ജയന്തിയുമായി ഒരുകാലത്ത് എനിക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഈ നാട്ടിൽ അറിയാത്തവരില്ല എന്നുതന്നെ പറയാം. മനസ്സിലെങ്കിലും ഞങ്ങൾ ആ ബന്ധം തുടരുന്നുണ്ട് എന്നാണ് മിക്കവരുടെയും ചിന്ത എന്നും എനിക്ക് ഊഹിക്കാം. സ്കൂൾ കാലം മുതൽ അത്ര പ്രസിദ്ധമായ ഒരു ബന്ധമായിരുല്ലോ അത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ബന്ധമേ ഉണ്ടായിരുന്നില്ല. ആരുടെയോ ഭാവനയിൽ ഉദിച്ച ആശയമായിരുന്നു ഞാനും ജയന്തിയും തമ്മിലുള്ള അനുരാഗം.
ഒരു പ്രണയം ഉണ്ടാവുക എന്നത് അഭിമാനമാണല്ലോ. അത് അങ്ങനെ കിടന്നോട്ടെ എന്ന് ഞാൻകരുതി . ജയന്തിയും എന്തുകൊണ്ടോ പ്രണയം അംഗീകരിക്കാനോ നിഷേധിക്കാനോ പോയില്ല. അക്കാര്യത്തിൽ അവളോട് എനിക്കു വലിയ ബഹുമാനവും തോന്നി.
അരുണിമയുമായുള്ള ബന്ധത്തിന്റെ കഥ അങ്ങനെയല്ല. അത് ജയന്തിയോട് അഭിനിവേശം ആരോപിക്കപ്പെട്ടിരുന്ന സമയത്ത് എന്റെ ഉള്ളിൽ പടർന്നു കയറിയ സംഗതിയാണ് . എന്റെ മനസ്സിൽ തന്നെ അതു നിന്നുപോയത് ഭീരുത്വം കൊണ്ടാണെന്നു കരുതരുത്. ലോകത്തെക്കുറിച്ച് എന്റെ വിലയിരുത്തൽ ആയിരുന്നു അവിടെ പ്രശ്നം. ഒരു വ്യക്തിക്ക് ഒന്നിലധികം പ്രണയം അനുവദിച്ചു കൊടുക്കുന്ന നിലയിലേക്ക് ലോകം പരിണമിച്ച് ഉയർന്നിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു .
ജയന്തിയുമായി പ്രണയത്തിലായിരുന്ന കാലത്ത് അതിലും തീവ്രതയോടെ അരുണിമയെ സ്നേഹിച്ച കാര്യം ഇപ്പൊൾ ഞാൻ വെളിപ്പെടുത്തി എന്നു കരുതുക. എന്റെ മേൽ ‘അബ്നോർമ്മൽ’ എന്ന ഒരു ടാഗ് ശരാശരിക്കാരുടേതായ ഈ ലോകം ചാർത്തിത്തരും.
എന്റെ സുഹൃത്തുക്കൾ എന്നിൽ നിന്ന് അകലും. കോടതിയിൽ എനിക്കു കക്ഷികളെ കിട്ടാതെയാകും. ബസ് കാത്തു നിൽക്കുന്ന എന്നെ ഗൗനിക്കാതെ കനംവച്ച മുഖവുമായി മോട്ടോർ സൈക്കിളിൽ നിത്യവും പാഞ്ഞുപോകാറുള്ള ജയന്തിയുടെ ഭർത്താവ് ശിവദാസൻ പോലും ആ വിവരം അറിഞ്ഞാൽ എന്നെ സഹതാപത്തോടെ നോക്കും. സമൂഹം അത്രയ്ക്കേ ഉളളൂ.
അരുണിമയെ സ്നേഹിച്ച വിവരം സുരക്ഷിതമായി ആരോടെങ്കിലും വെളിപ്പെടുത്താൻ കഴിയുമെങ്കിൽ അത് എന്റെ ഭാര്യ പ്രേമയോടു മാത്രമാണ്. ഇവിടെ പക്ഷേ എനിക്കു പണ്ടേക്കുപണ്ടെയുള്ള ഒരു സിദ്ധിവിശേഷത്തെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. സ്ത്രീകളുടെ മനസ്സു വായിക്കാനുള്ള കഴിവാണത്. എന്റെ സകല സുഹൃത്തുക്കളും വകവെച്ചു തന്നിട്ടുള്ള കാര്യമാണത്. അതിനെപ്പറ്റി വിശദീകരിക്കാം.
