ശ്രീലങ്കന്‍ യാത്രകള്‍ – അധ്യായം നാല് – കൗടുള്ള നാഷണൽ പാർക്കും സിഗിരിയയും

 

 

 

 

 

രാവിലെ എട്ടു മണിക്ക്‌ തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. എലിഫന്റ്‌ പാസ്സ്‌ വഴിക്കു‌ തന്നെയാണ്‌ സിഗിരിയ എന്ന സ്ഥലത്തേയ്ക്ക്‌ പോകുന്ന റോഡ്‌. അനുരാധപുരത്ത്‌ എത്തുന്നതിനു അൽപ്പം മുമ്പ്‌ വാവുനിയയിൽ ഇടത്തോട്ടുള്ള റോഡിലൂടെ തിരിഞ്ഞ്‌ നേരെ ചെന്നാൽ വിന്നേറിയ എന്ന വലിയ ശുദ്ധജല തടാകമുണ്ട്‌. രണ്ട്‌ വന്യജീവികേന്ദ്രങ്ങൾ ഈ തീരത്തു തന്നെയുണ്ട്‌. അതിൽ അൽപ്പം വലിയതാണ് ‘കൗടുള്ള’ ( Kaudulla) നാഷണൽ പാർക്ക്‌.

ശ്രീലങ്കയിൽ 26 നാഷണൽ പാർക്കുകൾ ഉണ്ട്‌. അവയിൽ മികച്ച ഒരെണ്ണമാണു കൗടുള്ള നാഷണൽ പാർക്ക്‌, പ്രത്യേകിച്ച്‌ ശ്രീലങ്കൻ ആനകളെ അടുത്ത്‌കാണുവാൻ. ഇരുന്നൂറിലധികം ആനകൾ ഉണ്ടത്രെ ഈ പാർക്കിൽ. ആനകളെ കൂടാതെ, കുരങ്ങ്‌, മുതല, പുള്ളിപ്പുലി എന്നിവയും ഈ നാഷണൽ പാർക്കിൽ ഉണ്ട്‌.

കൗടുള്ള നാഷണൽ പാർക്കിനടുത്തു തന്നെയാണു മിന്നേറിയ നാഷണൽ പാർക്ക്‌ ( Minneriya). എന്നാൽ മിന്നേറിയ പാർക്കിൽ തിരക്ക്‌ കൂടുതലായിരിക്കും എന്നാണു ദിനേഷ്‌ പറഞ്ഞത്‌.

വനത്തിനുള്ളിലേയ്ക്ക്‌ പ്രൈവറ്റ്‌ വാഹനങ്ങളിൽ പോകാനാകില്ല. ടൂറിസ്റ്റ്കളെ കൊണ്ടുപോകാൻ ചുമതലപ്പെടുത്തിയ ഏജൻസികളുടെ ജീപ്പിൽ പോകണം. ഉച്ചയ്ക്ക്‌ ഭക്ഷണം കഴിക്കാൻ വേണ്ടിചെന്ന ഹോട്ടലിൽ വച്ച്‌ ടൂറിസ്റ്റ്‌ ഏജൻസിയുടെ ഗൈഡ്‌ ഞങ്ങളുടെ ചുമതല സസന്തോഷം ഏറ്റെടുത്തു. ഗൈഡിനോടൊപ്പം നാഷണൽ പാർക്കിന്റെ കവാടത്തിലെത്തി. അതിഥികൾക്ക്‌ സ്വാഗതമാശംസിക്കുന്ന രീതിയിൽ ആനകളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത അവിടത്തെ ചുമരുകൾ വളരെ ആകർഷകമായി തോന്നി.

മഹീന്ദ്രയുടെ തുറന്ന ബൊലെരോ ജീപ്പിലായിരുന്നു നാഷണൽ പാർക്കിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര. ആ വന്യജീവി സങ്കേതം ശ്രീലങ്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണു. വിദേശ സഞ്ചാരികളെയാണു ഏറിയ പങ്കും അവിടെ കണ്ടത്‌. “എലിഫന്റ്‌ സഫാരി’ എന്നാണു പരസ്യ വാക്യം.

