അല്പം ചില കാവ്യചിന്തകൾ

കാവ്യരചന തീരെ നിസ്സാരമായി, ഉദാസീനമായി നിർവ്വഹിക്കാവുന്ന ഒന്നല്ല. ശബ്‌ദസൗന്ദര്യവും അർത്ഥസമ്പുഷ്‌ടിയും ഭാവതീവ്രതയും കവിതയുടെ അന്തഃസത്തകളാണ്‌. ഏതു വിഷയം തെരഞ്ഞെടുത്തു എന്നല്ല മറിച്ച്‌ ആകർഷണീയമായ രീതിയിൽ എങ്ങനെ ആവിഷ്‌കരിക്കാൻ കഴിയുന്നു എന്നുളളതാണ്‌ കാവ്യനിർമ്മാണത്തിന്റെ പിന്നിലെ തത്വം. ഏതു കാലത്തും സജീവമായി സ്വയം നിലനില്‌ക്കാൻ കഴിയുന്ന കവിതകളാണ്‌ കാലാതീതകവിതകൾ. ഇതു തികഞ്ഞ അറിവും വികസിത ബുദ്ധിയും ഉയർന്ന ദീർഘവീക്ഷണവും സ്വതന്ത്ര നിർമ്മാണശൈലിയും നല്ല പദ പരിജ്ഞാനവും ആർജ്ജിത സ്വത്തായുളള ആളിന്‌ എളുപ്പം കഴിയുമെങ്കിൽ അയാളിൽ അനുഗ്രഹീതമായ വാസനാവിലാസം കൂടിയുണ്ടായിരിക്കുമ്പോൾ ഉദാത്തമായ പടവുകളിലേക്ക്‌ അത്തരം കവിതകൾ ഉയർത്തപ്പെടുന്നു. ഇത്‌ അനുഭവജ്ഞാനത്തിന്റെ പരിണതി കൂടെ ആയിരിക്കണം.

കേവലം ആഗ്രഹം കൊണ്ടോ അനുകരണബോധം കൊണ്ടോ, അനുഭവജ്ഞാനമില്ലാതെയോ കൃത്രിമമായി ജനിക്കുന്ന കവിതകൾ ഒരിക്കലും സഹൃദയ മനസ്സുകളിൽ സ്ഥാനം പിടിക്കാൻ യോഗ്യത നേടുകയില്ല. ശബ്‌ദമാധുര്യത്തോടെ ആലാപനം ചെയ്യുമ്പോൾ ഒരുപക്ഷേ ഗുണമേൻമ ഉളളതായി തോന്നാമെങ്കിലും കവിതകളിൽ പലതും പല ആവർത്തി വായിക്കുമ്പോൾ കാവ്യരസത്തിന്റെ കണികപോലുമില്ലാത്തതായി കാണാം. ഇവിടെ കവി പരാജയപ്പെടുന്നു. ഇതിനുളള ഏക പരിഹാരം കാവ്യ സൃഷ്‌ടികൾ നിഷ്‌പക്ഷവും ക്രിയാത്മകവുമായ വിമർശനത്തിന്‌ വിധേയമാക്കുക എന്നുളളതാണ്‌.