ജയന്തിയുടെ കാര്യമെടുക്കുക . ഞാൻ അവളെ ഇടയ്ക്കിടെ കണ്ടിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ജയന്തിയുടെ മനസ്സ് വായിക്കാൻ എനിക്കു കഴിഞ്ഞിരുന്നു. അവളോട് ഒരിക്കലും അടുപ്പം തോന്നിയിട്ടില്ല എന്ന കാര്യം ഞാൻ തുറന്നങ്ങു പറഞ്ഞു എന്നു വെക്കുക. അല്ലെങ്കിൽ കാശുകാരിയായ അവളോട് എനിക്കു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, ഒരു ലക്ഷം രൂപ കടം ചോദിച്ചു എന്നു വെക്കുക. അവളുടെ മനസ്സിലൂടെ ഊളിയിട്ടു പോകാൻ സാധ്യതയുള്ള ചിന്തകൾ എനിക്ക് അനായാസം ഊഹിച്ചെടുക്കാൻ കഴിയും.
അരുണിമയുടെ കാര്യത്തിലും അങ്ങനെതന്നെ. ഒരു കാലത്ത് അവളെ ഞാൻ പ്രതിഷ്ഠിച്ചിരുന്നത് വളരെ ഉയർന്ന മണ്ഡലത്തിലായിരുന്നു. ഞങ്ങൾക്കിരുവർക്കും ഏതാണ്ടു മദ്ധ്യവയസ്സ് ആയതോടെ എനിക്ക് അവളുടെ മനസ്സ് നന്നായി കാണാൻ കഴിഞ്ഞു. ഇടുങ്ങിയ മനസ്സുള്ളവളും പിശുക്കിയും ആണ് എന്നു മാത്രമല്ല അസാധാരണവും അപകടകരവുമായ ഏതോ അഭിനിവേശം ഉള്ളവളുമാണ് അവളെന്ന് എനിക്ക് അനായാസം മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിലും അവളിലുള്ള താൽപര്യം പൂർണ്ണമായും അസ്തമിച്ചു എന്ന് എനിക്ക് ഉറപ്പിക്കാനായില്ല .
ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ സദാ സമയവും ഈ സ്ത്രീകളെക്കുറിച്ച് മാത്രം ആലോചിച്ചിരിക്കുന്ന ഒരുവൻ ആണ് ധരിച്ചുകളയരുത്. എനിക്ക് ആലോചിക്കാൻ എന്റെ തൊഴിലടക്കം പല കാര്യങ്ങൾ എന്നും ഉണ്ട്. എനിക്ക് എന്റെ മകളുടെ ഗ്രൈയ്ഡിനെ കുറിച്ച് ദുഃഖിക്കാനുണ്ട് . വിലക്കയറ്റത്തെക്കുറിച്ച് ആശങ്കപ്പെടാനുണ്ട്. ഇതിനെല്ലാം ഉപരി മാനവരാശിയുടെ പരിണാമം, സൗരയൂഥത്തിലൂടെ ഉത്തരവാദിത്തം ഇല്ലാതെ പാഞ്ഞുനടക്കുന്ന ഉൽക്കകൾ ഉയർത്തുന്ന ഭീഷണി ഇവയെക്കുറിച്ചെല്ലാം വേവലാതിപ്പെടാൻ എനിക്കു കഴിഞ്ഞിരുന്നു.
പ്രണയത്തെക്കുറിച്ചുള്ള നിലപാടുകൾ ഓരോ കാലത്തും ഓരോ മനുഷ്യനും വ്യത്യാസപ്പെടുന്നു എന്നു പറയേണ്ടതില്ലല്ലോ. തീക്ഷ്ണപ്രണയം അനുഭവിച്ചവർ പിൽക്കാലത്ത് പ്രണയത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ചു നേരിയ ഒരു മന്ദഹാസത്തോടെ സംസാരിക്കുന്നത്, അല്ലെങ്കിൽ തികച്ചും പ്രണയവൈരിയായ ഒരാൾ പിൽക്കാലത്ത് പ്രണയത്തിൽ കുടുങ്ങി ജീവൻ ഒടുക്കിക്കളയുന്നത്, ഇതെല്ലാം സംഭാവ്യമാണ്. എന്റെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നു.
