കഥയറിഞ്ഞല്ലയോ കഥകളി കാണേണ്ട
തതുനിത്യയാഥാർത്ഥ്യമല്ലോ;
പലരുമെന്നാലതിനെതിരായിട്ടാണല്ലോ
കളികാണാനെത്തുന്നുകളിയരങ്ങിൽ!
ഇതൾ വിരിഞ്ഞാശയം വികസിക്കുവാൻ നേരിൽ
അതിനുറ്റ ചിന്തകലർന്നിടേണം
കടകം മറിയുന്ന കാര്യങ്ങളെമ്പാടും
വഴിപോലെ മുന്നേറിടാൻ നിതന്തം
അനുഭൂതിയാർന്ന മനോരഥമൊക്കെയും
അസുലഭ ഭാഗധേയം വരിക്കാൻ
പരിചയിക്കേണ്ടതാണേവരും വാഴ്‌വിൽ
പരിചോടെ ലക്ഷ്യത്തിലെത്താൻ മുദാ
വിജയം ലഭിക്കാൻ നിയന്ത്രിച്ചു നിർത്തണം
മനുജൻ മനോവിചാരങ്ങൾ!
മഹിതപ്രയത്‌നത്തിലാഴുന്ന വേളയിൽ
സഫലതമാടിവിളിപ്പൂ മുന്നിൽ
അനുരൂപ ഗൗരവമാർന്നു മുന്നേറുവാൻ
മനുഷ്യൻ പഠിക്കേണ്ടതാണൂഴിയിൽ
കമനീയകൗതൂഹലം നേടുവാനായി
കഥയറിഞ്ഞീടാം പുരോഗമിക്കാൻ.
Generated from archived content: poem4_nov.html Author: kallada_bhasi