കാത്തിരിക്കുന്നു ഞാന്‍ കാലങ്ങളായി
പകലൊഴിഞ്ഞു രാവുവന്നതറിയാതെ
വേനല്‍ മാഞ്ഞു വര്‍ഷമെത്തിയതറിയാതെ
കുടിലു മാറി കൂടാരമായതറിയാതെ
ഇരുട്ടു മൗനരാഗം മൂളുന്ന
ഇരുണ്ട ഇടനാഴികളില്‍
ഭ്രാന്താശുപത്രിതന്‍ കൂരിരുട്ടില്‍
ഭ്രാന്തമായ മനസ്സോടെയുഴലവേ
കാത്തിരിക്കുന്നു ഞാന്‍ ദൂരെയെങ്ങോ
നീണ്ടുകിടക്കും പാതയിലേക്കു മിഴി പാകി
വെളിച്ചത്തിന്‍ കൈത്തിരിയുമായിട്ടാര്‍ദ്ര-
മായെത്തുന്നൊരു പുലരിക്കായിയാശയോടെ
ശാപമോക്ഷത്തിനായി കേഴുന്ന
ശിലയാണു ഞാന്‍
മനോതപത്തില്‍ വേവുമ്പോഴിറ്റു
മഴയ്ക്കായി കേഴുന്ന വേഴാമ്പലാണു ഞാന്‍
ചോരയും നീരും വറ്റി താരുണ്യമോഹങ്ങള്‍
പൊലിഞ്ഞുപോയ പുഴയാണു ഞാന്‍
അനന്തവിഹായസ്സിലേക്കാര്‍ത്തിയോറ്റു
നോക്കുന്ന ചിറകൊടിഞ്ഞ പക്ഷിയാണു ഞാന്‍
കാത്തിരിക്കുന്നു ഞാനേകയായി
കാലങ്ങളായി കാരാഗൃഹത്തിലടയ്ക്കപ്പെട്ട കരളിനെ
കനിവൂറും മൊഴിയാല്‍, കാതിനിമ്പം പകരും പാട്ടുകളാല്‍
കാരുണ്യത്തിന്‍ തിരിയേന്തിയ കരങ്ങളാല്‍ കരകയറ്റും മനസ്സുകളെ.