ഒരുഘട്ടമായപ്പോൾ ആരുണിമയിൽനിന്ന് തിരികെ പ്രണയം ലഭിക്കുന്നില്ല എന്നത് എനിക്കു വിഷയമേ അല്ലാതായി. എനിക്കു തോന്നുന്ന പ്രണയം മാത്രം ആണ് പ്രധാനം. ആദ്യകാലങ്ങളിൽ അങ്ങനെ അല്ലായിരുന്നു. എല്ലാ ചെറുപ്പക്കാരെയും പോലെ ഉതകിക്കിട്ടിയ പ്രണയി എന്ന മേൽവിലാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതായിരുന്നു മുഖ്യം. അതുകൊണ്ട് ജയന്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണു നോക്കിയത്. അതിന് അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
വശത്തെ ബഞ്ചിലിരുന്ന അരുണിമയുടെ വലിയ കണ്ണുകൾ, അവകൊണ്ടുള്ള അഭൗമമായ നോട്ടം … എന്നെയും ജയന്തിയെയും ചേർത്ത് ആരെങ്കിലും ഒരു തമാശ പറഞ്ഞാൽ മാലാഖമാർക്കു മാത്രം കഴിയുന്ന രീതിയിലുള്ള അരുണിമയുടെ അപകടകരമായ പുഞ്ചിരി ….. എല്ലാം വല്ലാതെ നൊമ്പരപ്പെടുത്തി.
എന്റെ ഭാര്യ പ്രേമയോട് അരുണിമയെപ്പറ്റി പറയാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ചുറുചുറുക്കുള്ള എല്ലാ ചെറുപ്പക്കാരെയും പോലെ എനിക്കും വധുവാകാൻ പോകുന്ന പെണ്ണിനോടു പൂർവ്വകാല പ്രണയങ്ങളെപ്പറ്റി പറയാൻ തോന്നിയിരുന്നു. പറയുകയും ചെയ്തു. ജയന്തിയുടെ കാര്യം മാത്രമാണ് പറഞ്ഞത്. വിവാഹശേഷം ആ ബന്ധത്തിലെ ത്രസിപ്പിക്കുന്ന കാര്യങ്ങൾ ( മിക്കതും ഭാവനയിൽ നിന്നുള്ളവ) പറഞ്ഞപ്പോൾ ആണ് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയത്. പ്രേമ ഒരു ചലനവും ഇല്ലാതെ, അതേസമയം നേരിയ ഒരു മന്ദഹാസത്തൊടെ, എന്റെ വീരസ്യങ്ങൾ വെറുതെ കേട്ടിരുന്നു. ഞാൻ ആ നിമിഷം വല്ലാതെ ചെറുതായിപ്പോയി.
എന്റെ ഭൂതകാല പാപങ്ങൾ പൊറുത്തതിൻെറ നന്ദി മൂലം പ്രേമയ്ക്ക് പാപങ്ങൾ ഉണ്ടെങ്കിൽ പൊറുക്കാൻ ഞാനും തീരുമാനിച്ചു.
പ്രേമക്ക് എന്തെങ്കിലും പ്രേമം ഉണ്ടായിരുന്നോ എന്നു ഞാൻ ചോദിച്ചു.
പെണ്ണുങ്ങൾ അല്ലേ, ഒന്നും വിട്ടുപറയില്ല, ഉണ്ടെങ്കിലും ഇല്ല എന്നേ പറയൂ എന്ന പ്രതീക്ഷയോടെ ആണു ചോദിച്ചത്. ഇല്ല എന്ന അർഥത്തിൽ പ്രേമ തലയാട്ടി.
” അതിനൊന്നും മനസ്സു കൊടുക്കാൻ കഴിഞ്ഞില്ല. അമ്മ കൊച്ചിലേ പോയതുകൊണ്ട് ഇളയതു രണ്ടിനും ഞാൻ അമ്മയായി.”
പ്രേമയുടെ വാക്കുകൾക്കു ത്യാഗത്തിന്റെ ബലവും കറുത്ത യാഥാർത്ഥ്യത്തിന്റെ ആഴവും ഉണ്ടായിരുന്നു. ഞാൻ വളർന്നു വന്ന സുഖകരമായ സാഹചര്യങ്ങൾ പ്രേമയുടെതുമായി താരതമ്യം ചെയ്തു ഞാൻ പിന്നെയും ചെറുതായിപ്പോയി. ലാളന കൊണ്ടു വഷളാക്കപ്പെട്ട കുട്ടിക്കാലമായിരുന്നു എന്റേത് . യൗവ്വനത്തിലും ഒരു ഗൗരവം ഇല്ലായ്മ എനിക്ക് ഉണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. ലജ്ജ കാരണം അരുണിമയോടുള്ള പ്രണയകാര്യങ്ങൾ ഒന്നും പ്രേമയോടു പിന്നെ പറഞ്ഞില്ല.
