കാറ്റ്‌

എനിക്കറിയേണ്ടത്‌

കാറ്റിനെപ്പറ്റിയാണ്‌.

മൃദുത്വവും

മിതത്വവും

രൗദ്രതയും

അത്‌ കൊളളും.

നേതാവും

കുറെ അനുയായികളും

ആകാശം തൊടുന്ന ചിറകുകൾ

മഹാസമുദ്രങ്ങളുടെ നടുവിൽ

കൂടുകെട്ടി വാസം.

ഈശ്വരൻ പറയുമ്പോൾ

എഴുന്നേറ്റു പറക്കും.

അപ്പോൾ

അന്തരീക്ഷം

പ്രകമ്പനം കൊളളും

മൃദുവായി

മിതമായി

രൗദ്രതയോടെ

കൽപ്പനയുടെ കണക്കുപോലെ ഇളകുന്നതും

ഒച്ചയിട്ടു ഒടിയുന്നതും

കിന്നാരം ചൊല്ലുന്നതും

കലിതുളളിച്ചാടുന്നതും

കാറ്റല്ല.

കാറ്റിന്റെ ഗമനഗതിയിൽ

സ്ഥലസ്ഥൂലതയുടെ

ഞെരുക്കമാണ്‌.

എനിക്കെന്നപോലെ

ഇപ്പോൾ

നിങ്ങൾക്കും മനസ്സിലായല്ലോ

കാറ്റ്‌ എന്തല്ല എന്ന്‌!

നന്ദി

കിതച്ചു തപിച്ച്‌

കുളമ്പുകൾ കല്ലിലുരച്ച്‌

തീപ്പൊരി വിതച്ച്‌

പുലരിതണുപ്പിനെ

വിയർപ്പിന്റെ കമ്പിളി പുതപ്പിച്ച്‌

മണൽത്തരിപ്പുകച്ചുരുളിൽ

ചോരമഴ വർഷിച്ച്‌

സാക്ഷിത്വം!

ഒരുപിടി പുല്ലിനും

ഒരു തുടം വെളളത്തിനും

ഒരാളോടുളള കൂറ്‌

ഇതാ,

ഒരായിരം തണ്ണീർക്കുടങ്ങൾ

പച്ചപ്പുൽക്കെട്ടുകളുടെ ആകാശക്കൂന…

ഹേ, മനുഷ്യാ!

ദാതാവിനു നേരെ

നിന്റേതായി

ഉണ്ടാകാതിരുന്നതെന്ത്‌

വിത്തുപിളർപ്പിന്റെ

ഒരു മുട്ടുകുത്തെങ്കിലും!?

Generated from archived content: poem10_nov.html Author: cheriyamundam-abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here