ഒരു സുപ്രഭാതത്തിൽ വേദനിക്കുന്ന വാർത്ത അറിഞ്ഞുകൊണ്ടാണ് ഞാൻ ഉണർന്നത്. കട ബാധ്യതമൂലം കുടുംബത്തോടെ ആത്മഹത്യചെയ്‌ത കർഷകനായ ദാമോദരന്റെ വീട്ടിലേയ്‌ക്ക് ജനം പാഞ്ഞു. ജനക്കൂട്ടത്തിനുമപ്പുറം തകർന്ന ഹൃദയവുമായി ഞാൻ നിന്നു. കാരണം കൃഷിക്കുവേണ്ടി ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തിയതു ഞാനാണ്. ഓഫീസിലെ മേശയിൽ തലചായ്‌ച് ഞാൻ പിന്നെയു ചിന്തിച്ചു. കുട്ടപ്പനും, ലോനപ്പനും….അങ്ങിനെ ഞാൻ എത്ര പേർക്ക് ലോൺ തരപ്പെടുത്തിക്കൊടുത്തു.
കുറെ നാളുകൾ കഴിഞ്ഞ് ആ ദുരന്തം മറ്റുളളവരെയും പിന്തുടർന്നു. ഞാൻ തളർന്നവശനായി. മരിച്ച കുടുംബങ്ങളിൽ മന്ത്രിമാർ കയറി ഇറങ്ങുന്നു. പത്രത്തിൽ പലതരത്തിലുളള വാർത്തകൾ.
എല്ലാം തൽക്കാലം കെട്ടടങ്ങി. ഞാൻ വീടിന്റെ ജനാലയിലൂടെ പുറത്തേയ്‌ക്കുനോക്കി. എന്റെ ഗ്രാമം മങ്ങിയ പച്ചനിറമുളള ചിരിയുമായി നിൽക്കുന്നു. കോളിംഗ് ബെല്ല് കേട്ട് ഞാൻ കതകു തുറന്നു. നാലുയുവാക്കൾ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട് പറഞ്ഞു. “ഞങ്ങൾക്ക് നാലേക്കർ സ്ഥലം വാങ്ങണം കൃഷിയാവശ്യത്തിനാണ്. ഒരു ലോൺ തരപ്പെടുത്തിതരണം ഒഴിവാക്കരുത്.” ദുരന്തങ്ങളുടെ നടുവിൽ ചത്തമനസ്സുമായിനിന്ന ഞാൻ ആ “ചാവേർപ്പട‘യെക്കണ്ട് കതക് വലിച്ചടച്ച് മുറിയുടെ മൂലയ്‌ക്ക് ഒതുങ്ങിക്കൂടി.
Generated from archived content: story1_nov.html Author: mt_chandirur
Click this button or press Ctrl+G to toggle between Malayalam and English