സ്ത്രീകളുടെ മനസ്സു വായിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. പ്രേമയുടെ കാര്യത്തിൽ മാത്രം അതു നടന്നിട്ടില്ല. പതിനെട്ടു വർഷത്തെ അടുപ്പം ഏതൊരു വ്യക്തിയെയും നന്നായി മനസ്സിലാക്കാൻ തികയുന്ന കാലയളവാണ് . വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ പറയാനുമില്ല. ഒന്നും ബാക്കിയില്ലാത്ത വിധം പങ്കാളിയെ മനസ്സിലാക്കാൻ കഴിയേണ്ടതാണ് . അക്കാര്യത്തിൽ പരാജയപ്പെട്ട ആദ്യ ഭർത്താവ് ആണോ ഞാൻ എന്ന് എനിക്ക് സംശയം ഉണ്ട്. പ്രേമ ഇപ്പോഴും എനിക്ക് ഒരു കടങ്കഥയായി തുടരുകയാണ്. മിക്ക കാര്യങ്ങളോടും അവൾ പ്രതികരിക്കുന്ന രീതി, പലപ്പോഴും പ്രകടിപ്പിക്കുന്ന ഭാവങ്ങൾ ഒക്കെ എനിക്കു ദുർഗ്രഹമാണ്.
ജയന്തിയെ സംബന്ധിച്ചു ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പ്രേമ ഒരിക്കൽ പോലും ചോദിച്ചിട്ടില്ല എന്നതു തന്നെ എനിക്കു വലിയ അത്ഭുതം ആണ്. പ്രേമയുമൊത്തുള്ള പതിനെട്ടു വർഷത്തെ ജീവിതത്തിൽ ഒരുതവണ പോലും അവളെ ദേഷ്യം പിടിച്ചു കണ്ടിട്ടില്ല. ഞാൻ നൂറുകണക്കിനു പ്രതിസന്ധികൾ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. സ്വയംഭൂവായ അനവധി പ്രശ്നങ്ങൾ വേറെയും ഉണ്ട്. ഒന്നും പ്രേമയുടെ സമനില തെറ്റിക്കാൻ പോന്നവയായിരുന്നില്ല. ഏതു പ്രശ്നങ്ങൾക്കിടയിലും പ്രേമ വീട്ടു കാര്യങ്ങളും ഒപ്പം വീടിനോടു ചേർന്ന് അവൾ ഒറ്റക്കു തുടങ്ങിയ കറിപൗഡർ ബിസിനസും ശാന്തമായി ചെയ്തുപോന്നു.
ഒരു ദിവസം അപ്രതീക്ഷിതമായി അരുണിമ ഞങ്ങളുടെ വീട്ടിലേക്കു കയറി വന്നു. ഞാൻ വല്ലാതെ പകച്ചു. വർഷങ്ങളോളം എന്നെ ഭ്രമിപ്പിച്ച ചിരി അവൾ വീണ്ടും എനിക്കു നൽകി. അതേ ചിരി ! കണ്ണുകളുടെ താഴെ നേരിയ കറുപ്പ് പടർന്നിട്ടുണ്ട്. പക്ഷേ അവയിലെ അപകടം പിടിച്ച തിളക്കം അവിടെത്തന്നെ ഉണ്ട്. പ്രേമയുടെ കറി പൗഡർ ബിസിനസിൽ പാർട്ട്ണർ ആകാൻ വന്നതാണ് എന്ന് അവൾ പറഞ്ഞു.
