കായല്‍ പശ്ചാത്തലത്തില്‍ കണ്ടലുകളും തോടുകളും പച്ചപ്പും നിറഞ്ഞ ഗ്രാമീണ ടൂറിസത്തിന്റെ വാഗ്ദാനമായ ചാത്തമ്മ നാശത്തിന്റെ വക്കില്‍. ഭൂമാഫിയ കായല്‍ നികത്തിയ തണ്ണീര്‍ത്തടം മൂടിയും ഒരു പ്രദേശം മുഴുവന്‍ കാര്‍ന്നെടുക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട റവന്യൂ പോലീസ് അധികാരികള്‍ ഇനിയും ഉറക്കം വിട്ടിട്ടില്ല . ഗ്രാമീണ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കുമ്പളം പഞ്ചായത്തിലെ ചാത്തമ്മയിലാണ് ഭൂമാഫിയകളുടെ അനധികൃത കായല്‍ കയ്യേറ്റങ്ങള്‍ നടക്കുന്നത് . കൂടു മല്‍സ്യകൃഷിയും നെല്‍കൃഷിയും ചെയ്തു ജീവിക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് ഭീഷണിയായിരിക്കുകയാണ് ചാത്തമ്മയിലെ അനധികൃത കയ്യേറ്റം.
തീരദേശപരിപാലന നിയമത്തില്‍ പെടുന്ന കുമ്പളം പഞ്ചായത്തിലെ ദ്വീപായ ചാത്തമ്മയില്‍ ആറാം വാര്ഡിലാണ് വേമ്പനാട്ട് കായലും കൈതപ്പുഴ കായലും സന്ധിക്കുന്ന ഭാഗം കയ്യേറി മല്‍സ്യത്തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായ തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഭൂമാഫിയ നടത്തിക്കൊണ്ടിരിക്കുന്നത്. കായല്‍ കുറ്റിയും തെങ്ങും ഉപയോഗിച്ച് വളച്ചു കെട്ടിയ ശേഷം കായലില്‍ നിന്ന് തന്നെ ചെളിയും മണ്ണും വലിയ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് അടിച്ചു കയറ്റി നികത്തുന്നത് ഇവിടെ പതിവായിരിക്കുന്നു. കുമ്പളം പഞ്ചായത്തിലെ ചാത്തമ്മയിലെ എം പി എസ് കോണ്‍വെന്റിനു തെക്കുവശത്തായി കൈതപ്പുഴ കായലിന്റെ ഒരു ഭാഗത്ത് എണ്‍പതു സെന്റാണ് ഇത്തരത്തില്‍ വ്യാജപട്ടയമുണ്ടാക്കി നികത്താന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുള്ളത്. ഈ ഭാഗത്തായി പുഴയുടെ നടുക്കു ഭാഗത്ത് അതിരു സൂചിപ്പിക്കുന്ന കല്ലും സ്ഥാപിച്ചിട്ടൂണ്ട്. പെരുമ്പിള്ളി ജോസഫ് , ജോണി , വര്‍ഗീസ് എന്നിവരുടെ പേരിലുള്ള സ്ഥലത്തില്‍നോടു ചേര്‍ന്നാണ് കായല്‍ കയ്യേറി കുറ്റി സ്ഥാപിച്ചിരിക്കുന്നത് .
ഇതിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സമീപവാസികള്‍ എതിര്‍ത്തതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തു. തീരദേശപരിപാലന നിയമം ലംഘിച്ചുകൊണ്ട് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലാണ് അനധികൃത കയ്യേറ്റങ്ങള്‍ ഭൂരിഭാഗവും. കായലും കണ്ടലും തോടുകളും പച്ചപ്പും വിരിച്ച ചാത്തമ്മ ഗ്രാമീണ ടൂറിസത്തില്‍ കുമ്പളങ്ങി പോലെ തന്നെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. ആറിലധികം സ്വകാര്യ റിസോര്‍ട്ടുകള്‍ ഇവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഭൂമാഫിയകളുടെ പ്രവര്‍ത്തനം നാടിനെ നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികള്‍ പലരും മൗനം പാലിക്കുന്നത് സംശത്തോടേയാണ് സമൂഹം വീക്ഷിക്കുന്നത്.