കഥയ്ക്കാണ് അവാർഡ്

  

 

 

 

 

കഥ ഏതെങ്കിലും മാസികയില്‍  പ്രസിദ്ധികരിച്ചു കാണണമെന്ന് ആഗ്രഹിച്ചതാണോ  തെറ്റ്. ഏതൊരു എഴുത്തുകാരനെയും സംബന്ധിച്ചുള്ള ഒരാഗ്രഹം തന്നെയായിരുന്നു അയാള്‍ക്കും ഉണ്ടായിരുന്നത്. 

       എന്നാല്‍ അയാളയച്ചുകൊടുത്ത  കഥകളൊന്നും തന്നെ ഒരു പ്രസിദ്ധീകരണങ്ങളിലും വന്നില്ല. അതുകൊണ്ട് അയാള്‍  ദുഖിതനായിരുന്നു. വേണ്ടത്ര ശുപാര്‍ശ പറയാനോ എഴുത്തുമേഖലയിലെ പ്രമുഖരുമായുള്ള ചങ്ങാത്തമോ ഒന്നും തന്നെ ഇല്ലാത്തതിനാല്‍  അയാള്‍ തഴയപ്പെട്ടു.

  പല പ്രസിദ്ധീകരണങ്ങളിലും പ്രശസ്തരുടെ  സൃഷ്ടികള്‍ക്കു മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ചിലതാകട്ടെ ശുപാര്‍ശകളുടെ പിന്‍ബലത്തില്‍  പ്രസിദ്ധീകരിക്കുന്നതായിരുന്നു. 

  ഒരു പ്രസിദ്ധീകരണത്തിന്‍റെ  പത്രാധിപര്‍  പറഞ്ഞത് അയാള്‍ ഓര്‍ത്തു

“സര്‍ക്കുലേഷനാണ് മുഖ്യം നിങ്ങളെപോലെ ആരുമറിയാത്തവരുടെ സൃഷ്ടികള്‍  പ്രസിദ്ധീകരിച്ചാല്‍  അത് ഞങ്ങളുടെ സര്‍ക്കുലേഷനെ ബാധിക്കും. അതുകൊണ്ട് പ്രശസ്തരുടെ  സൃഷ്ടികളെ ഞങ്ങള്‍  ചേര്‍ക്കാറുള്ളു”. 

  “ആദ്യം  ആരും പ്രശസ്തരാകുന്നില്ലല്ലോ ഒരവസരം കിട്ടിയിട്ടുതന്നെയാണല്ലോ ഇവരും വലിയവരായത്.അതുകൊണ്ട് ഒരവസരം…”

അയാള്‍ പറയാനുദ്ദേശിച്ചത് പുറത്തെറിയാതെ മനസ്സില്‍ മാത്രമായി ഒതുക്കി .

പേരെടുത്തവര്‍ എന്ത് ചവറെഴുതിയാലും അവയ്ക്ക് ഇല്ലാത്ത മേന്മ ചൊരിഞ്ഞ് അവയെ ഉത്തുംഗശൃംഖത്തിലെത്തിയ്ക്കും. അല്ലാത്തവരുടെ  സൃഷ്ടികള്‍ വായിച്ചുനോക്കുകപോലും ചെയ്യാതെ ചവറ്റുകൊട്ടയില്‍  എറിഞ്ഞുതള്ളുകയും ചെയ്യും. 

 ചവറ്റുകൊട്ടയില്‍ തള്ളുന്നവയില്‍ ഒരു പക്ഷേ പ്രഗല്‍ഭരുടേതിനേക്കാള്‍ മികച്ചതുണ്ടാവുമെങ്കിലോ !

  ഒരു കഥയെങ്കിലും പ്രസിദ്ധികരിച്ചു കാണാനുള്ള അതിയായ മോഹത്താലായിരുന്നു  അയാള്‍  അത് ചെയ്തത് .പണ്ട് ഒരു മാസികയ്ക്ക് അയച്ച് വെളിച്ചം കാണാത്ത  ഒരുകഥയുണ്ടായിരുന്നു . അതുതന്നെ  അവര്‍ക്ക് അയച്ചു കൊടുക്കുകയും ആ കഥയ്ക്ക്‌ താഴെ തന്‍റെ പേരിനു പകരം അപ്പോഴത്തെ പ്രശസ്തനായ കഥാകൃത്തിന്‍റെ പേരെഴുതുകയും ചെയ്തു.        

