തീരദേശവാസികളുടെ ആശങ്ക അസ്ഥാനത്തല്ല

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയിൽ സുലഭമായിട്ടുളള കരിമണൽ ഖനനം ചെയ്യുന്നതിന്‌ തൽപ്പര കക്ഷികൾ ഗവൺമെന്റിനെയും ചില രാഷ്‌ട്രീയ പാർട്ടി നേതൃത്വത്തെയും സ്വാധീനിച്ചുകൊണ്ട്‌ സമ്മർദ്ദ തന്ത്രം പ്രയോഗിക്കുമ്പോൾ പ്രദേശവാസികൾ ഇതിനെതിരെ സംഘടിച്ചുകൊണ്ട്‌ സമരരംഗത്ത്‌ നിലയുറപ്പിച്ചിരിക്കുകയാണ്‌. പരിസ്ഥിതി പ്രേമികളും സജ്ജനങ്ങളുമായ ഒട്ടേറെ സഹൃദയരുടെ പിന്തുണ ഖനന വിരുദ്ധ സമരത്തിന്‌ ഉണ്ട്‌ എന്നുളളത്‌ ആശ്വാസകരമാണ്‌. കേരളത്തിന്റെ വ്യവസായ വളർച്ചയ്‌ക്കും നിലനിൽപ്പിനും കരിമണൽ ഖനനം ചെയ്യേണ്ടത്‌ ആവശ്യമാണെന്ന്‌ വാദിക്കുന്നവർ, പണ്ട്‌ ആലുവയിലെ വ്യവസായ സ്ഥാപനങ്ങളുടെ നിലനിൽപ്പിന്‌ വേണ്ടി പെരിയാറിനെ മറ്റൊരു കാളിന്ദിയാക്കുവാൻ കൂട്ടുനിന്നവരാണെന്ന വസ്‌തുത മറന്നുകൂടാ.

ആഗോളവത്‌ക്കരണത്തിന്റെയും ഉദാരവത്‌ക്കരണത്തിന്റെയും യാന്ത്രിക ലോകത്ത്‌ കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ ആലുവയിൽ തൊഴിൽശാലകൾ ഊർദ്ധശ്വാസം വലിക്കുന്ന കാഴ്‌ച ഇവർക്ക്‌ പാഠമാകുന്നില്ല. കരിമണൽ ഖനനത്തെ എതിർക്കണമെന്ന്‌ ഞങ്ങൾ പറയുന്നത്‌ പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും ചൂഷണം ചെയ്യുവാൻ പാടില്ല എന്ന താല്‌പര്യം മുൻനിർത്തിയാണ്‌. പ്രകൃതിയെ അക്ഷയ ഖനിയായി കാണുന്നവർ ഈ നാടിന്റെ ഭാവിയെക്കുറിച്ച്‌ ചിന്തിക്കുന്നേയില്ല. സ്വകാര്യ മേഖലയായാലും സംയുക്ത മേഖലയായാലും പരിസ്ഥിതിയുടെ നാശം ഈ നാടിന്റെ നിലനില്‌പ്പിനെ അപകടത്തിലാക്കുമെന്ന്‌ അനുഭവപാഠത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും. യാതൊരു ശാസ്‌ത്രീയ കാഴ്‌ചപ്പാടുമില്ലാതെ കേരളത്തിന്റെ സമ്പന്നമായ തീരമേഖല തീറെഴുതി തൊഴിൽ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർ ഒരിക്കലും നമുക്കനുയോജ്യരല്ല. ആറാട്ടുപുഴയിലെ പട്ടിണിപ്പാവങ്ങളുടെ പോരാട്ടത്തിന്‌ എല്ലാവിധ പിന്തുണയും ഞങ്ങൾ വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം ഈ പോരാട്ടത്തിൽ സഹായിക്കുന്ന സുമനസ്സുകളെ കാവ്യകൈരളി ഹൃദയപൂർവ്വം പ്രകീർത്തിക്കുകയും ചെയ്യുന്നു.

പത്രാധിപർ.

Generated from archived content: edit_nov.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English