ഇടത്താവളത്തിൽ എത്തുന്നതിനു മുമ്പ്‌ തന്നെ കാട്‌ ആരംഭിച്ചിരുന്നു. കാടിനുള്ളിൽ നാട്ടിലെ പോലെ ടാറിട്ടറോഡ്‌ ഉണ്ടാവില്ലല്ലൊ. രണ്ടുകൈയ്യും വശങ്ങളിലുള്ള കമ്പിയിൽ പിടിച്ച്‌ ബാലൻസ്‌ ചെയ്ത്‌ നിന്നു. എന്നാലും കുലുങ്ങിക്കുലുങ്ങിയുള്ള ആ യാത്രയും രസകരമായിരുന്നു.

വനത്തിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ചില ആനകളെ കാണാൻ കഴിഞ്ഞു. ആ റോഡ്‌ ചെന്നെത്തുന്നത്‌ തടാകത്തിന്റെ തീരത്തുള്ള വിശാലമായ ഒരു പുൽപ്പരപ്പിലേയ്ക്കാണു. തടാകത്തിന്റെ മറുവശത്തും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പുൽമൈതാനം.

ആഹ… അടുത്തതായി കണ്ട കാഴ്ച്ച ജീവിതത്തിൽ മറക്കാൻ സാധിക്കാത്തതാണു. ഇത്രയധിക ആനകളെ ഒരുമിച്ച്‌ ഇതിനു മുമ്പ്‌ കണ്ടിട്ടില്ല. ആനകളങ്ങനെ മേഞ്ഞുനടക്കുന്നു. എല്ലാരും സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി. ” ദാ അവിടെ നോക്കൂ… ഇവിടെ നോക്കൂ ആന”…. എന്നും പറഞ്ഞ്‌ ഞങ്ങൾ ആദ്യമായി ആനയെ കാണുന്ന കുട്ടികളെപ്പോലെയായി. ഞങ്ങൾ യാത്ര ചെയ്തിരുന്ന വാഹനം മൈതനത്തിനകത്തേയ്ക്ക്‌ ഏറെ ദൂരം ഞങ്ങളെ കൊണ്ടുപോയി. അവിടെ കണ്ടത്‌ കൂടുതലും പിടിയാനകളായിരുന്നു, കൂടെ കുറെ കുട്ടിയാനകളേയും കണ്ടു. ആനക്കുട്ടികൾ അമ്മമാരെ മുട്ടിയുരുമ്മിയാണ്‌ നിൽപ്പ്‌.

പൊതുവെ അക്രമകാരികളല്ലാത്ത, വളരെ ശാന്തസ്വഭാവികളായ ആനകളാണ്‌ അവ എന്ന് തീർച്ചയായി. സഞ്ചാരികളുടെ വാഹനങ്ങളുടെ വളരെ അടുത്തേയ്ക്ക്‌ വരെ അവ വന്നിരുന്നു. അവരുടെ തട്ടകത്തിലേയ്ക്ക്‌ കടന്നുവന്ന അതിഥികളെ അവ തീരെ ഗൗനിക്കുന്നുണ്ടായിരുന്നില്ല. ശ്രദ്ധ മുഴുവൻ താഴെ വളർന്നു നിൽക്കുന്ന പുല്ലുകളിലായിരുന്നു.

അതിനിടയിൽ അവിടെ പല നാടകങ്ങൾക്കും ഞങ്ങൾ ദൃക്സാക്ഷികളായി. ചില ആനകൾ പരസ്പരം കലഹിക്കുന്നു, ചിലവ പ്രണയിക്കുന്നു, ചിലത്‌ മാതൃവാത്സല്യത്തോടെ കുഞ്ഞുങ്ങളെ ചേർത്ത്‌ നിർത്തുന്നു. കുഞ്ഞുങ്ങൾ അമ്മമാരെ ചുറ്റി വട്ടം കറങ്ങുന്നത്‌ കാണാൻ നല്ല കൗതുകം തോന്നി.

