കാവേരി

 

c3at-htwgaaggzg

അസ്ഥിവരെ വറ്റി അവള്‍ കിടന്നു
മേയ്മാസചൂടില്‍
മൃഗതൃഷ്ണകളുയര്‍ത്തി
ചുട്ടുരുകുമൊരു മണല്‍ക്കാടായി

ജീവാംശം പരിത്യജിച്ച ദക്ഷിണഗംഗ
വിരസമാമൊരു നാടിനെച്ചുറ്റിക്കിടന്നു
നീളുമൊരു നാടപോൽ
പ്ലാസ്റ്റിക്ക് കുപ്പയും ഉണക്കപ്പുല്ലും
പൊന്തത്തീകളും പുകയും ചൂഴ്ന്ന്..

ട്രക്കുകളസംഖ്യമവളുടെ ഇരുകരയിലും വരിനിന്നു
വിശന്നാളും കാലിവയറുമായ്
അവളുടെ മാറിടമണല്‍ത്തട്ടിലിരമ്പിയേറാന്‍
മാംസം വിഴുങ്ങി വയർ നിറക്കാൻ

ആദ്യമിറങ്ങിയവർ
ആർത്തിപൂണ്ടവളുടെ മാംസസദ്യയുണ്ടു
പെരുത്തോരുപിണമേറി പുളയും പുഴുക്കളെപ്പോൽ –
ഹോ! ഏന്തൊരു ഘോരമാം ശവംതീനിപ്പേക്കൂത്ത്!

നിരനിരയായ് അവളുടെ ഇരുകരകളിലും വരിനിൽക്കും
കുടിലുകൾ വറ്റിവരണ്ട പൈപ്പുകൾക്ക് കാവൽനിന്നു
അറിയാ ദൈവങ്ങളിൽനിന്നും നിനച്ചിരിയാതെ
വന്നിറങ്ങും കനിവിൻ കണികകൾ കാത്ത്

മേൽമഴുവൻമൂടും സോപ്പിൻ
പതകളയാൻ ഒരു വൃദ്ധൻ ചോരും
തുരുമ്പൻ ബക്കറ്റിൻ അടിഭാഗം പേറും
ഒരുപിടി ചളിവെള്ളത്താൽ പണിപ്പെട്ടു നിന്നു

സത്യം മറയ്ക്കും കറുംകണ്ണടയിട്ടവർ
ദൂരെ കടകളിൽനിന്നും വാങ്ങിയ
വിലപിടിച്ച വെള്ളക്കുപ്പികൾ ചുണ്ടിലൊപ്പി
ഇരയ്ക്കും കാറുകളിൽ ചീറിനീങ്ങി –
ദാഹിക്കും തെരുവുകളത് നോക്കിനിന്നു

അവൾ ലോപാമുദ്ര –
അസ്ഥിരലോകസമുദ്രത്തെ
മന്ഥനം ചെയ്ത് അമരത്വത്തിൻ
അമൃത് തേടുവാനായ്
അമരർ നിയോഗിച്ചൊരപ്സരസുന്ദരി
പിന്നെ ഋഷിജ്ഞാനപത്നി
കരുണാസ്വരൂപിണി
അടക്കാനാവാത്ത ഭൂതദയയാൽ
അഗസ്ത്യകമണ്ഡലുവിൽനിന്നും വിടവാങ്ങി
പ്രേമഗീതങ്ങൾ പാടി
ഊഷരഭൂവിഭാഗങ്ങൾ നനച്ചുൾക്കുളിരേകി
അനന്തതാനാഗതൽപത്തിൽ പള്ളികൊള്ളും
സത്യത്തിൻ പ്രത്യക്ഷകാലപ്രത്യക്ഷവിഗ്രഹത്തിൻ
പത്മപാദം കഴുകിയൊഴുകാൻ
വഴിയിൽ ത്രികാലത്തിൻ മൂന്നമ്പലം ദർശിച്ച കന്യ

അവൾ മരിച്ചുകിടന്നു –
കൂമ്പിയ കൈകളിൽ ജലവുമേന്തി
മേഘമറകളെമാറ്റിയുദിക്കുന്ന
ശോണസൂര്യനെ നോക്കി
മുറതെറ്റാതതിരാവിലെ
എൻറച്ഛൻപെങ്ങൾ സ്തുതിച്ചുള്ള
മഹാപൂർവപുരാതനപുണ്യം

വണ്ടിക്കണക്കിനവളുടെ മണൽചേർന്ന്
കോൺക്രീറ്റ് സൌധങ്ങളൊരുപാടുയരാം
ചിട്ടയില്ലാതലങ്കോലമായ് നാട്ടിൻപുറങ്ങളിൽ
അവയിലേറാം മൺവിളക്കേന്തി
നവവധുക്കൾ വിറക്കുമധരങ്ങളിൽ
മന്ത്രപുഷ്പങ്ങൾ പേറി
കണ്ണിൽ വിഴിയും കിനാക്കളുമായി

ഒത്തുപാടുമോ, കാവേരി, നീ വീണ്ടുമവരോടുകൂടി
ഈണത്തിൽ പണ്ടത്തെ നിൻറെ അപ്സരരാഗാവലി?
അതോ, തടവിൽ കിടക്കുമവരുടെ
ആത്മാക്കൾതൻ ഗദ്ഗദമൊപ്പി
ആർത്തുകരയുമോ ചുവരിൽ കുടുങ്ങിയ
നിൻറെ പഞ്ചാരമണൽത്തരി?

________________________

 

കാവേരീതീരത്തൂടെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഈ കവിതക്ക് ആസ്പദം. കാവേരി പാലാഴിമഥനസഹായാർത്ഥം ഭൂമിയിൽ വന്ന ലോപാമുദ്ര എന്ന് പേരുള്ള അപ്സരസ്സാണെന്നാണ് ഐതിഹ്യം. പിന്നീട്, അവൾ അഗസ്ത്യമുനിയെ വിവാഹം കഴിക്കുകയും, തദനന്തരം, ലോകസേവനതൽപ്പരയായി ഋഷിവര്യൻറെ കമണ്ഡലുവിൽ നിന്നും പ്രവഹിച്ച് കാവേരി നദിയായിത്തീർന്നു എന്നുമാണ് കഥ. അനന്തശായിയായ ശ്രീ രംഗനാഥസ്വാമിയുടെ മൂന്ന് പുണ്യക്ഷേത്രങ്ങൾ കാവേരിതീരത്താണ് സ്ഥിതി ചെയ്യുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here