കാഴ്ചക്കാര്‍

kazhchaka

 

സമയത്തിനു വരാനാകില്ലെങ്കില്‍ ഇനി വരേണ്ട എന്ന് ഓട്ടോറിക്ഷക്കാരനോടു തറപ്പിച്ചു പറഞ്ഞിട്ട് ലതിക ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍, രാവിലെ തിമിര്‍ത്തു പെയ്ത മഴയുടെ ഓര്‍മക്കുറിപ്പുകള്‍ പോലെ മഴത്തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു. സാരിത്തലപ്പു കൊണ്ട്, തന്നേ മെല്ലെ പൊതിയുന്ന മഴയെ തടുക്കുവാനൊരു വിഫല ശ്രമം നടത്തി ഓഫീസിലേയ്ക്ക് കയറുമ്പോള്‍ തന്നെ, ചിത്രയും വിനോദുമായുള്ള വഴക്കിന്‍റെ അലയൊലികള്‍ ലതികയുടെ കാതുകളില്‍ പതിഞ്ഞു.

വന്നു കയറിയ പാടെ ഒന്നും രണ്ടും പറഞ്ഞു വഴക്കിടാനുള്ള ഭാവത്തിലാണ് ചിത്ര എന്ന് മനസിലാക്കിയത് കൊണ്ട്, സിസ്റ്റം ഓണ്‍ ചെയ്തു മിണ്ടാതെ ഇരിക്കുകയായിരുന്നു വിനോദ്. എന്നിട്ടും ഇങ്ങോട്ട് വന്നു തലേന്ന് ബാക്കി വെച്ച പരാതികളുടെ ഭാണ്ഡം കെട്ടഴിച്ചു തുടങ്ങിയപ്പോള്‍ വിനോദിന്റെ നിയന്ത്രണം വിട്ടു പോയി. അയാളുടെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോഴായിരുന്നു ലതിക അങ്ങോട്ടേയ്ക്ക് വന്നത്. ഒരു ചെറു ചിരിയോടെ വിനോദിനെ വിളിച്ചു അടുത്തിരുത്തി അറ്റെന്‍ഡന്‍സ്‌ രജിസ്റ്റെര്‍ എടുത്തു കൈയില്‍ കൊടുത്തു തല്കാലത്തേയ്ക്ക് ആ വഴക്ക് ലതിക അവസാനിപ്പിച്ചു. രജിസ്റ്ററിലെ ഒഴിഞ്ഞു കിടക്കുന്ന കോളം കണ്ടപ്പോഴാണ് ഹരി ഇനിയും എത്തിയിട്ടില്ലല്ലോ എന്ന് ലതിക ശ്രദ്ധിച്ചത്. സാധാരണ വന്നു കയറുമ്പോള്‍ തന്നെ അവന്‍റെ വക ഒരു ഗുഡ്മോര്‍ണിംഗ് പതിവുള്ളതാണ്. ഒന്നിരുന്നപ്പോഴേയ്ക്കും ചേച്ചി ചായയുമായി എത്തി. ഓഫീസിലെ തിരക്ക് തുടങ്ങുകയായി. ഇടയ്ക്കെപ്പോഴോ തോര്‍ന്നു നിന്ന തുലാമഴ പുറത്ത് പിന്നെയും പെയ്തു തുടങ്ങിയിരുന്നു.

രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചു കൊണ്ടാണ് ഹരി ട്രെയിനില്‍ ഓടിക്കയറിയത്‌. മഴ കാരണം ഇന്ന് ട്രിച്ചി പാസ്സെന്‍ജര്‍ കിട്ടിയില്ലെന്ന് മാത്രമല്ല ആകെ നനഞ്ഞു നാശമായി. ശശിയേട്ടനും സുമേഷുമെല്ലാം പാസ്സെന്‍ജറില്‍ പോയിട്ടുണ്ടാവണം. മീനാക്ഷിയോടും രാവിലെ വെറുതെ വഴക്കിട്ടു. നിനച്ചിരിക്കാതെ രാവിലെ തന്നെ മഴയെത്തിയത്തിനു പാവം അവളെന്തു പിഴച്ചു. താമസിച്ചതിനു ഇനി ഓഫീസില്‍ എന്തൊക്കെ പുകിലുകളാണാവോ; ഒന്നു വിളിച്ചു പറയാമെന്നു വച്ചാല്‍ ഫോണില്‍ ചാര്‍ജുമില്ല. താമസിച്ചതിനുള്ള ലതികാ മാഡത്തിന്റെ പരിഭവം, ഒരു പൊതി പലഹാരത്തില്‍ ഒതുക്കാം എന്ന് ഒരു ചിരിയോടെ ഓര്‍ത്തുകൊണ്ട് ഹരി ബാഗില്‍ നിന്നും പാതി നനഞ്ഞ പത്രം നിവര്‍ത്തി.

