(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ എട്ടാമത്തെ കഥാപ്രസംഗം)
സ്നേഹത്തിന്റെ മുമ്പില്‍ ഏതു ക്രൂരഹൃദയമാണ് അലിഞ്ഞു പോകാത്തത്?
”സ്നേഹത്തിന്‍ മണി ദീപികയെന്നും
നമ്മുടെയുള്ളില്‍ തെളിയട്ടെ
നമ്മുടെയുള്ളില്‍ വിരിയട്ടെ”
അതെ ഒരമ്മപ്പശുവിന്റെ സ്നേഹവാത്സല്യങ്ങള്‍ക്കു മുമ്പില്‍ തോറ്റു പോയ ഒരു പുലിയച്ചന്റെ കഥയാണ് ഇവിടെ കഥാപ്രസംഗ രൂപേണ അവതരിപ്പിക്കുന്നത്. അതാണ്, ‘കാവേരിയുടെ കണ്ണുനീര്‍’
സഹൃദയരെ വരൂ, നമുക്കല്പ്പനേരം പവിഴമലയിലേക്കു പോകാം. കരിവീട്ടിയും ചന്ദനവും ഇടതിങ്ങി നില്‍ക്കുന്ന ഹരിതാഭമായ പവിഴമല.
”പുത്തനിലഞ്ഞികള്‍ നൃത്തം വയ്ക്കും
കുറുഞ്ഞി പൂക്കും പവിഴമല
മയിലും കുയിലും പാടി രസിക്കും
മരുതുകള്‍ തിങ്ങും പവിഴമല”
കണ്ണും കരളും കുളീര്‍പ്പിക്കുന്ന അതിമനോഹരമായ ഒരു വനപ്രദേശം. അതാ നിങ്ങള്‍ ഒരു നിമിഷം കാതോര്‍ത്തു നോക്കു. ഹൃദയഹാരിയായ ഒരു പുല്ലാനുഴല്‍ നാദം. ആരാണ് ഈ കാടിന്റെ നടുവിലിരുന്ന് ഇങ്ങനെ പുല്ലാങ്കുഴല്‍ വായിക്കുന്നത് ? ങാ അത് മുരുകന്റെ പാട്ടാണ് !…
പവിഴമലയില്‍ നിത്യവും കാലികളെ മേച്ചു നടക്കുന്ന മുരുകന്റെ പാട്ട്. മുരുകന് ധാരാളം പശുക്കളുണ്ട് എങ്കിലും കവേരിയോടാണ് അവന് കൂടുതലിഷ്ടം. പൈക്കളെയെല്ലാം നോക്കിയിരിക്കെ അവന്‍ വീണ്ടും വീണ്ടും പുല്ലാങ്കുഴലിന്റെ സംഗീതത്തില്‍ അലിഞ്ഞ് അറിയാതെ ഒന്നു മയങ്ങി.
”പെട്ടന്നാവഴി പമ്മിയണഞ്ഞു
ഗംഗയ്യന്‍ പുലി കെങ്കേമന്‍
നല്ലൊരു പയ്യിനെ വായിലൊതുക്കാന്‍
മറഞ്ഞിരുന്നു കെങ്കേമന്‍!”
ഈ സമയത്താണ് ഇളം പുല്ലും നുണഞ്ഞുകൊണ്ട് കാവേരിപ്പശുവും കൂട്ടുകാരും അതുവഴി വന്നത്. പുല്ലു തിന്ന് അവരുടെ വയറു നിറഞ്ഞു. കാട്ടു ചോലയില്‍ ചെന്ന് വെള്ളം കുടിക്കാമെന്ന് ഒരു പശുവമ്മ കാവേരിയോടു പറഞ്ഞു. പക്ഷെ കാവേരി അത് സമ്മതിച്ചില്ല.
