അവൾ ചിരിക്കുകയാണ്
അതൊരായിരം സുന്ദരനിമിഷങ്ങൾ കോർത്തിണക്കിയ മാല പോലെ,
വിരിയാൻ വെമ്പി നില്ക്കും മുല്ലപ്പൂമൊട്ടുകൾ പോലെ,
മോഹമാം നിറകുടത്തിൽ നിന്നറിയാതെ
തേവുന്ന തണ്ണീർതുളളികൾ പോലെ,
അവൾ വെറുമൊരു വിഡ്ഢി ലോകമെന്തെന്നറിയാത്തവൾ,
അവളെന്നും നിറമുളള സ്വപ്നങ്ങൾ കണ്ടുണരുന്നവൾ,
കണ്ണുകൊണ്ട് സ്നേഹത്തെ മാത്രം കാണുന്നവൾ
സ്നേഹത്തെ മാത്രം തെരയുന്നവൾ,
അവൾ ഇപ്പോഴും ചിരിക്കുകയാണ്…
ആ ചിരി ഇനി എത്ര നാൾ കൂടി, അവളറിഞ്ഞുവോ
ആ ചിരിയിലസ്തമയസൂര്യന്റെ രക്തശോണിമ
ഒളിഞ്ഞിരിപ്പതു, അവളറിഞ്ഞുവോ
മാനത്തെ മാരിവില്ലിൻ ക്ഷണഭംഗികൾ പോൽ
പാരിലേക്കു കുളിർകാറ്റു വീശുമാമന്ദസ്മിതം
ഒരുകാലവും നിലയ്ക്കില്ലെന്നു നിനച്ചവൾ,
അവൾ വെറുമൊരു പാവം, ലോകമെന്തെന്നറിയാത്തവൾ
അവൾ ഇപ്പോഴും ചിരിക്കുകയാണ്……
ആ ചിരി ഇനി എത്ര നാൾ കൂടി എന്നതറിയാതെ
ഒന്നുമറിയാതെ സ്നേഹത്തിൽ വിശ്വസിച്ച്
സ്നേഹം കൊതിച്ചവൾ ചിരിക്കുന്നു…..