വർഷങ്ങളായി പ്രേമ അവളുടെ ബിസിനസ് കാര്യങ്ങൾ എന്നോട് സംസാരിക്കാറില്ല. എനിക്കതിൽ വലിയ താല്പര്യമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് ആകണം. പ്രേമയുടെ സന്തോഷത്തെ കരുതി ഞാൻ എതിരു നിന്നിട്ടില്ലെങ്കിലും മല്ലിയും മുളകും വറുത്തു പൊടിക്കുന്നതിൻെറ ഗന്ധവും ശബ്ദവും എനിക്കു വലിയ സന്തോഷം തരുന്ന കാര്യങ്ങൾ ആയിരുന്നില്ല. പക്ഷേ പ്രേമയുടെ സന്തോഷം എനിക്കു പ്രധാനം തന്നെ ആയിരുന്നു. അരുണിമയുടെ വരവിനേക്കുറിച്ച് ഞാൻ പ്രേമയോട് ഉടനെ ചോദിച്ചറിഞ്ഞു . ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് ആണ് അരുണിമ ചെയ്യാൻ പോകുന്നത്. പ്രേമക്ക് പരിമിതികൾ ഉള്ള മേഖലയാണത്. അരുണിമക്കാകട്ടെ താറാവിനു തടാകം പോലെ ലളിതമാണ് വിൽപ്പന.
വിശേഷിച്ചു പറയേണ്ടത് അരുണിമ വീട്ടിൽ കയറിവന്ന ദിവസം ഞാൻ കോടതിയിൽ ഒരു വലിയ തെറ്റു വരുത്തി എന്നതാണ്. ജയം ഉറപ്പിച്ചിരുന്ന ഒരു കേസിൽ അങ്ങേയറ്റം നിർണ്ണായകമായ ഒരു തെറ്റ്. അത്തരം സംഭവങ്ങൾ നിത്യേന ആവർത്തിക്കാൻ തുടങ്ങിയതോടെ അഭിഭാഷക സുഹൃത്തുക്കൾ എന്നെക്കൊണ്ട് അവധിയെടുപ്പിച്ചു .
അരുണിമയുടെ വീട്ടിലെ സാന്നിധ്യം എന്നെ ബുദ്ധിമുട്ടിക്കുകയാണോ ആനന്ദിപ്പിക്കുകയാണോ ചെയ്തത് എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. ഒരുനാൾ പൊടുന്നനെ ഒരു വെട്ടുകത്തിയുമായി ഞാൻ പുറത്തേക്ക് കുതിച്ചെന്നും പറമ്പിലെ വാഴകൾ വെട്ടിയിട്ടെന്നും പറയപ്പെടുന്നു. എനിക്ക് അതെ സംബന്ധിച്ച് ഓർമ്മകൾ ഇല്ല. എങ്കിലും അനേകർ സാക്ഷ്യം പറയുന്ന സ്ഥിതിക്ക് അതു സത്യമായിരിക്കണം.
എന്നെ ശുശ്രൂഷിക്കാനായി ബിസിനസ് നിറുത്തുകയാണെന്ന് പ്രേമ പ്രഖ്യാപിച്ചതോടെ അരുണിമ വരാതെയായി. തുടർന്നുള്ള ആഴ്ചകളിൽ ഞാൻ ഓർമ്മയുടെ നാരുകൾ മെല്ലെ പെറുക്കി എടുക്കാൻ തുടങ്ങി.
പ്രേമ ഒരു കുട്ടിയെ എന്നപോലെ എന്നെ പരിചരിക്കുന്നുണ്ടായിരുന്നു. ഓർമ്മക്കുമേൽ അവ്യക്തതയുടെ മൂടൽമഞ്ഞ് പൊതിഞ്ഞ അക്കാലത്ത് പ്രേമ ഒരു പർവ്വതത്തെ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കരുത്തും സൗമ്യതയും നിഗൂഢതയും നിറഞ്ഞ ഒരു പർവ്വതം. അത് അദൃശ്യമായ ചിറകുകൾ കൊണ്ട് എന്നെ തലോടുന്നു.
പ്രേമ എന്നോട് ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചില്ല. പകരം ആഴമേറിയ കണ്ണുകൾ കൊണ്ട് ഇടയ്ക്കിടെ എന്നെ നോക്കുക മാത്രം ചെയ്തു. എന്റെ ഭാര്യ സാഹചര്യങ്ങൾ നന്നായി വിശകലനം ചെയ്തു കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. കാരണം രണ്ടു മാസങ്ങൾക്കു ശേഷം അരുണിമയെ ഒഴിവാക്കി പ്രേമ ബിസിനസ് പുനരാരംഭിച്ചു എന്നതു തന്നെ. അതിൽ പിന്നെ എന്റെ മനസ്സ് ആർക്കും നന്നായി ഉള്ളു കാണാവുന്ന ഒരു കണ്ണാടി വീടാണെന്നാണ് എനിക്കു തോന്നാറ്. ഞാൻ അത് ആസ്വദിക്കുന്നോ എന്നും സംശയമുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English