 അധികം കാത്തിരിക്കേണ്ടിവന്നില്ല. അയാളുടെ ബുദ്ധി ഫലിച്ചു. അക്കഥ മാസികയില്‍  അച്ചടിച്ചു വന്നിരിക്കുന്നു.    

 സന്തോഷത്താല്‍ അയാള്‍ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.അയാള്‍ക്കത് പലരോടും പറയണമെന്നുണ്ടായി. പക്ഷെ സന്തോഷത്തിന്‍റെ ജ്വാല പെട്ടെന്ന് തന്നെ അസ്തമിച്ചു. കാരണം ആ കഥയുടെ താഴെ അയാളുടെ പേരല്ലല്ലോ വന്നിരിക്കുന്നത്. പിന്നെങ്ങനെയാണ് ആളുകള്‍ വിശ്വസിക്കുക  അത് താനെഴുതിയതാണെന്ന്. നൊന്തു പ്രസവിച്ച കുഞ്ഞിനെ ദാനമായി കൊടുത്ത് കരയാന്‍ വിധിക്കപ്പെട്ട ഒരമ്മയുടെ മനോവിചാരങ്ങളാണ് അയാളെയപ്പോള്‍ മദിച്ചത്. 

  കാര്യങ്ങള്‍ അതിവേഗത്തിലാണ് മാറിമറിഞ്ഞത് . അയാളെഴുതിയ കഥ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാ വിഷയമായിത്തീരുകയും പല നിരൂപകരുടേയും പ്രശംസയ്ക്കുപാത്രമാകുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ല പ്രസിദ്ധീകരണങ്ങളില്‍  വന്ന മികച്ച കഥയ്ക്ക് ഒരു അവാര്‍ഡും ആ കഥയ്ക്കു ലഭിച്ചു.

 അയാള്‍ക്ക്‌ തൊണ്ടയില്‍ ഒരു മുള്ളുകൊണ്ടവേദന അനുഭവപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ലാതായി. വായിക്കാനോ എഴുതാനോ പുറത്തേക്കിറങ്ങാനോ തോന്നിയില്ല. ഉള്ളം കനത്തു വിങ്ങുന്നു. ഒരു രഹസ്യം കിടന്നു പിടയുന്നു  അതാരോടെങ്കിലും ഒന്നു പറഞ്ഞില്ലെങ്കില്‍ മനസമാധാനത്തോടെയിരിക്കാനുമാകുന്നില്ല. അങ്ങിനെ രണ്ടും കല്‍പ്പിച്ചാണ് അയാള്‍ ആ പ്രശസ്ത കഥാകൃത്തിനെ തേടിച്ചെന്നത് 

 മറ്റൊരാളുടെ കുഞ്ഞിന്‍റെ പിതൃത്വം തന്നില്‍ വന്നു വീഴുന്നതുപോലെയുള്ള ഒരനുഭവം  കഥാകൃത്ത് നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.  കഥാകൃത്ത് പലരോടും പറഞ്ഞുമടുത്തു. താന്‍ അങ്ങിനെയൊരു കഥയെഴുതിയിട്ടേയില്ലെന്ന്. 

സ്വതവേ ഒരു ഫലിതസാമ്രാട്ടായിരുന്ന കഥാകൃത്തിന്‍റെ വചനങ്ങള്‍  ആരും വിശ്വസിച്ചുമില്ല.  അങ്ങിനെയിരിക്കുമ്പോഴാണ് അയാളുടെ വരവ് .  അയാള്‍ ചെയ്തുപോയ അബദ്ധത്തെപ്പറ്റി കഥാകൃത്തിനോട് പറഞ്ഞ് മാപ്പിരന്നു.

 കഥാകൃത്തിന്  അയാളോട് ആദ്യം ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് സഹതാപം  തോന്നി.

“സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നവന് സമനാണ് നിങ്ങള്‍ പിതൃത്വം എന്നില്‍  അടിച്ചേല്‍പ്പിച്ച താങ്കളോട് എന്തുപറയാനാണ്.  താങ്കള്‍ മഹാപരാധമാണ് ചെയ്തത് ….”

