കര്‍ക്കടകമായതുകൊണ്ട് പ്രകൃതി നനഞ്ഞു കുതിര്‍ന്നിരുന്നു. വഴിക്കിരുവഷവും പാടങ്ങളും ചെറിയ തെങ്ങിന്‍ തോട്ടങ്ങളും ഉണ്ട്. പൊട്ടിപൊളിഞ്ഞു തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ഭഗവതിയ്ക്ക് സമര്‍പ്പിക്കാതെ അവിടെ എത്തുമെന്നു തോന്നിയില്ല. ക്ഷേത്രമെത്തുന്നതിന് മുമ്പ് രണ്ടു മൂന്നു നദികള്‍ ക്രോസ് ചെയ്തു പോകേണ്ടതുണ്ട്. പാലത്തിലൂടെ പോകുമ്പോള്‍ പുഴയിലെ ജലസമൃദ്ധി നമ്മെ കുളിരളിയിക്കുമെങ്കിലും ആ ജലത്തിന് കാല്‍ തന്നെയാണ് ശരണം. കര്‍ക്കിടകം കേരളത്തെ ആദ്യപകുതിയില്‍ വേദനിപ്പിച്ച സമയത്ത് കര്‍ണാടകയെ അനുഗ്രഹിക്കുകയായിരുന്നു. ആടിയും ഉലഞ്ഞും കത്തീല്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ സമയം പതിനൊന്നര കഴിഞ്ഞിരുന്നു. മംഗലാപുരത്തു നിന്നും ഇരുപത്തെട്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പക്ഷെ കൊടുപ്പു നാഗരാജ ക്ഷേത്രത്തില്‍ നിന്നും വരികയാല്‍ ഞങ്ങള്‍ക്ക് അത്രയും ദൂരം സഞ്ചരിക്കേണ്ടി വന്നില്ല.
ദക്ഷിണ കന്നട ജില്ലയില്‍ നന്ദിനിപുഴയോരത്ത് സ്ഥിതിചെയ്യുന്ന അതി സുന്ദരിയായ ഒരു ക്ഷേത്രമാണ് കത്തീല്‍ മാതാ ദുര്‍ഗാ പരമേശ്വരി പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ് ക്ഷേത്ര പരിസരം. നദിയുടെ നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു കൈവഴികളിലായി ഒഴുകുന്ന നദി ക്ഷേത്രത്തിന് നൂറുമീറ്റര്‍ തൊട്ടുമുമ്പ് ഒന്നായി ചേരുന്ന കൂറ്റന്‍ പാറകെട്ടുകളില്‍ തല്ലിചിതറി വഴുതി ഒഴുകി താഴേക്ക് കുതിക്കുന്നിടത്താണ് മാതാദുര്ഗ പരമേശ്വരി ക്ഷേത്രം നില്‍ക്കുന്നത്. ക്ഷേത്രത്തിന്റെ കൂറ്റന്‍ കരിങ്കല്‍ ഭിത്തികളില്‍ വിഭജിക്കപ്പെട്ട് നദിവീണ്ടും രണ്ടായി പിളര്‍ന്നൊഴുകി ഏകദേശം എഴുപത്തഞ്ചുമീറ്റര്‍ മാറി ഒന്നായിതീരുന്നു. ഒരു ചിത്രകാരന്റെ ഭാവനയെ വെല്ലുന്ന തരത്തിലുള്ള സൗന്ദര്യമാണ് ഇവിടെ നമുക്ക് ദര്‍ശിക്കാനാവുക.
നദിയുടെ രണ്ടു കൈവഴികളിലും അക്കരയിക്കരകളെ ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിച്ചിട്ടുണ്ട്. നടപ്പാലത്തിന് കൈവരികളെ ബന്ധിപ്പിച്ച് മഴയും വെയിലും കൊള്ളാതിരിക്കാന്‍ മേല്‍ക്കൂരയും (ഷീറ്റുകൊണ്ട്) ഉണ്ട്. ഇതിന്റെയെല്ലാം നിറഞ്ഞ സൗന്ദര്യം അറിയുന്നതിനും ആസ്വദിക്കുന്നതിനും മഴക്കാലം തന്നെ വേണം. നദിയുടെ രൗദ്രഭാവം കാണുമ്പോള്‍ നാമെല്ലാം ഭഗവതിയെ തൊണ്ടകീറി വിളിക്കുക സ്വഭാവികമാണ്.
ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയനേരം നേരിയതിരക്കുണ്ടായിരുന്നു. എങ്കിലും വരിനില്‍ക്കേണ്ടി വന്നില്ല. അകത്തുകടന്ന് അമ്മയെ മന്‍സു നിറയെതൊഴുതു. അതീവ ചൈതന്യമുണ്ടായിരുന്നു വിഗ്രഹത്തിന്. ദീപനാളങ്ങളിലെ പ്രഭയേറ്റ് സുവര്‍ണ്ണ വിഗ്രഹം സൂര്യബിംബം പോലെ തിളങ്ങുന്നുണ്ട്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചയായിരുന്നു അത്. ഞാന്‍ ദേവിയെ തൊഴുത് പ്രദക്ഷിണം വെച്ച് മുഖപണ്ഡപത്തിലൊരിടത്ത് ഇരുന്നു. കൂടെയുള്ളവര്‍ പൂജാസാധനങ്ങളുമായി ക്യവിലാണ്. പന്ത്രണ്ടരമണിക്ക് ഉച്ചപൂജ കഴിയും വരെ ക്ഷേത്രദര്‍ശനത്തിന് കൂടെയുള്ള സ്വാമി അനുവാദം നല്‍കിയിട്ടുണ്ട്. അതിനുശേഷം പ്രസാദ ഊട്ട് ഉച്ചഭക്ഷണമായി കഴിച്ചിട്ടേ മടക്കമുള്ളൂ. ഞാന്‍ എന്റെ തള് സഞ്ചിയില്‍ നിന്നും കുറച്ചുമുമ്പ് ക്ഷേത്രാഫീസില്‍ നിന്നും വാങ്ങിയ ദേവീചിത്രത്തിന്റെ ലഘുരേഖയെടുത്ത് വായിച്ചുതുടങ്ങി.