വയലാർ

മലയാള കവിതയിലെ വിപ്ലവത്തിന്റെ തീനാളമാണ്‌ വയലാർ രാമവർമ്മ. ചലച്ചിത്രഗാനങ്ങളിലൂടെ ആണ്‌ മലയാളികൾ കൂടുതലായി വയലാറിനെ അറിയുന്നതെങ്കിലും തീഷ്‌ണവും തീവ്രവുമായ കാവ്യങ്ങൾ കൊണ്ട്‌ മലയാള ഭാഷയെ ഉത്തേജിപ്പിച്ച കവിതന്നെയായിരുന്നു രാമവർമ്മ. വയലാറിലെ രാഘവപ്പറമ്പിൽ 1928 മാർച്ച്‌ 25 ന്‌ ആയിരുന്നു രാമവർമ്മയുടെ ജനനം. പിതാവ്‌ വെളളാരപ്പളളി കേരളവർമ്മയും മാതാവ്‌ അംബാലിക തമ്പുരാട്ടിയുമായിരുന്നു. ഏറെ വാത്സല്യത്തോടെയാണ്‌ രാമവർമ്മയെ അമ്മയും അച്‌ഛനും വളർത്തിയത്‌. എന്നാൽ പിതാവിന്റെ വാത്സല്യം കൂടുതൽ നുകരുവാനുളള ഭാഗ്യം രാമവർമ്മയ്‌ക്കുണ്ടായില്ല. അദ്ദേഹത്തിന്‌ കേവലം മൂന്നര വയസ്സുമാത്രം പ്രായമുളളപ്പോൾ പിതാവ്‌ മരിച്ചു. ഇത്‌ മാതാവായ അംബാലികതമ്പുരാട്ടിയെ ഏറെ തളർത്തി. എങ്കിലും മകന്‌ പിതാവിന്റെ വാത്സല്യം കൂടി നൽകിയാണ്‌ അമ്മ വളർത്തിയത്‌.

പിതാവിന്റെ മരണം കുട്ടിയായിരുന്ന താൻ ഏതുതരത്തിലാണ്‌ കണ്ടതെന്ന്‌ വ്യക്തമാക്കുന്ന കവിത പിന്നീട്‌ രാമവർമ്മ രചിച്ചു. പ്രസിദ്ധമായ ആ കവിതയാണ്‌ “ആത്മാവിൽ ഒരു ചിത”. പിതാവ്‌ മരിച്ചുപോയി എന്നാരോ പറഞ്ഞത്‌ കേട്ട കുട്ടി അച്‌ഛൻ ആലപ്പുഴയ്‌ക്ക്‌ പോകാറുളളത്‌ പോലെ എങ്ങോപോയി എന്നേ കരുതുന്നുളളു എന്ന്‌ കവി എഴുതുമ്പോൾ ആ വരികൾ അനുവാചകന്റെ ഹൃദയത്തിൽ നീറുന്ന കനലായി തീരുകയാണ്‌. പിതാവിന്റെ മരണത്തോടെ അമ്മയുടെയും അമ്മാവന്റെയും സംരക്ഷണയിലാണ്‌ രാമവർമ്മ വളർന്നത്‌. ഇവരുടെ മേൽനോട്ടത്തിൽ ഗുരുകുല സമ്പ്രദായത്തിലാണ്‌ സംസ്‌കൃതം അഭ്യസിച്ചത്‌. ഇതിനുപുറമെ ചേർത്തല ഹൈസ്‌കൂളിലും പഠിക്കാൻ പോയിരുന്നു. എങ്കിലും സംസ്‌കൃതാഭ്യസനം രാമവർമ്മയെ കവിതകളിലേയ്‌ക്ക്‌ കൂടുതൽ അടുപ്പിച്ചു. വളരെ ചെറുപ്പത്തിലെ തന്നെ കൊച്ചുകൊച്ചു കവിതകൾ കുറിക്കാൻ തുടങ്ങിയിരുന്നു അദ്ദേഹം. മകന്റെ കവിതാവാസനയെ അമ്മ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

എന്നാൽ വിപ്ലവത്തിനു വളക്കൂറുളള വയലാറിൽ പിറന്ന രാമവർമ്മ യൗവ്വനാരംഭത്തിൽത്തന്നെ ഇടതുപക്ഷ സഹയാത്രികനായിരുന്നു. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുളള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി സഹകരിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തീർത്തും ഇടതുപക്ഷക്കാരന്റെ മേൽവിലാസത്തോടെ തന്നെ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. പുരോഗമന പ്രസ്ഥാനങ്ങളുമായുളള ഈ സഹകരണത്തിന്റെ പ്രതിഫലനം അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമായിരുന്നു. സർഗസംഗീതം എന്ന കൃതിക്ക്‌ 1962ലെ മികച്ച കവിതയ്‌ക്കുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. വയലാറിനുമുൻപ്‌ ഈ പുരസ്‌കാരം ലഭിച്ചത്‌ പി.കുഞ്ഞിരാമൻ നായർ, കെ.കെ.രാജ, ജി.ശങ്കരക്കുറുപ്പ്‌ തുടങ്ങിയവർക്കായിരുന്നു എന്നത്‌ ഈ പുരസ്‌ക്കാരത്തിന്റെ മാറ്റ്‌ വർദ്ധിപ്പിച്ചു.

1956 ൽ ചലച്ചിത്രഗാനരചനാരംഗത്തേക്ക്‌ അദ്ദേഹം വലതു കാൽവച്ച്‌ കയറി. കൂടപ്പിറപ്പ്‌ എന്ന സിനിമയ്‌ക്കുവേണ്ടിയായിരുന്നു ആദ്യരചന നിർവഹിച്ചത്‌. ‘തുമ്പി തുമ്പി വാ വാ….’ എന്നാരംഭിക്കുന്ന ഗാനം രചനാപാടവം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. തുടർന്ന്‌ നിരവധി ചലച്ചിത്രങ്ങളിൽ അവിസ്‌മരണീയങ്ങളായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹം എഴുതി. സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഏർപ്പെടുത്തിയ വർഷം തന്നെ മികച്ച ഗാനരചയിതാവിനുളള പുരസ്‌ക്കാരം അദ്ദേഹം നേടിയെടുത്തു. ഈ പുരസ്‌കാരം 1972ലും 1974ലും അദ്ദേഹം വീണ്ടും നേടിയെടുത്തു. 1974ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുളള കേന്ദ്ര സർക്കാരിന്റെ പുരസ്‌ക്കാരവും വയലാർ നേടിയെടുത്തു. ചെങ്ങണ്ട പുത്തൻകോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയെ വിവാഹം കഴിച്ച വയലാർ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന്‌ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. ഇവർക്കു നാലു കുട്ടികൾ പിറന്നു. കൊന്തയും പൂണൂലും, ആയിഷ, മുളങ്കാട്‌, എനിക്കു മരണമില്ല, ഒരു ജൂദാസ്‌ ജനിക്കുന്നു തുടങ്ങിയ കൃതികൾ വയലാറിന്റെ യശസ്സ്‌ ഉയർത്തി. 1975 ഒക്‌ടോബർ 27ന്‌ അദ്ദേഹം നിര്യാതനായി.

Generated from archived content: essay4_nov.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English