ക്യാബിന്‍റെ വാതില്‍ മെല്ലെ തുറന്നു കൊണ്ട് അംഗവിക്ഷേപങ്ങളോടെ വരുന്ന ഡീയെമ്മിനെ നോക്കി, ഊറി ചിരിച്ചുകൊണ്ട് അരികെ നിന്ന വിനോദിനോട്‌ ലതിക പറഞ്ഞു, ‘ദാ നിന്‍റെ ദോശചേട്ടന്‍ വരുന്നുണ്ട്’! താന്‍ മനസ്സില്‍ കരുതുന്ന കാര്യങ്ങളെല്ലാം തന്നെ, അത് എത്ര അപ്രായോഗികമാണെങ്കിലും, ദോശ ചുട്ടടുക്കുന്ന വേഗത്തില്‍ നടന്നു കിട്ടണം എന്ന ദുര്‍വാശി അയാള്‍ക്ക്‌ ചാര്‍ത്തിക്കൊടുത്ത പേരായിരുന്നു അത്. വന്ന പാടെ ഹരിയെവിടെ എന്നായിരുന്നു അയാള്‍ക്ക്‌ അറിയേണ്ടിയിരുന്നത്. ഏതോ ഒരു ഫയല്‍ രാവിലെ തന്നെ കാബിനില്‍ എത്തിയ്ക്കാമെന്നു ഹരി അയാളോട് പറഞ്ഞിരുന്നത്രെ. എനിയ്ക്കറിയില്ലേ എന്ന മട്ടില്‍ ഫയലില്‍ തല പൂഴ്ത്തി ഇരുന്നതല്ലാതെ വിനോദും ഗായത്രിയും ഒന്നും മിണ്ടിയില്ല. താമസിക്കുമെങ്കില്‍ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ ഇവനെന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് ലതിക ഡീഎമ്മിന്‍റെ ഒപ്പം ക്യാബിനിലെയ്ക്ക് നടന്നു. മാഡത്തിന്‍റെ പരിഭവം തീര്‍ക്കുവാന്‍ എന്തെങ്കിലും പലഹാരങ്ങളുമായി ഹരി ഇപ്പോള്‍ വരുമെന്ന് പറഞ്ഞു ഗായത്രിയും വിനോദും മെല്ലെ ചിരിച്ചു.

ട്രെയിന്‍ എട്ടിമട എത്തിയപ്പോഴാണ് ഹരിയ്ക്കു ഒന്നിരിയ്ക്കാന്‍ പറ്റിയത്. പുറത്ത് അപ്പോഴും മഴ ചെറുങ്ങനെ പെയ്യുന്നുണ്ടായിരുന്നു. പത്രത്തിന്‍റെ കോണില്‍ മഴ മായ്ച്ചു തുടങ്ങിയിരുന്ന ആ വാര്‍ത്താശകലം അപ്പോഴാണ്‌ ഹരിയുടെ കണ്ണില്‍ പതിഞ്ഞത്. ആ വാര്‍ത്തയുടെ കൂടെ കൊടുത്തിരുന്ന തിളക്കം മങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലെ മുഖം തനിയ്ക്കു പരിചിതമാണല്ലോ എന്ന തിരിച്ചറിവാണ് അയാളുടെ ശ്രദ്ധ അതിലേയ്ക്ക് തിരിച്ചു വിട്ടത്. തന്‍റെ കൃഷിയിടത്തില്‍ കയറിയ കാട്ടാനക്കൂട്ടത്തെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ആനക്കൂട്ടം ചവിട്ടി മെതിച്ച പളനിസ്വാമിയായിരുന്നു അത്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് തന്‍റെ മുന്നിലിരുന്നു വിതുമ്പിയ ആ വൃദ്ധന്‍റെ രൂപം ഹരിയുടെ മനസ്സില്‍ മെല്ലെ തെളിഞ്ഞു വന്നു.

