കൗമാരപ്രായക്കാരിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഇന്ന് മാർക്കറ്റിൽ അതിവേഗം വിറ്റഴിഞ്ഞു പോകുന്ന ഹാൻസ്, പാൻപരാഗ്, ശംബു എന്നീ ഉൽപ്പന്നങ്ങളുടെ ക്രമാതീതമായ വർദ്ധനവ് നമ്മെ സാക്ഷ്യപ്പെടുത്തുന്നു. കൗമാരപ്രായക്കാരിൽ പുകവലി ശീലം വളർത്തുന്ന കുട്ടികളുടെ എണ്ണവും കുറവല്ല എന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൗമാരപ്രായക്കാരുൾപ്പെടെയുളള യുവജനങ്ങളുടെ അമിതമായ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിലൂടെ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിനു വേണ്ടിയോ കർത്തവ്യങ്ങളുടെ നേർക്ക് മുഖം തിരിക്കുന്നതിനുവേണ്ടിയോ ഉളള ഒരു കുറുക്കുവഴിയായാണ് ഇത്തരം ലഹരി പദാർത്ഥങ്ങൾക്ക് അടിമകളായി തീരുന്നതെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കുറുക്കുവഴികൾ തേടി ലഹരിയുടെ അഴുക്കുചാലുകളിൽ ചെന്നെത്തുന്ന യുവജനതയെ യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വിടേണ്ടത് സമൂഹമാണ്. ലഹരി പദാർത്ഥങ്ങളുടെ ദോഷ ഫലങ്ങളെക്കുറിച്ചും മറ്റും പറഞ്ഞു മനസ്സിലാക്കി ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ബോധവൽക്കരണത്തിൽകൂടി മാത്രമേ ലഹരികൾക്കടിമയായി കൊണ്ടിരിക്കുന്ന യുവജനതയെ നേർവഴിക്കു നടത്തുവാൻ കഴിയൂ. രാഷ്‌ട്രപുരോഗതിക്കു വേണ്ടി പോരാടുന്ന ഭാരതാംബയുടെ മക്കളായി അവരെ നമുക്കു തിരികെ കൊണ്ടുവരാം. നന്മയുടെ പച്ചത്തുരുത്തുകൾ അവരിൽ കണ്ടെത്താം. അവരുടെ പ്രവർത്തനം രാഷ്‌ട്ര നന്മയ്‌ക്കെന്ന് നമുക്ക് ഉറപ്പുവരുത്താം.
Generated from archived content: essay2_aug.html Author: sijo_antony