അയാള്‍ പാപചിന്തയോടെ മുഖം കുനിച്ചു. 

“സാരമില്ല ഇനി ഇത്തരം വിഡ്ഢിത്തങ്ങള്‍  താങ്കളുടെ ഭാഗത്തുനിന്നുണ്ടാവരുത്. ഇത്തവണ പൊറുത്തിരിക്കുന്നു..”

അയാള്‍ മൂകനായി നിന്നു.

“പിന്നെ ….താങ്കളുടെ കഥ ഞാനും വായിച്ചുട്ടോ … നന്നായിട്ടുണ്ട്. ഇനിയും എഴുതുക….തനിക്ക് നല്ലൊരു കഥാകാരനാകാനും കഴിയും. ഇനിയും കഥകള്‍ എഴുതണം അത് സ്വന്തംപേരില്‍  അയച്ചുകൊടുക്കു ഒരിക്കല്‍ താങ്കളും പ്രശസ്തനാകും.”

 അതുകേട്ടതും അയാള്‍ക്ക് ചെറുതായി സമാധാനം കൈവന്നു .

 “അടുത്ത മാസം പതിന്നാലാം തിയതിയാണ് എന്‍റെ കഥയ്ക്കുള്ള….അല്ല കഥാകൃത്ത് തിരുത്തി തന്‍റെ കഥയ്ക്കുള്ള എനിക്കുള്ള അവാര്‍ഡ്‌ നല്‍കുന്നത്. താങ്കള്‍ അതുകാണാന്‍ തീര്‍ച്ചയായും വരണം കേട്ടോ “

കഥാകൃത്ത് ക്ഷണിച്ചതും അയാള്‍ കഥാകൃത്തിനോട് അപേക്ഷിച്ചു. 

 ” ഇക്കാര്യം സാറിനോട് വന്നു പറഞ്ഞില്ലെങ്കില്‍  എനിക്ക് സ്വസ്ഥതയുണ്ടാകില്ല. അതുകൊണ്ടാണ് വന്നത്. താങ്കള്‍ വലിയൊരു മനുഷ്യന്‍ ഞാനെഴുതിയ കഥ മോശമായിരുന്നെങ്കില്‍  അത് താങ്കള്‍ക്ക് എത്ര ദോഷം ചെയ്യുമെന്ന് ഞാനോര്‍ത്തതേയില്ല … ഒരപേക്ഷയുണ്ട്. ഇത് ഒരു രഹസ്യമായിരിക്കട്ടെ..പിന്നെ അവാർഡ് ദാനത്തിന്….ഞാൻ വരണോ….” 

 കഥാകൃത്ത് പറഞ്ഞു

“അവാര്‍ഡ്ദാന ചടങ്ങിനു വരണം…..അത് പ്രധാനമാണ്….തീയതി …മറക്കേണ്ട.. കാര്യമായിട്ടുതന്നെ പറയുകയാണ് …വരണം” കഥാകൃത്ത് ഓര്‍മ്മിപ്പിച്ചു. 

”ശരി…സാർ….വരാം ”

അയാള്‍ക്ക്‌ പുറത്തുകടക്കുമ്പോള്‍ ഒരാശ്വാസംതോന്നി. തന്‍റെ കഥ കഥാകൃത്തിനു ഇഷ്പ്പെട്ടു എന്നുള്ള ചിന്ത അയാള്‍ക്ക്‌ ഉള്‍പുളകമുണ്ടാക്കി.

 വിശാലമായവേദിയില്‍  വച്ചു നടത്തപ്പെട്ട അവാര്‍ഡുദാനചടങ്ങിനു അയാള്‍  സദസ്സിലൊരിടത്തു സ്ഥാനംപിടിച്ചു .പരിപാടി ആരംഭിച്ചു. നിറഞ്ഞ  സദസ്സ്.  

 കഥാകൃത്തിനെപ്പറ്റി പല പ്രമുഖരും പ്രശംസകള്‍  കോരിച്ചൊരിഞ്ഞു.

