(“പോയട്രി’ എന്ന പേരിൽ ഇംഗ്ലീഷിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള ചിലിയൻ മഹാകവി പാബ്ലോ നെറൂദായുടെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തനമാണിത്)
ആ കാലഘട്ടത്തിൽ, എന്നെയും തേടി
കവിതയാം പെണ്ണുവന്നെത്തി.
ഞാനറിഞ്ഞില്ല, എങ്ങുനിന്നറിഞ്ഞീല.
മഞ്ഞുകാലത്തിൽനിന്നോ,
പുഴതൻ ഹൃത്തിൽ നിന്നോ.
ഞാനറിഞ്ഞില്ല, എപ്പോഴെന്നറിഞ്ഞീല.
സ്വനമല്ലവൾ, വാചാലമാം വാക്കല്ല,
മൗനത്തിൻ മൂകമുഖമല്ലവൾ,
ഒരു വിളി,
ഏതോ തെരുവിൽനിന്നും,
കറുത്തരാവിൻ പടരും കൈവഴികളിൽ നിന്നും,
പിന്നെ ദ്രുതമായ് മറ്റുപലതിൽ നിന്നും വന്നു.
എരിയും തീകൾക്കിടയിൽ,
ഒരേകാന്തമാം മടക്കത്തിൽ,
മുഖമില്ലാതെ നിന്നു ഞാനപ്പോൾ,
അവളൊരു സ്പർശം മാത്രം.
ഒന്നും വിളിക്കാനറിയാതെ,
പേരുകൾക്കിടയിലെൻ നാവുഴറുമ്പോൾ,
കണ്ണിലിരുൾനിറയുമ്പോൾ,
ഉള്ളിന്നുള്ളിലെന്തോ ചലിച്ചു,
ഒരു പനിതൻ വിറയലോ?
മറന്ന പഴയതാമേതോ ചിറകോ?
അതിനെ അറിയാൻ കിണഞ്ഞു ശ്രമിക്കെ
അറിയാതാദ്യത്തേതാം വരി ഞാനെഴുതിപ്പോയി.
അവ്യക്തം, അതിലോലം, അഘനം,
ശുദ്ധമാമസംബന്ധം,
ഒന്നുമറിയാത്തവൻ പാടും
ശുദ്ധമാം തത്വജ്ഞാനം.
പറുദീസകളണപൊട്ടി വീണുപോയ്,
കൂടെ താരാപഥങ്ങൾ,
കിതക്കും വിശാലപ്പരപ്പുകൾ,
തുളകൾ നിറയും ശിഥിലം നിഴലും,
കൂടെയഗ്നിമഴയുമസ്ത്രങ്ങളും,
ഒത്തിരി സുമങ്ങളും,
പിരിയയയും രാവും,
പിന്നെയിപ്രപഞ്ചവും.
അണുവായി ഞാൻ,
നക്ഷത്രങ്ങൾ നിറയും
ശൂന്യതാ മധുവുണ്ടുന്മത്തനായ്,
അതുപോലതിൻറേതാം ഗൂഢമാം പതിപ്പായി,
അന്തരാളത്തിന്നമലാംശമായ്, താരങ്ങളെ
പുൽകി ഞാനുരുണ്ടേ പോയ്!
കാറ്റിന്‍റെ വിരിപ്പിലെന്നുൾത്തടം സ്വതന്ത്രമായ്!
വളരെ നന്നായിട്ടുണ്ട് നായർ നിങ്ങളുടെ ഈ പരിഭാഷ.
വളരെ നന്ദി!!