ഏറെ നേരം ആനകളുടെ വിഹാരങ്ങൾ കണ്ടുകൊണ്ട്‌ ഞങ്ങൾ അവിടെ നിന്നു. ഞങ്ങളുടേത്‌ പോലെ ഒരുഅൻപതു വാഹനങ്ങളെങ്കിലും സഞ്ചാരികളേയും കൊണ്ട്‌ അവിടെ ഉണ്ടായിരുന്നു.

ദേശാടന പക്ഷികളും, എരുമകളും, പശുക്കളും, മയിലുകളും എല്ലാം ആ പുൽമൈതാനത്തുണ്ടായിരുന്നു. സന്ധ്യമയങ്ങിയതുകൊണ്ട്‌, ആനകളെ കണ്ടു മതിയാകാതെ തന്നെ ഞങ്ങൾ മടങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഉച്ചഭക്ഷണം കഴിച്ച ഹോട്ടലിൽ തിരിച്ചെത്തി ഞങ്ങളുടെ സാരഥിയുടെ കൂടെ വണ്ടിയിൽ യാത്ര തുടർന്നു.

രാത്രി താമസം ഏർപ്പെടുത്തിയിരുന്ന ഇനവാലുവ എന്ന സ്ഥലത്തേയ്ക്ക്‌ കൗഡുള്ളയിൽ നിന്നുള്ള വഴിക്കിടയിലാണു ഹബരാന എന്ന കൊച്ചുപട്ടണം. അത്യാവശ്യം ചില സാധനങ്ങൾ വാങ്ങാൻ അവിടെ ഉള്ള ഒരു സൂപ്പർമാർക്കറ്റ്‌ ഞങ്ങൾ സന്ദർശ്ശിച്ചു. ശ്രീലങ്കൻ നിർമ്മിതമായ നിരവധി മധുര പലഹാരങ്ങൾ അവിടെ വിൽപ്പനയ്ക്ക്‌ വച്ചിട്ടുണ്ടായിരുന്നു.

തുടർന്നുള്ള യാത്രയിലാണു നടുക്കുന്ന ആ കാഴ്ച്ച കണ്ടത്‌. അതാ…. ഒരു കൊമ്പനാന റോഡിന്റെ നടുവിൽ നിൽക്കുന്നു. ഞങ്ങളുടെ വാഹനം ആനയുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് തന്നെ സാരഥി വണ്ടിയുടെ എഞ്ചിൻ ഓഫ്‌ ചെയ്തു. ഞങ്ങളുടെ പിന്നിൽ വന്നവരും എതിർ ദിശയിൽ നിന്നും വന്നവരും എല്ലാം വാഹനങ്ങൾ ഓഫ്‌ ചെയ്ത്‌ നിർത്തിയിട്ടു. ആകാംക്ഷയും ഭയവും ഉണ്ടായിരുന്നെങ്കിലും ആരും ഒന്നും മിണ്ടാതെ ശ്വാസംപിടിച്ച്‌ വണ്ടിയിൽ തന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആന റോഡ്‌ മുറിച്ച്‌ കടന്ന് കാടിനുള്ളിലേയ്ക്ക്‌ നടന്നു പോയി. വാഹന ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. ഇത്‌ അവിടെ അരങ്ങേറുന്ന നിത്യസംഭവം ആണത്രെ. ദിനേഷിന്‌ പുതുമയൊന്നും തോന്നിയില്ലെങ്കിലും ഞങ്ങൾക്കത്‌ കൂട്ടുകാരോട്‌ വീമ്പ്‌ പറയാനുള്ളൊരു അനുഭവമായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English