” അയ്യോ ഞാനില്ല എന്റെ കണ്ണന്‍ കിടാവ് ഇപ്പോള്‍ വിശന്നു വലഞ്ഞ് എന്നെ കാത്തിരിക്കുന്നുണ്ടാവും” ഇതു കേട്ട് മറ്റു പശുക്കള്‍ പല വഴിയേ പോയി.
കാവേരി കണ്ണന്‍ കിടാവിന്റെ അടുത്തേക്കു നടന്നു.
” ഗര് ര്‍ ര്‍ ര്‍ … ഒരലര്‍ച്ചയോടെ ഗംഗയ്യന്‍ പുലി കാവേരിയുടെ മുന്നില്‍ ചാടി വീണൂ.
” എനിക്കു നല്ല വിശപ്പുണ്ടല്ലോ
നിന്നെക്കൊല്ലും ഞാനിപ്പോള്‍
മാന്തിക്കീറിച്ചോര കുടിക്കും
തിന്നു രസിക്കും മൂക്കറ്റം!”
ഈ ആക്രമണം കാവേരി ഒട്ടും പ്രതീക്ഷിച്ചതല്ല അവള്‍ പറഞ്ഞു.
” ഗംഗയ്യാ എന്റെ കുഞ്ഞ് വിശന്നു കാത്തിരിക്കുകയാണ് അവനു പാലു കൊടുത്തിട്ട് ഞാനുടനെ വരാം. എന്നിട്ടു നീയെന്നെ തിന്നോളൂ ” കാവേരിയുടെ വാക്കുകകള്‍ ഗംഗയ്യനു വിശ്വാസമായില്ല.
അവന്‍ പറഞ്ഞു
” അമ്പടി എന്നെപ്പറ്റിച്ചോടാന്‍
കള്ളിപ്പെണ്ണെ നോക്കണ്ട
നിന്നെത്തിന്നിട്ടല്ലാതെ ഞാന്‍
തിരികെപ്പോകില്ലോര്‍ത്തോളൂ”
കാവേരി പറഞ്ഞു.
” ഗംഗയ്യ, നീയെന്നെ വിശ്വസിക്കു ഈ നില്‍ക്കുന്ന നീലക്കുറിഞ്ഞി സാക്ഷിയായി ഞാന്‍ സത്യം ചെയ്യുന്നു. ഞാന്‍ മടങ്ങി വരും തീര്‍ച്ച. ഇതൊരു പെറ്റമ്മയുടെ കണ്ണീരാണ്”
ഇതു കേട്ട് ഗംഗയ്യന്‍ ചെറുതായി ഒന്നലിഞ്ഞു അവന്‍ പറഞ്ഞു.
” എങ്കില്‍ പശുവെ വേഗം പോയ് നീ
കുഞ്ഞിനു പാലു കൊടുത്തോളൂ
പറ്റിക്കാനായ് ഭാവിച്ചെന്നാല്‍
കുഞ്ഞിനെയും ഞാന്‍ തിന്നീടും ”
ഗംഗയ്യന്റെ അനുവാദം കിട്ടിയതോടെ കാവേരി അതിവേഗത്തില്‍ വീട്ടിലേക്കോടി കാവേരി പറ്റിച്ചു കടന്നുകളഞ്ഞെങ്കിലോ എന്നോര്‍ത്ത് അവളറിയാതെ ഗംഗയ്യന്‍ പിന്തുടരുന്നുണ്ടായിരുന്നു. ഈ സമയം കണ്ണന്‍ കിടാവ് പൊരിയുന്ന വയറോടെ അമ്മയെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
” എന്താ അമ്മയിത്ര വൈകിയത്? എനിക്കു വിശന്നിട്ടു വയ്യ” അവന്‍ ആര്‍ത്തിയോടെ അമ്മയുടെ പാലു നുകരാന്‍ തുടങ്ങി.
” മോനേ വേഗമാകട്ടെ അമ്മക്കിപ്പോള്‍ തന്നെ പോകണം. നിന്നേക്കാള്‍ വിശന്ന് ഗംഗയ്യ പുലി എന്നെ കാത്ത് കിടക്കുകയാണ്.”
