും വിസ്മയം വിടരുന്ന
കഴു മരങ്ങൾ ജീവ വൃക്ഷമായ് പൂക്കുന്ന
കരുതലിൻ വിരൽ ജീവ തേരുരുൾ കാക്കുന്ന
നിത്യേന നിനവുകൾ നിറയെ നിറമേറുന്ന
നിരതമാം ഭൂവിലെക്കൊന്നായി പോക നാം.
കറ പൂണ്ട കരൾ താണ്ടി ഇരുൾ താണ്ഡവത്തിൻ്റെ
കടൽ നീന്തി എൻ കൂടെ വരിക നീ, പോക നാം
നമ്രമാം കനവുകൾ പടവുകൾ പാകുന്ന
കമ്രമാം ഭൂവിലെക്കൊന്നായി പോക നാം.