അപ്പൻ കെണിവെച്ചു പിടിച്ച മുയൽ….അടിക്കാടെരിക്കുമ്പോൾ, ഓരോ മരവും മുറിഞ്ഞുവീഴുമ്പോൾ അവശേഷിക്കുന്ന പച്ചപ്പിലേക്ക് ജീവനും കൊണ്ടോടിയവർ….എന്നിട്ടും അപ്പനവരെ വിടാതെ പിൻതുടർന്നു തന്ത്രത്തിൽ കെണിയിൽ….
പാവങ്ങൾ അവർക്ക് ആലോചനകളെ താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.
ഒരു കോളേജ് ഉയരാൻ പോവുകയാണ്. അതിനൊപ്പം കുറെ മരങ്ങളും കുടിലുകളും വിസ്‌മൃതിയിലേക്ക് പോകും, കാട്ടുചെമ്പകത്തിന്റെ മണവും….കായകളും അവളെവിട്ടുപോകും. അവൾ ഓർത്തു.
നാളെ മലയണ്ണാനെ പിടിക്കണം. മുയലിറച്ചിയെന്ത്യേ? അപ്പൻ വരുന്നുണ്ട്. അവൾക്കിതുവരെ മുയലുകളെ മുറിക്കാനുളള ധൈര്യം കിട്ടിയിട്ടില്ല, എങ്കിലും അപ്പനു വേണ്ടി അവൾ ഇറച്ചി കഷണങ്ങളാക്കാൻ തുടങ്ങി.
അവൾക്ക് കരച്ചിൽ വന്നു, മുയലിന്റെ ചോരയിൽ അവൾ അവളെത്തന്നെ കണ്ടു. ഇറച്ചിക്കഷണം കയ്യിലെടുത്ത് അവൾ ചോദിച്ചു. എന്റെ മുയലേ നിന്നെ തിന്നാൻ അപ്പനെങ്കിലുമുണ്ടല്ലോ…എന്നെയാരാണ്…? നിന്നെപ്പോലെ എനിക്കും മാളം നഷ്‌ടമാവുകയാണ്….
എരിഞ്ഞുകൊണ്ടിരിക്കുന്ന കാട്ടിൽ നിന്നും ഊഷരമായ ഒരു വരണ്ട കാറ്റ് അവളിലേക്ക് വന്നു. അതിനെ അവൾ തണുപ്പിക്കാൻ ശ്രമിച്ചു അവൾ ഒരു ഗുഹയായി കുറെ വവ്വാലുകളും, മൃഗങ്ങളും അതിൽ അഭയം പ്രാപിക്കാൻ തിടുക്കം കൂട്ടി. പക്ഷേ അപ്പൻ അതിന്റെ കവാടത്തിൽ….അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു.
മുയലിറച്ചികൾ വെന്തുകൊണ്ടേയിരുന്നു.
Generated from archived content: story1_aug.html Author: muneer_ullyeri