” എന്ത് അമ്മ പുലിക്കു തീറ്റയാകുമെന്നോ?”
” അതെ മോനേ ഞാനവന്‍ വാക്കു കൊടുത്തു പോയി ” ഇതു കേട്ട് കണ്ണന്‍ കിടാവ് കരയാന്‍ തുടങ്ങി
” അമ്മേ അമ്മേ നീ പോയെന്നാല്‍
പിന്നെയെനിക്കാരുണ്ട്
പാലൂട്ടാനും താരാട്ടാനും
കണ്ണനു പിന്നീടാരുണ്ട്”
മകന്റെ കണ്ണീരു തുടച്ചു കൊണ്ട് കാവേരി പറഞ്ഞു.
” കണ്ണാ പശുക്കള്‍ക്കു വാക്ക് പ്രാണനു തുല്യമാണ്. അമ്മക്ക് വാക്ക് പാലിച്ചേ മതിയാക്കു ” കാവേരി ഉടനെ തന്റെ മിത്രങ്ങളായ പശുക്കളെയെല്ലാം വിളിച്ചു കൂട്ടി. അവള്‍ സകല വിവരങ്ങളും അവരെ അറിയിച്ചു.
” തള്ളയില്ലാത്ത എന്റെ കണ്ണന് ഇനി നിങ്ങളാണ് കാവല്‍. നല്ലതു ചൊല്ലിക്കൊടുത്ത് അവനെ നന്നായി വളര്‍ത്തണം ” അവള്‍ പോകാനൊരുങ്ങി കണ്ണന്‍ കിടാവ് അവളെ തടഞ്ഞൂ
” പോകരുതമ്മെ പോകരുതമ്മെ
കൈവെടിയരുതെ കണ്ണനെ നീ”
മറ്റു പശുക്കള്‍ ബലമായി കണ്ണനെ കാവേരിയില്‍ നിന്നും അകറ്റിക്കൊണ്ടു പോയി. കാവേരി എല്ലാവരോടു യാത്ര പറഞ്ഞ് പോകാനായി തിരിഞ്ഞു. അപ്പോഴാണ് മുന്നില്‍ ഗംഗയ്യന്‍ വന്നു നില്‍ക്കുന്നത് കണ്ടത്.
” എന്താ ഗംഗയ്യാ, ഒരു വല്ലായ്മ നിനക്കു വിശന്നു പോയോ? എങ്കില്‍ തല്‍ക്കാലം എന്റെ കുടിച്ചു വിശപ്പു മാറ്റു. അപ്പോള്‍ എന്നെ കൊല്ലാനുള്ള ശക്തി നിനക്കു കിട്ടും”
അത്ഭുതം ! ആ നിമിഷത്തില്‍ പുലിയുടെ കണ്ണുകള്‍ നിറയുന്നത് കാവേരി കണ്ടു ” എന്തു പറ്റി?” അവള്‍ ചോദിച്ചു.
” കാവേരി ഞാനെല്ലാം കണ്ടു. എല്ലം കേട്ടു നിന്റെ മാതൃ സ്നേഹത്തിനു മുന്നില്‍ ഞാന്‍ തോറ്റിക്കുന്നു”. അവന്‍ കണ്ണീരോടെ കാവേരിയുടെ കാല്‍ക്കല്‍ വീണൂ.
”പൊട്ടിക്കരയും പുലിയുടെ തലയില്‍
മെല്ലെത്തഴുകി കാവേരി
അവന്റെ കണ്ണീര്‍ തുടച്ചുവല്ലോ
നല്ലവളാകും കാവേരി !”
സഹൃദയരേ മാതൃവാത്സല്യവും സ്നേഹത്തിന്റെ ശക്തിയും കൈകോര്‍ക്കുന്ന ” കാവേരിയുടെ കണ്ണുനീര്‍” ഇവിടെ പൂര്‍ണമാകുന്നു.
Click this button or press Ctrl+G to toggle between Malayalam and English