പാരതന്ത്ര്യനുകത്തിന്റെ
ഭാരം നീക്കിയ നാടിതിൽ
സ്വാതന്ത്ര്യം ഹാ മാനവർക്കു
മൃതിയെക്കാൾ ഭയാനകം!
ആദർശമൊക്കെയും ചത്തു
ചീഞ്ഞുനാറുന്ന ഭൂവിതിൽ
കൈയ്യും കാലിട്ടടിക്കുന്നു
പൗരബോധം മരിക്കുവാൻ!
മഹനീയതരം ത്യാഗം
നാടുവിട്ടു കടന്നുപോയ്
ദേശസ്‌നേഹമൊളിച്ചല്ലോ
സ്വാർത്ഥത്തിൻ പൊത്തുതോറുമേ!
വിനയത്തിന്റെ പൊന്നാട
വിറ്റുതിന്നു കഴിഞ്ഞ നാം
പൊങ്ങച്ചത്തിന്റെ തോൾമുണ്ടു
വീശി വീശി നടക്കയാം
അവകാശങ്ങൾ നേടീടാ-
നാഹ്വാനം സർവ്വ ദിക്കിലും;
കർത്തവ്യത്തെക്കുറിച്ചോർക്കാൻ
ആരുമില്ലൊരുദിക്കിലും!
Generated from archived content: poem1_nov.html Author: chemmanam_chacko