എല്ലാവരും അത്ഭുതാദരങ്ങളോടെ
നോക്കുന്നെന്ന തോന്നലിൽ
ഓട്ടത്തെ അഴിച്ചുവിട്ട ബൈക്ക്
റോഡിൽ വേഗത്തെ
വരയ്ക്കാൻ തുടങ്ങുന്നു
പാത വിട്ട് പറക്കാൻ
തുടങ്ങിയ നിമിഷാര്‍ദ്ധം
നിശ്ചലതയിൽ ലയിച്ചവേഗം
അമ്പേറ്റ പക്ഷി പോലെ
വായുവിൽ കറങ്ങി പിടച്ചിലായി
മണ്ണിൽ പതിക്കുന്നു
വിറങ്ങലിച്ച സമയസൂചികൾ
ചലനത്തിലേക്കും
നോട്ടങ്ങൾ ശൂന്യതയിലേക്കും
തിരിച്ചു പോകുന്നു
മോർച്ചറി മേശ
താഴേക്ക് നീണ്ട
വിരലുകളിലൂടെ
ചൂടുള്ള ചോര
പതുക്കെ പതുക്കെ
നിലത്ത് പുതിയ
രൂപങ്ങൾ രേഖപ്പെടുത്തുന്നു
അമൂർത്ത ചിത്രം
പൂർത്തിയാവുന്നു