മന്നനു വരവേൽപ്പ്‌

ചന്ദ്രിക പെയ്‌തു പുഞ്ചിരി, ഓണ-

ച്ചന്തം മുഖമലരണിയുന്നു

ചിന്തുകൾ പാടി നടന്ന കിടാങ്ങൾ-

ക്കെന്തൊരു വിസ്‌മയ സന്തോഷം.

വറുതി വിഴുങ്ങിയ കഞ്ഞിക്കലമൊരു

ചെറുനിശ്വാസ മുതിർക്കുന്നു

കരിമിഴിമാരുടെ ഹൃദയദലങ്ങളി-

ലൊരു ചെറുപുഞ്ചിരി പടരുന്നു.

കാണംവിറ്റാണെങ്കിലുമോണം

കാണാ, മുണ്ണാ, മകതാരിൽ

കാണുകയാണൊരു സ്വപ്‌നം, നികുതി-

പ്പണമതിനൊഴിവാണാശ്വാസം.

പൂവിളിയുതിരും നേരമെനിക്കുൾ

പ്പൂവിലെ ദുരിതം വിരിയുമ്പോൾ

സ്‌മൃതിയിലുതിർപ്പൂ ശരണാഗതരുടെ

ഭരിത വിലാപപ്പൂവിളികൾ!

മാബലി മന്നനെയെതിരേറ്റീടാൻ

ഭാവന ചിറകു വിടർത്തുമ്പോൾ

ആമയമൊക്കെ മറന്നടിയങ്ങൾ

മാബലിമന്നാ വരവേൽക്കാം.

Generated from archived content: poem8_aug.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English