പല തവണയിട്ടു പിഞ്ഞി തുടങ്ങിയ ഒരു വെളുത്ത കുപ്പായവും, മുഷിഞ്ഞ ഒരു ഒറ്റമുണ്ടുമായിരുന്നു അയാളുടെ വേഷം. സത്യമംഗലത്തിനടുത്ത് താലവാടി എന്ന ഗ്രാമത്തിലായിരുന്നു അയാള്‍ താമസിച്ചിരുന്നത്. കന്നഡയും തമിഴും ഇടകലര്‍ന്ന ഭാഷ. ബാങ്കില്‍ നിന്നും വാങ്ങിയ കടം തിരിച്ചടയ്ക്കുവാന്‍ അല്പം കൂടി സാവകാശം വേണം എന്നു അപേക്ഷിക്കുവാന്‍ വന്നതായിരുന്നു ആ മനുഷ്യന്‍. നിറഞ്ഞ കണ്ണുകളോടെ, ആനകള്‍ തന്‍റെ കൃഷിയിടത്തിലെ സ്ഥിരം വിരുന്നുകാരായ കാര്യങ്ങളെല്ലാം അയാള്‍ ഹരിയോട് വിവരിച്ചിരുന്നു. ആരാലും ക്ഷണിക്കപെടാതെ കാടിറങ്ങിയെത്തുന്ന ആ അതിഥികള്‍ തന്‍റെ പ്രിയപ്പെട്ട വാഴകളും കരിമ്പുമെല്ലാം തിന്നു മദിക്കുമ്പോള്‍ ഒരു കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കുവാന്‍ മാത്രമേ അയാള്‍ക്ക്‌ ‌ കഴിയുമായിരുന്നുള്ളൂ. പടക്കം പൊട്ടിച്ചും പന്തമെറിഞ്ഞും ആനകളെ തുരത്തുവാന്‍ അയാള്‍ ശ്രമിച്ചുവെങ്കിലും, സന്ധ്യ മയങ്ങുമ്പോള്‍ കാടിറങ്ങി ആനകള്‍ പിന്നെയും വന്നുകൊണ്ടേയിരുന്നു.

പളനിസ്വാമി പറഞ്ഞ കാര്യങ്ങളെല്ലാം കടം തിരിച്ചടയ്ക്കാതിരിക്കാനുള്ള ഒരു അടവായി മാത്രമേ അപ്പോള്‍ ഹരി കണ്ടിരുന്നുള്ളൂ. അത് കൊണ്ട് തന്നെയാണ് അയാള്‍ തന്ന അപേക്ഷ ചവറ്റു കുട്ടയില്‍ നിക്ഷേപിച്ചിട്ടു, അയാളുടെ മേല്‍ കോടതി നടപടികള്‍ ആരംഭിക്കുവാന്‍ കുറിപ്പെഴുതി ഫയല്‍ ഹരി, ലതികാ മാഡത്തിനു ഫോര്‍വേഡ് ചെയ്തത്. തന്‍റെ ഫയലിലെ ഒരു പേര് മാത്രമായി താന്‍ കണ്ട ആ വൃദ്ധന്റെ കണ്ണീരിനു തന്‍റെ ബാലന്‍സ്ഷീറ്റിലെ കണക്കുകള്‍ക്കപ്പുറം വിലയുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവനെ തളര്‍ത്തി.

തന്‍റെ മേശപ്പുറത്തിരുന്ന ഫയലുകളെല്ലാം ചിക്കിപ്പരതുന്ന ഹരിയോട് തെല്ല് അരിശത്തോടെയാണ് ലതിക കാര്യം തിരക്കിയത്. എന്നാല്‍ ലതിക വന്ന കാര്യം പോലുമറിയാതെ അവിടം മുഴുവനും പരതുകയായിരുന്നു ഹരി. വിനോദ് പിന്നില്‍ നിന്നും തട്ടി വിളിച്ചപ്പോഴാണ് ഹരി പരിസരത്തെക്കുറിച്ചു ബോധവാനായത്. തന്‍റെ കൈയിലിരുന്ന പത്രം വിനോദിന് കൊടുത്തിട്ടു ഹരി മെല്ലെ അവിടെ ഇരുന്നു. കോടതി മുറികളും ജപ്തി നോട്ടീസുകളും ഇല്ലാത്ത ഒരു ലോകത്തേയ്ക്കു ആനകള്‍ പളനിസ്വാമിയെ യാത്രയാക്കിയ കാര്യം ലതികയോട് പറയുമ്പോള്‍ ഹരിയുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. നനഞ്ഞു പോയ ആ പത്രത്താളിലിരുന്നു തന്നെ നോക്കുന്ന പളനിസ്വാമിയുടെ മുഖമായിരുന്നു അപ്പോഴും ഹരിയുടെ മനസ് നിറയെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here