കവിത വൃത്തത്തിൽ നിന്ന് സ്വതന്ത്രമായിട്ട് നാളേറെയായി. വൃത്തത്തിലെഴുതിയാലും ഇല്ലെങ്കിലും വരികളിൽ കവിതയുണ്ടോ എന്നതാണ് പ്രധാനമെന്ന് ഇന്ന് പൊതുവെ സമ്മതി നേടിയ കാര്യമാണ്. എങ്കിലും വൃത്തത്തിലുള്ളത് മാത്രമാണ് കവിതയെന്ന് ഇന്നും വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു.
കവിതയിലെ ഇത്തരം ശാഠ്യങ്ങളെപ്പറ്റി കവി സച്ചിദാനന്ദൻ എഴുതിയ കുറിപ്പ് വായിക്കാം :
“നിയത വൃത്തങ്ങളില്‍ എഴുതിയാലേ കവിതയാകൂ എന്ന് വിശ്വസിക്കുകയും വൃത്തത്തില്‍ എഴുതിയ പൊട്ടക്കവിതകളെക്കൂടി കവിതകളായി കാണുകയും ചെയ്യുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നു ഒരു സമീപകാല ചര്‍ച്ചയിലാണ് ഞാന്‍ മനസ്സിലാക്കിയത് . ഞാന്‍ വൃത്ത വിരോധിയല്ല, ഇപ്പോളും ചിലപ്പോളൊക്കെ വൃത്തങ്ങളില്‍ കവിത വരാറുണ്ട്, എല്ലാ തരം വൃത്തവും വഴങ്ങുകയും ചെയ്യും. സ്കൂളില്‍ സ്രഗ്ദ്ധരയിലും ഇന്ദ്രവജ്രയിലും ഒമാര്‍ ഖയാമിനെ തര്‍ജുമ ചെയ്താണ് എന്റെ കാവ്യപ്രവേശം തന്നെ. എന്നാല്‍ വൃത്തത്തിലും ഗദ്യത്തിലും മുക്തഛന്ദസ്സിലും എല്ലാം നല്ലതും ചീത്തയുമായ കവിതകള്‍ ഉണ്ടാകാമെന്നും വൃത്തം കവിതയ്ക്ക് ആനുഷംഗികമാണ്, അനിവാര്യമല്ലഎന്നും ഭാവനയുടെയും ചിന്തയുടെയും വാഗ്ക്രമത്തിന്റെയും ഘടനയുടെയും ചൈതന്യവും അപൂര്‍വ്വതയുമാണ് കവിതയുടെ മേന്മ നിശ്ചയിക്കുന്നതെന്നും ഇന്ന് ലോകത്ത് ഒരു സമവായം ഉണ്ടെന്നു തന്നെയാണ് എന്റെ ബോധ്യം. ഇത് നാം പല കുറി ചര്‍ച്ച ചെയ്തതാണ്, അറുപതുകള്‍ മുതല്‍, എങ്കിലും ചര്‍ച്ച തീര്‍ന്നില്ലെന്നു തോന്നിയത് കൊണ്ട് ഇത്രയും .”