നാടോടി സംഗീത രംഗത്തും നാടക രംഗത്തും അതുല്യ പ്രതിഭയായ കാവാലം നാരായണപ്പണിക്കർക്കെതിരെ മോഷണ ആരോപണം. ദളിത് വിഭാഗത്തിൽപ്പെട്ട വെട്ടിയാർ പ്രേംനാഥിന്റെ രചനകൾ കാവാലവും പ്രൊഫസർ അനന്ദക്കുട്ടനും മോഷ്ടിച്ചു എന്ന ആരോപണവുമായണ് പ്രേംനാഥിന്റെ കൊച്ചുമകൾ രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിപക്ഷം മാസികയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. അതിനോടൊപ്പം അവർ ഇതിന് തെളിവുകളും നിരത്തുന്നുണ്ട്.
പ്രശസ്ത നാടൻ പട്ടുകാരനായിരുന്ന പ്രേംനാഥിന്റെ ഒരു ആയുഷ്കാലത്തെ പ്രയത്നമാണ് ലബ്ധ പ്രതിഷ്ഠരായ ആരോപണ വിധേയർ എടുത്തത് എന്നാണ് കൊച്ചുമകൾ പ്രമീള ദേവി പറയുന്നത്.
പ്രമീള പ്രേംനാഥിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം:
കലേഷിന്റെ കവിത മോഷ്ടിക്കപ്പെട്ടത് പോലെയുള്ള സംഭവങ്ങൾ ഇതാദ്യമായല്ല കോളേജ് സാറന്മാർ ഇതിനുമുമ്പും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട് നിസ്സാരൻമാർ ഒന്നുമല്ല ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുള്ളത് സാരൻ മാർ ആയവരാണ്. കലേഷിന്റെ കാര്യം പുറത്തുവന്നത് സന്തോഷം തന്ന കാര്യമാണ് അതിനാലാണ് വർഷങ്ങൾക്ക് മുമ്പ് അതിനിരയായ ഒരു പാവപ്പെട്ട മനുഷ്യനെക്കുറിച്ച് പറയണമെന്ന് തോന്നിയത്.
വെട്ടിയാർ പ്രേംനാഥ്
1947 മുതൽ നാടോടിപ്പാട്ടുകളുടെ ശേഖരണത്തിന് തുടക്കം.
നാലായിരത്തിലധികം നാടൻപാട്ടുകളും 350 ലേറെ നാടൻകലകളും വെളിച്ചത്തുകൊണ്ടുവന്നു.
അവ ശേഖരിക്കുന്നതിനായി ഇന്ത്യ മുഴുവനും സഞ്ചരിച്ചു. പ്രശസ്തനായ നാടൻ പാട്ടുകാരൻ.
ഉടുതുണിക്ക് മറുതുണിയില്ലാതെ വിശപ്പടക്കുവാൻ ആഹാരമില്ലാതെ പട്ടിണിയും പരിവട്ടവുമായി യാതനയും വേദനയും പേറി കൃമി തുല്യരായി ഈ മണ്ണിൽ ജീവിച്ച ഒരു കൂട്ടം മനുഷ്യർ.
ജന്മിമാർക്ക് ഇഷ്ടാനുസരണം കന്നുകാലികളെപ്പോലെ വിൽക്കുന്നതിനും വാങ്ങുന്നതിനും എന്തിന് കൊല്ലുന്നതിനും. മഴയത്തും മഞ്ഞത്തും വെയിലത്തും കണ്ണു കീറി വെളുക്കുന്നത് മുതൽ ഇരുട്ടുന്നതു വരെ പണിയെടുപ്പിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അടിയാളൻ. ഇവരിൽ നിന്നുമാണ് അവരിലൊരാളായി പ്രേംനാഥ് തൻറെ കർമ്മ മണ്ഡലത്തിലേക്ക് വരുന്നത്.