കവിതയിലെ നന്മതിന്മകൾ തിരിച്ചറിയാൻ പ്രാപ്തരായവരും ഈടുറ്റ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്‌ക്കാൻ സാധിക്കുന്നവരുമായ ആളുകളെകൊണ്ട്‌ കവിത വിലയിരുത്തിക്കണം. ഉപരിവിപ്ലവമായ പുകഴ്‌ത്തലുകളോ അഹന്താങ്കുരമായ തരം താഴ്‌ത്തലോ ആയിരിക്കരുത വിമർശനം. അതു സത്യസന്ധവും ആസ്വാദനത്തിന്റെ സമസ്തമേഖലകളെയും സ്‌പർശിക്കുന്നതും ആദർശാധിഷ്‌ടിതവുമായിരിക്കണം. അത്തരം നിരൂപണങ്ങൾ കവിതയുടെ മാറ്ററിയാൻ കൂടുതൽ സഹായകരമാണ്‌. ഒരാളുടെ രചനയിലെ പോരായ്‌മകൾ പരസ്യമായി ചൂണ്ടിക്കാണിക്കുമ്പോൾ വ്യക്തിഗതമായ അധിക്ഷേപമായി കരുതുന്നതാണ്‌ കവിക്കു സംഭവിക്കുന്ന അപചയങ്ങളിൽ ഒന്ന്‌. കവിത വിമർശന വിധേയമാക്കാൻ പലർക്കും ധൈര്യമുളളതായി കാണുന്നില്ല. കവിതയിലെ അക്ഷരത്തെറ്റുകളും ആശയ ഭംഗങ്ങളും അനുചിത പ്രയോഗങ്ങളും ചൂണ്ടിക്കാണിക്കുന്നത്‌ കവിമനസ്സിനെ വ്രണിതമാക്കുന്നു. ഇത്‌ തികഞ്ഞ പാപ്പരത്തമാണ്‌. ആരും കുറ്റം പറയാത്ത കവിതകൾ രചിക്കാൻ മാത്രം വളർന്നു പക്വമതികളായ കവികൾ ഉണ്ടാകേണ്ടത്‌ കാലത്തിന്റെ ആവശ്യമാണ്‌. അത്‌ കൂട്ടായ ചർച്ചയിലൂടെയും വിലയിരുത്തലുകളിലൂടെയും മാത്രമേ സാധ്യമാകൂ.

തന്റെ സൃഷ്‌ടികൾ പൂഴ്‌ത്തിവെച്ചു പ്രവേശിക്കുന്നതിനെക്കാൾ എത്രയോ മഹത്താണ്‌ അവ വിചിന്തനങ്ങൾക്ക്‌ വിധേയമാക്കി സഹൃദയങ്ങളിൽ നിത്യപ്രകാശം പകരുന്ന മാണിക്യങ്ങളാക്കി മാറ്റുന്നത്‌. അതല്ലെ ആത്മവിശ്വാസവും നിഷ്‌കളങ്ക മനോഭാവമുളള ഒരു കവിക്ക്‌ സ്വീകാര്യമായ മാർഗ്ഗം. വികൃതവും വികലവുമായ വിലയിരുത്തലല്ല. സൃഷ്‌ടിപരവും സ്വീകാര്യവുമായ വിമർശനങ്ങളാണ്‌ നിരൂപകർ നടത്തേണ്ടത്‌. കവിതകളെ സത്യസന്ധമായി നോക്കിക്കാണുകയും രചനയിലെ വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ കുറ്റപ്പെടുത്തലല്ല, മറിച്ച്‌ അനിവാര്യമായ തിരുത്തലുകളാണ്‌ എന്ന്‌ സമ്മതിക്കുന്ന കവി പൂജ്യനായി തീരുന്നു. കവിത സ്വപ്‌നങ്ങളുടെ പരിണാമങ്ങളിൽ നിന്നുയിർക്കൊളളുന്നതാണ്‌. ഭാവനാവിലാസത്തിന്റെ വിദ്യുൽതരംഗങ്ങൾ കൊണ്ട്‌ അക്ഷരശിലകളിൽ കൊത്തിയെടുക്കുന്ന ശില്‌പങ്ങളാണ്‌. വിമർശനം കാട്ടുതീയല്ല, മറിച്ച്‌ കാവ്യശില്‌പങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചെളിയും പ്രഷാളനം ചെയ്‌തു പരിശുദ്ധമാക്കുന്ന പരമ പവിത്രവും, ശ്രേഷ്‌ടവുമായ കർമ്മമാണ്‌.

Generated from archived content: essay1_aug.html Author: pp_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here