മുഖക്കുറി

ഈ ലക്കം പത്രാധിപരുടെ കോളത്തിൽ മാസികയെപ്പറ്റി തന്നെയാവട്ടെ! കേരളത്തിനെറ വിവിധഭാഗങ്ങളിൽ നിന്ന്‌ ദിനം പ്രതിയെന്നോണം ചെറുകിട പ്രസിദ്ധീകരണങ്ങൾ കെട്ടുകണക്കിന്‌ പുറത്തിറങ്ങുന്നുണ്ട്‌. പലതും സമാന്തരപ്രസിദ്ധീകരണരംഗത്ത്‌ തങ്ങളുടേതായ ചില ശബ്‌ദങ്ങൾ കേൾപ്പിക്കണമെന്നാഗ്രഹിച്ചുകൊണ്ടാണ്‌ അക്ഷരസ്‌നേഹികളെ തേടി എത്തുന്നത്‌. പക്ഷെ ചില പ്രസിദ്ധീകരണങ്ങൾ ഒന്നോ-രണ്ടോ ലക്കത്തിനുശേഷം വിസ്‌മൃതിയിലാണ്ട്‌ പോകുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. പരസ്യങ്ങളുടെ പിൻബലത്തിൽ മാത്രം എന്നും മിനിമാസികകൾക്ക്‌ പിടിച്ചു നിൽക്കാനാവില്ല. ഇത്തരം ചെറുകിട പ്രസിദ്ധീകരണങ്ങൾക്ക്‌ ഒരു കൈതാങ്ങായി എഴുത്തുകാർ തന്നെ മുന്നോട്ടിറങ്ങേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങളും ഏറെ നഷ്‌ടം സഹിച്ചു കൊണ്ടാണ്‌ ഓരോ ലക്കവും പുറത്തിറക്കുന്നത്‌ എന്ന കാര്യവും സാഹിത്യ സുഹൃത്തുക്കൾ മറക്കരുത്‌. ലാഭ-നഷ്‌ട കണക്ക്‌ കൂട്ടലുകൾ നടത്താതെ ഒരു സാഹിത്യപ്രവർത്തനമായി കണക്കാക്കി പ്രസിദ്ധീകരിക്കുന്ന കാവ്യകൈരളിക്ക്‌ എന്നും ജീവവായുവായി എഴുത്തുകാർ തന്നെ നിലകൊളളണമെന്ന്‌ അഭ്യർത്ഥിക്കുന്നു. തങ്ങളുടെ രചനകൾ അയയ്‌ക്കുമ്പോൾ വാർഷിക വരിസംഖ്യയും ചേർത്തയക്കുകയാണെങ്കിൽ മുടക്കം കൂടാതെ മാസിക പ്രസിദ്ധീകരിക്കുവാൻ കഴിയും. ഇത്‌ കാവ്യകൈരളിയുടെ ആറാമത്‌ ലക്കമാണ്‌. സ്ഥിരമായി മാസിക അയച്ചു കൊടുത്തിട്ടും ചുരുക്കം ചിലർ മാത്രമാണ്‌ വരിസംഖ്യ അയച്ചു തരികയും പ്രതികരിക്കുകയും ചെയ്‌തിട്ടുളളത്‌. പ്രതികരണശേഷി നഷ്‌ടപ്പെട്ട ഒരു ജനതയായി മാറാതെ ഓരോ ലക്കവും കൈപ്പറ്റുമ്പോൾ ഒരു കാർഡിലെങ്കിലും പ്രതികരണം അറിയിക്കുകയാണെങ്കിൽ മാസിക കൈപ്പറ്റി എന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പാക്കാൻ കഴിയും. ഒരു ലക്കവും മുടങ്ങരുത്‌ എന്നാഗ്രഹിച്ചുകൊണ്ട്‌ പതിനാറു പേജിൽ ധാരാളം രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാറുളള കാവ്യകൈരളി സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഈ ലക്കം ഇൻലന്റ്‌ മാസിക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.

വാർഷിക വരിസംഖ്യയും രചനകളും അയക്കുകയും, അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും അറിയിക്കുകയും ചെയ്‌ത്‌ കാവ്യകൈരളിയോട്‌ സഹകരിക്കുക!

Generated from archived content: edit_feb.html Author: aala_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here