യാത്ര തുടങ്ങുന്നാരണ്യത്തിലെ
മാമലക്കെട്ടിലൂടെന്റെ സ്‌നേഹാർദ്രമാം പുഴ
തരുനിരകളെ പുല്‌കിയണഞ്ഞിടുമോരോ ചോലയും
മിനറൽ വാട്ടർ സംഭരണിയായ് മാറിടുന്നു.
മർത്ത്യന്റെ പേക്കൂത്തിനുത്തരം കാണാതെ
ഈശ്വര ദാനമാം കല്ലോലിനീ വാരി,
വിറ്റഴിച്ചീടുന്നു തായ്‌വേരറുക്കാനായ്.
വിധി സരുത്തിനെ ഇന്നിതാ,
തലോടുന്നു തീഷ്‌ണമായ്….
ഭൂമിയിൽ ലാവണ്യപ്പൂന്തോപ്പൂ സൃഷ്‌ടിക്കും
പുഴയിപ്പോൾ വാണിജ്യ ദ്രവ്യമായ് മാറി
ജീവജലം വറ്റി വരണ്ടുപോയ് തരംഗിണി
മഴ മാറി വന്നപ്പോൾ മെല്ലെ മെലിഞ്ഞ
ഓരോ തടിനിയും ഉളളിലൊളിപ്പിച്ച,
പൂക്കിനാവോരോന്നു തെല്ലുവേഗേന
നഷ്‌ടമായ് പോകുന്നതോർത്തിട്ട്
ഹൃത്തിന്റെ വിങ്ങലിൽ ഊഷര സൃഷ്‌ടി
തുടങ്ങുന്നു വൃഥാകുലയായ്
സംസ്‌ക്കാരക്കെട്ടു പാകുമോരോ നദികളും
മായുന്നു, മറയുന്നു നഷ്‌ടമായി പോകുന്നു
തെല്ലാശ്വാസമേകാൻ വചനങ്ങളൊന്നും
കേട്ടില്ല, കണ്ടില്ല കേഴുന്നഹോ! നദി….
Generated from archived content: poem7_nov.html Author: ammu_kakkakottur