 കഥയുടെ മികവിനെപ്പറ്റിയും ഇത്തരം കഥകള്‍ ഈ  കഥാകൃത്തിനെ സൃഷ്ടിക്കാന്‍ കഴിയൂ എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുകയുമുണ്ടായി.     

 അവാര്‍ഡ്ദാന ചടങ്ങിനുള്ള സമയമായി. കഥാകൃത്ത് ക്ഷണിക്കപ്പെട്ടു. കരഘോഷങ്ങളുടെ അലയടികള്‍ അവിടം മുഴുവനും പ്രകമ്പനം കൊണ്ടു. കഥാകൃത്ത് പ്രസംഗപീഠത്തിനു മുന്നില്‍  മൈക്കിലൂടെ പ്രസംഗത്തിനായി ചുണ്ടുചേര്‍ത്തു.

“സുഹൃത്തുക്കളെ ഇന്ന് എല്ലാവരോടുമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. അതെന്തെന്ന് അറിയിക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു ഞാന്‍  വിശ്വസിക്കുന്നു”.

കഥാകൃത്ത്  പ്രസംഗം തുടങ്ങിയതും സദസ്സ് നിശബ്ദം.

 സദസ്സിലിരിക്കുന്ന അയാള്‍ക്ക്‌ ഉള്‍ക്കിടിലമുണ്ടായി. ആ രഹസ്യം കഥാകൃത്ത് പറയുമോ. എങ്കില്‍ പിന്നെ … ആളുകളെ എങ്ങിനെ അഭിമുഖികരിക്കും. അയാളാകെ പരിഭ്രമത്തോടെയിരുന്നു .

കഥാകൃത്ത് തുടങ്ങി

“നിങ്ങളൊക്ക എന്‍റെ കഥകളുടെ ആരാധകരാണ്. ഈ വലിയ സദസ്സ് അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്‍റെ കഥകളെ സ്നേഹിക്കുന്നുണ്ടെന്നുള്ള അറിവ് എനിക്ക് ഉള്‍പുളകമേകുന്നു. വായിച്ചും പ്രോത്സാഹിപ്പിച്ചും നിങ്ങളെന്നെ വളര്‍ത്തിയതിനു ഒരായിരം നന്ദി. എന്‍റെ ഈകഥയെ അവാര്‍ഡിന് തെരഞ്ഞെടുത്ത അവാര്‍ഡുകമ്മിറ്റിക്കും നന്ദി.”

കരഘോഷം മുഴങ്ങി. കഥാകൃത്ത് പറഞ്ഞു

” സുഹൃത്തുക്കളെ ഓരോ കഥയും പിറന്നു വീഴുന്നതിനു പിന്നില്‍  എത്രയോ നോവുകളുണ്ടെന്ന് അറിയണം. കഥാബീജം പൊട്ടിമുളച്ച് അതുമനസ്സിലിട്ടു വളര്‍ത്തി വലുതായി ഒരു കഥയായി വികസിക്കുന്നതിന് പിന്നിലുള്ള നോവ്‌ .ഒരു പേറ്റുനോവ് തന്നെയാണത്. കഥയുടെ പിന്നാമ്പുറങ്ങളൊന്നും  ആരും അന്വേഷിക്കാറില്ല. കഥ നല്ലതോ ചീത്തയോ എന്നത് ഓരോരുത്തരുടെയും ആസ്വാദനത്തിന്നനുസരിച്ചായിരിക്കും തീരുമാനിക്കുന്നത്. കഥയില്‍ നല്ലത് ചീത്ത അങ്ങിനെ ഒന്നുമില്ല എന്നാണ് എനിക്കു തോന്നുന്നത്. എന്തുതന്നെയായാലും സൃഷ്ടിച്ച ആള്‍ക്ക് സ്വന്തം കുഞ്ഞിനോടുള്ള വാല്‍സല്യം  അതിനോടും ഉണ്ടാകും എന്നതാണ്”

കഥാകൃത്ത് പ്രസംഗിക്കുകയാണ്.