അടിയാളൻറെ ചരിത്രവും ജീവിതവും സംസ്കാരവും ഒക്കെയായ പാട്ടുകളും കലകളും അനുഷ്ഠാനങ്ങളും എല്ലാംതന്നെ വേറിട്ട ഒരു സംസ്കാരവും ജീവിതവുമാണ് പ്രതിനിധാനംചെയ്യുന്നത് എന്നുള്ള തിരിച്ചറിവാണ് ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻറെ പ്രചോദനം.
അദ്ദേഹം ശേഖരിച്ച കേരളത്തിലെ നാടോടിപ്പാട്ടുകളും കലകളും അതിലുള്ള ചിലത് പ്രസിദ്ധീകരിച്ചപ്പോൾ അടിയാളന് ചരിത്രം രചിക്കുന്നു എന്ന് പരിഹസിച്ച് തൻറെ കർമ മണ്ഡലത്തിൽ നിന്നും ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ അന്നത്തെ ചില സവർണ സാംസ്കാരികനായകർ ശ്രമിച്ചത്. അദ്ദേഹത്തെയും ഭാര്യയും വിളിച്ചുവരുത്തി സവർണ മാടമ്പിമാർ ആ പുസ്തകത്തിൻറെ കോപ്പികൾ അവരുടെ മുന്നിലിട്ടു ചുട്ടുകരിച്ചു.
അടിയാളനായി ജനിച്ചതുകൊണ്ടുമാത്രം കർമ മണ്ഡലത്തിൽ നീതി നിഷേധിക്കപ്പെട്ടു. വിശ്രമരഹിതമായ അലച്ചിലും കഠിനാധ്വാനവും അദ്ദേഹത്തെ രോഗിയാക്കി. നിരന്തരമായ അലച്ചിലിനും കഷ്ടപ്പാടിനും പട്ടിണിക്കും അറുതി വരുത്തികൊണ്ട് 1973 സെപ്റ്റംബർ എട്ടിന് ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു.
ജീവിച്ചിരുന്നപ്പോൾ സാമ്പത്തികപരാധീനത കാരണം അദ്ദേഹത്തിന് ആ ശേഖരം മുഴുവനും പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞില്ല.
പ്രേംനാഥിൻറെ മരണശേഷം അദ്ദേഹത്തിൻറെ ശേഖരം പ്രസിദ്ധീകരിച്ചു കാണുവാനുള്ള ആഗ്രഹം കൊണ്ടും സ്വന്തമായി അച്ചടിക്കാനുള്ള കാശില്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹത്തിൻറെ ഭാര്യ സർക്കാരിനെ സമീപിക്കുകയുണ്ടായി.
ഉന്നതവിദ്യാഭ്യാസം ഒന്നുമില്ലാത്ത ആ സാധുസ്ത്രീ സർക്കാരിൻറെ വാക്ക് വിശ്വസിച്ച് കോളേജ് സാറന്മാരുടെ ഒരു (അ) വിദഗ്ധ സമിതിക്കു മുന്നിൽ ഒരു ജീവിതം മുഴുവൻ കൊണ്ട് ശേഖരിച്ച പ്രേംനാഥിൻറെ കയ്യെഴുത്തുപ്രതികൾ പരിശോധനയ്ക്കായി സമർപ്പിച്ചു. കാരണം “ പറയൻറെയും, പുലയൻറെയും ” ഇടയിലുള്ള പാട്ടുകളും കലകളും ഒക്കെയാണല്ലോ. കൂടാതെ ഒരു പറയൻ ശേഖരിച്ചതും അല്ലെ, അപ്പോൾ തീർച്ചയായും വിദഗ്ധസമിതി പരിശോധിക്കണമല്ലോ. സമിതിയുടെ കനിവിനാൽ അവർ തെരഞ്ഞെടുത്ത ചിലത് ഒരു പുസ്തകമായി സർക്കാർ പുറത്തിറക്കി.
ആ പുസ്തകത്തിലെ രണ്ടാം പതിപ്പിന് ആമുഖമെഴുതിയ ആൾ പോലും അതിൽ പകർത്തിയത് പ്രേംനാഥിൻറെ ശേഖരത്തിലെ വാക്കുകൾ.
