മുഖക്കുറി

ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന നമുക്കെന്തോണം

“മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ….”

സമ്പൽ സമൃദ്ധിയാർന്ന നല്ലൊരു കാലത്തിന്റെ സ്‌മൃതികളുണർത്തി വീണ്ടും ഒരോണം. ഓണക്കോടിയുടുത്ത്‌ അത്തപ്പൂക്കളമിട്ടും, തുമ്പിതുളളിയും ഊഞ്ഞാലാടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഓണത്തപ്പനെ വരവേറ്റ്‌ സന്തോഷം പങ്കിടുകയാണ്‌ നാം.

പക്ഷേ!

ഒന്നിനു പിറകെ ഒന്നായി ഓരോ ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന നമുക്കെങ്ങനെയാണ്‌ ഓണമാഘോഷിക്കുവാൻ കഴിയുക.

വയനാട്ടിൽ കൃഷിനാശം മൂലം കടക്കെണിയിൽപെട്ടു ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരുടെ നീറുന്ന ഓർമ്മകളിൽ സ്വപ്‌നങ്ങൾ മരവിച്ച മനസ്സുമായും കർഷകകുടുംബങ്ങൾ അനന്തതയിലേക്കെങ്ങോ മിഴികൾ പായിച്ച്‌ നെടുവീർപ്പിടുന്ന നിശ്വാസങ്ങളിൽ വെന്തുരുകുന്ന നമുക്കെങ്ങനെയാണ്‌ ഓണമാഘോഷിക്കുവാൻ കഴിയുക.

തമിഴ്‌നാട്ടിലെ കുംഭകോണം ദുരന്തത്തിൽ വെന്തുമരിച്ച 91 പിഞ്ചുപൈതങ്ങളുടെ കത്തിക്കരിഞ്ഞ ചിത്രങ്ങൾ നമ്മുടെ മനസ്സിൽ ഓടിയെത്തുമ്പോൾ നമുക്കെങ്ങനെ ഓണമുണ്ണാനാകും. കുഴിമാടത്തിനരികിൽ വീണുകരയുന്ന മാതൃഹൃദയത്തിന്റെ തേങ്ങലുകളെ നമുക്കെങ്ങനെയാണ്‌ മറക്കാൻ കഴിയുക. ഈ ഓണനാളിൽ ഓണമാഘോഷിക്കുമ്പോൾ കുംഭകോണത്തെ നിർദ്ധനരും, കൂലിപ്പണിക്കാരുമായ കുടുംബങ്ങളിൽ, കൊഴിഞ്ഞുവീണ സ്വപ്‌നങ്ങൾ ദുഃസ്വപ്‌നങ്ങളായി രക്ഷിതാക്കളെ വേട്ടയാടുമ്പോഴും നമുക്കെങ്ങനെയാണ്‌ ഉളളു തുറന്ന്‌ സന്തോഷിക്കാൻ കഴിയുക.

ദുരന്തങ്ങൾ ഓരോന്നും മറക്കാൻ നാം ശ്രമിക്കുമ്പോഴും നമ്മുടെ കൊച്ചുകേരളത്തിൽ വീണ്ടും ദുരന്തങ്ങൾ ആവർത്തിക്കുകയാണ്‌. ഹോസ്‌റ്റലിൽ നിന്നു പഠിക്കാൻ പണമില്ലാത്തതിന്റെ പേരിൽ തലസ്ഥാനനഗരിക്കു സമീപം ബഹുനില കെട്ടിടത്തിന്റെ മുകളിൽനിന്ന്‌ ചാടി മരണത്തിന്റെ ആഴക്കയങ്ങളിലേയ്‌ക്ക്‌ നീന്തിത്തുടിച്ചുപോയ രജനി എസ്‌.ആനന്ദിന്റെ ദാരുണമായ അന്ത്യം ഈ കൊച്ചു കേരളത്തെ പിടിച്ചുലച്ചിരിക്കുന്നു. ഭരണക്കാരും ഭരണീയരും നോക്കിനിൽക്കേ സംസ്ഥാനമൊട്ടാകെ അക്രമപരമ്പരകൾ തെരുവ്‌ നാടകങ്ങളായി അരങ്ങേറിയപ്പോൾ സർക്കാരിന്റെ കണക്കുപുസ്‌തകത്തിൽ രേഖപ്പെടുത്താൻ വീണ്ടും കോടികളുടെ നഷ്‌ടങ്ങൾ രജനി.എസ്‌.ആനന്ദ്‌ എന്ന വിദ്യാർത്ഥിനിയുടെ മരണം മൂലം നാം വരുത്തിവെച്ചിരിക്കുന്നു.

ഇത്തരം ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന നമുക്കെന്തോണം. കാവ്യകൈരളിയുടെ ഈ ഓണപ്പതിപ്പ്‌ കുംഭകോണം ദുരന്തത്തിൽ വെന്തുമരിച്ച പിഞ്ചോമനകളുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. ഒപ്പം പറഞ്ഞു പഴകിയ വാക്കുകൾ വീണ്ടും ഇവിടെ കുറിക്കുകയാണ്‌. വായനക്കാർക്കെല്ലാം കാവ്യകൈരളിയുടെ ഓണാശംസകൾ….

പത്രാധിപർ

Generated from archived content: edit_aug.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here