വീണ്ടും ഒരോണം

ഈയാണ്ടത്തെ ഓണത്തിന്‌ സമൃദ്ധിയുടെ പൂവിളി ഉയരില്ല. കാണം വിൽക്കുവാൻ കാണമില്ലാത്ത കർഷകരുടെ കുടുംബങ്ങളിൽ ആത്മഹത്യ ചെയ്‌ത ഗൃഹനാഥന്റെ ഓർമ്മകൾ കണ്ണീർ പൂക്കളങ്ങൾ തീർക്കാതിരിക്കില്ല. ചിലവേറിയ വിദ്യാഭ്യാസം വന്ധ്യം കരിച്ച വീടുകളിലെ മാതൃഹൃദയങ്ങളിൽ ആധിയും വ്യാധിയും ഇല്ലാത്ത സുവർണ്ണ കാലത്തിന്റെ പാടിപ്പുകഴ്‌ത്തലുകൾക്ക്‌ പ്രസക്തിയുമില്ല. പിന്നെയോ ദൃശ്യമാധ്യമങ്ങളുടെ വിഷയദാരിദ്ര്യം കൊണ്ട്‌ മാവേലിയെ കോമാളിവേഷം കെട്ടിക്കുന്നതിലും സർക്കാർ വിലാസം മന്ദിരങ്ങളിൽ സദാചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ടൂറിസ്‌റ്റുകൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്ന കെട്ടുകാഴ്‌ചകളിലും ഇത്തവണത്തെ ഓണം ഒതുങ്ങിപ്പോകാനേ തരമുളളൂ. ഇനിയങ്ങോട്ട്‌ ഈ ദേശീയോത്സവത്തിന്റെ പൊലിമ അകത്തളങ്ങളിലെ കൃത്രിമ സന്തോഷത്തിൽ പരിമിതപ്പെടുമെന്നുളളതിന്റെ ആപൽസൂചനയാണിത്‌. കേവലമൊരു ഐതീഹ്യമെങ്കിലും ഈ വിളവെടുപ്പ്‌ ഉത്സവവും അസുര ചക്രവർത്തിയുടെ മാതൃകാഭരണത്തിന്റെ ദീപ്‌തസ്‌മരണകളും മലയാളിക്ക്‌ സമ്മാനിക്കുന്നത്‌ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുത്തൻ അറിവുകളാണ്‌. അതുകൊണ്ടുതന്നെ ഓണത്തിന്റെ പ്രൗഡിക്കു മങ്ങലേൽക്കുന്നത്‌ നാടിന്റെ ഭാവിയെക്കുറിച്ച്‌ ഉൽക്കണ്‌ഠ ജനിപ്പിക്കുന്നു.

കുഞ്ചന്റേയും, തുഞ്ചന്റേയും കാവ്യമനസ്സിനെ ഉത്തേജിപ്പിച്ച കുട്ടനാട്ടിലേയും പാലക്കാട്ടേയും പാടങ്ങളിൽ പാവപ്പെട്ട കർഷകന്റെ കണ്ണുനീർ ചാലുകീറി ഒഴുകുമ്പോൾ മന്ത്രിമന്ദിരങ്ങളിലെ ശീതീകരിച്ച മുറികളിൽ കാർഷിക പാക്കേജുകൾ വിറങ്ങലിച്ചിരിപ്പുണ്ട്‌. ആണ്ടവസാനം ഈ കുചേലൻമാരുടെ തലയെണ്ണി വീണ്ടും സായിപ്പിന്‌ പണയപ്പെടുത്തുന്നതിന്റെ അഹന്ത നിറഞ്ഞ പ്രഖ്യാപനവും ഉണ്ടാവും. ജീവിതം വഴിമുട്ടിയ കർഷകന്റെ കളപ്പുരകളിൽ ആത്മഹത്യാ കുറിപ്പുകൾ നിറയുമ്പോൾ പ്രജാവത്സലനായ മാവേലി ക്ഷേമാന്വേഷണത്തിനെത്തുന്നത്‌ എങ്ങിനെ? ജാതിയും മതവും സാമുദായിക ചേരിതിരിവും ഊതിമിനുക്കി ഭക്തി വ്യവസായത്തിന്റെ ജീവന കലകളുടെ കണ്ണികൾ വിളക്കിച്ചേർക്കുന്ന സൂപ്പർ സ്‌പെഷ്യൽ ദൈവങ്ങളുടെ നാട്ടിൽ മാനുഷരെല്ലാവരും ഒന്നുപോലെ കഴിഞ്ഞ വസന്തകാലത്തെ പ്രകീർത്തിക്കുന്നവനെ പുച്ഛിക്കുന്നത്‌ സ്വാഭാവികം. ഒരു രൂപയിൽ 70 പൈസയും പദ്ധതിയേതര പ്രവർത്തനങ്ങൾക്ക്‌ മാറ്റിവെയ്‌ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആമോദത്തോടെ വസിക്കുന്നത്‌ 50 ലക്ഷം തൊഴിൽ രഹിതരാണ്‌. ഇവരുടെ സർഗ്ഗശേഷിയെ മൗനത്തിന്റെ പർണ്ണശാലകളിൽ തളച്ചിട്ട്‌ പാരിസ്ഥിതിക അപകടങ്ങളെ ക്ഷണിച്ചുവരുത്തി സമൂഹത്തിലെ ന്യൂനാൽ-ന്യൂനപക്ഷം വരുന്ന ഉപരിവർഗ്ഗത്തിന്‌ പറന്നുപായാൻ അമിത വേഗപാത തീർക്കുന്ന ആധുനിക അസുരന്മാരുടെ നാട്ടിൽ കാവേരിയിലെ ജലംകൊണ്ട്‌ കനകം വിളയിക്കുന്ന പാണ്ഡ്യദേശക്കാരൻ നൽകുന്ന ഇൻസ്‌റ്റന്റ്‌ ഓണത്തിന്റെ നിർവൃതി തികച്ചും യാന്ത്രികമാവുകയേ ഉളളൂ.

നിത്യവൃത്തിക്കു കഷ്‌ടപ്പെടുന്ന കർഷകരുടെ കുടുംബങ്ങളുടെമേൽ ആശ്വാസത്തിന്റെ കരസ്‌പർശമേകി, മാനവികതയുടെ സൗഹാർദ്ദകണ്ണികൾ പൊട്ടിക്കാൻ ശ്രമിക്കുന്ന സ്ഥാപിത താൽപ്പര്യക്കാരെ നിയമം കൊണ്ട്‌ വേട്ടയാടി, ദിശാബോധം നഷ്‌ടപ്പെട്ട യുവതലമുറയെ പ്രത്യുൽപ്പാദന മേഖലയിലേക്ക്‌ തിരിച്ചുവിട്ട്‌, പുരോഗതിയുടെ ഊഷര ഭൂമിയിലൂടെ മരണപാത നിർമ്മിക്കലല്ല വികസനമെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌, ശാന്തിയും സമാധാനവും മാനവസൗഹാർദ്ദവും പുനഃസ്ഥാപിച്ച്‌, കേവലം ചടങ്ങുകളുടെ തലത്തിൽ നിന്നും ആഘോഷങ്ങളെ നമുക്ക്‌ മോചിപ്പിക്കാം. കളളപ്പറയും ചെറുനാഴിയുമില്ലാത്ത ചരിത്രത്തിന്റെ പുനർവായനയോട്‌ നമുക്ക്‌ നീതി പുലർത്താം.

Generated from archived content: essay3_aug.html Author: tp_saifudheen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here