കുറച്ചു നാളുകൾ കൂടി കഴിഞ്ഞപ്പോൾ പരിശോധന കമ്മിറ്റിയിലെ കോളേജ് സാറന്മാർ ഫോക്‌ലോർ പ്രശസ്തരാകുന്നു. അവർക്ക് പ്രസിദ്ധീകരണങ്ങൾ ഉണ്ടാവുന്നു.
പിന്നെയും കുറെ വർഷങ്ങൾക്കു ശേഷം പേരിൽതന്നെ അടിച്ചുമാറ്റൽ ഉണ്ടായിരുന്ന ഒരാളുടെ വിദ്യാർത്ഥിയായിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലെ ജനപ്രതിനിധിയും മന്ത്രിയാവുകയും ചെയ്തു.
പ്രേംനാഥിൻറെ ഈ ശേഖരം അച്ചടിക്കാനുള്ള എന്തെങ്കിലും സഹായത്തിനായി അദ്ദേഹത്തെയും പ്രേംനാഥിൻറെ ഭാര്യ സമീപിച്ചു. കയ്യെഴുത്തുപ്രതികൾ വായിച്ചതിനുശേഷം അദ്ദേഹം പറഞ്ഞത് “ഞാനിത് കണ്ടിട്ടുണ്ട് പകർത്തിയുട്ടുമുണ്ട്”. നേരത്തെ സൂചിപ്പിച്ച കോളേജ് സാർ കുറെ കയ്യെഴുത്തുപ്രതികൾ തൻറെ വിദ്യാർത്ഥികളെക്കൊണ്ട്പകർത്തിയെഴുതിച്ചിരുന്നുവെന്ന്. അന്നിത് മറ്റൊരാളുടേത് ആണെന്നും അത് അധ്യാപകൻ തങ്ങളെക്കൊണ്ട് മോഷണം നടത്തുകയാണെന്നും അറിയില്ലായിരുന്നു എന്നും.
അപ്പോഴേക്കും ഈ അധ്യാപകൻ ഈ രംഗത്ത് വലിയ പേരെടുത്തുകഴിഞ്ഞു.
മറ്റൊരു സമിതിയംഗം കയ്യെഴുത്തുപ്രതി യിലെ പാട്ടുകൾ മുഴുവൻ ഒന്നും രണ്ടും വോള്യങ്ങളായി സ്വന്തംപേരിൽ ഇറക്കിക്കഴിഞ്ഞിരുന്നു (1979, 1980) വിപണിയിൽ അപ്പോൾ ലഭ്യമല്ലാതിരുന്ന പ്രേംനാഥിൻറെ ചെങ്ങന്നൂർ കുഞ്ഞാതി തൻറെ പേരിൽ ഇറക്കി കഴിഞ്ഞു. അതും “താൻ” ശേഖരിച്ചതാണെന്നും പ്രസ്താവിച്ചുകൊണ്ട്.
സത്യത്തെ എക്കാലവും കുഴിച്ചുമൂടാൻ കഴിയില്ല പ്രേംനാഥിൻറെ പരിശ്രമങ്ങൾ മറ്റു പലരുടേതും ആയി പുറത്തു വന്നു. സംഗീതനാടക അക്കാദമിയിൽ റിസർച്ച് സ്കോളർ ആയിരുന്നപ്പോൾ സമർപ്പിച്ച ഗവേഷണപ്രബന്ധം നാളിതുവരെ പ്രസിദ്ധീകരിക്കുകയോ തിരികെ കിട്ടുകയും ചെയ്തിട്ടില്ല. അതെല്ലാം ആരുടെയൊക്കെയോ സ്വന്തമാവുകയും ചെയ്തു.
അദ്ദേഹത്തിൻറെ ശേഖരത്തിലെ ഒരുവരി കൊണ്ട് നിർത്തുന്നു.
” കാക്ക തേടി കുമ്പളത്തി ഉണ്ടു “