“ഞാന്‍ മറ്റൊരു കാര്യമാണ് പറയുന്നത്. ഇത് നിങ്ങള്‍  കേള്‍ക്കണം. അറിയണം. പറയുന്നത് ഒരു വിഡ്ഢിത്തരമല്ലെന്നും നിങ്ങള്‍ ഓര്‍ക്കണം. എനിക്ക് അവാര്‍ഡ് കമ്മിറ്റികാരോട് ഒന്ന് ചോദിക്കാനുള്ളത് ഇതാണ്. ഈ അവാര്‍ഡ്‌ എനിക്കാണോ എന്‍റെ കഥയ്ക്കാണോ എന്നുള്ളതാണ് എന്‍റെ ചോദ്യം. അതറിയാനുള്ള അവകാശമെനിക്കുണ്ടെന്ന് ഞാന്‍  വിശ്വസിക്കുന്നു, അതുകൊണ്ട് അതുവെളിപ്പെടുത്തിയെങ്കില്‍ മാത്രമേ ഈ അവാര്‍ഡ് ഞാന്‍ സ്വീകരിക്കുകയുള്ളൂ എന്നുകൂടി അറിയിക്കുകയാണ്.”

 വേദിയിലിരിക്കുന്നവര്‍  പരസ്പരം നോക്കി. സദസ്സിലിരിക്കുന്നവര്‍ക്ക്  കഥാകൃത്ത് പറഞ്ഞതെന്തെന്ന് മനസ്സിലായതുമില്ല.     

 അവാര്‍ഡുകമ്മിറ്റികാരാകെ  കുഴങ്ങി. യഥാര്‍ത്ഥത്തില്‍ ആ കഥ അത്ര  മികച്ചതൊന്നുമായിരുന്നില്ല. പ്രശസ്തനായ ഒരാള്‍  എഴുതിയതുകൊണ്ട് അതിനു നല്‍കാമെന്ന് എല്ലാരുംകൂടി വിചാരിച്ചതാണ്. കഥാകൃത്ത് ഇങ്ങനെയൊരു പണിപറ്റിക്കുമെന്ന് ആരറിഞ്ഞു. 

 അവാര്‍ഡുകമ്മിറ്റികാര്‍ കൂടിയാലോചിച്ചു. മികച്ച കഥയ്ക്കെന്നു കൊട്ടിഘോഷിചിട്ട് അതിനല്ലെന്നു വന്നാലുള്ള നാണക്കേടും അതിനുശേഷമുണ്ടാകാവുന്ന പൊല്ലാപ്പുകളും ഓര്‍ത്തു. അവാര്‍ഡുകമ്മിറ്റികാരുടെ കള്ളത്തരങ്ങളും വെളിച്ചത്തുവരും. അതുകൊണ്ട് കമ്മിറ്റികാര്‍ ഇങ്ങനെയാണ് പറഞ്ഞത്.

 “ഫലിതസാമ്രാട്ടായ നമ്മുടെ പ്രശസ്ത കഥാകൃത്തിനെ കുറിച്ചു എല്ലാവര്‍ക്കും ബോധ്യമുള്ളതാണല്ലോ അദ്ദേഹത്തിന്‍റെ വേദികളിലെല്ലാം  പലപ്പോഴും ഇത്തരം തമാശകള്‍  നിങ്ങള്‍  ശ്രവിച്ചുകാണുമെന്നും ഞങ്ങള്‍ക്കറിയാം. എങ്കിലും ഈ അവസരത്തില്‍ അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.”

”അതിനാല്‍ ഞങ്ങള്‍  പ്രഖ്യാപിക്കുകയാണ് അദ്ദേഹമെഴുതിയ കഥയ്ക്കാണ് ഈ അവാര്‍ഡെന്ന്”.

സദസ്സ് കരഘോഷം കൊണ്ട് വീണ്ടും മുഖരിതമായി. കഥാകൃത്ത് സദസ്സിലേയ്ക്ക് കണ്ണയച്ചുകൊണ്ട് പറഞ്ഞു 

 “ഇവര്‍ പറഞ്ഞത് കേട്ടല്ലോ എന്‍റെ കഥയ്ക്കാണ് അവാര്‍ഡ്. എങ്കില്‍ അവാര്‍ഡുദാന ചടങ്ങ് തുടങ്ങാം. അതിനു മുന്‍പ് എനിക്ക് സദസ്സില്‍ നിന്നൊരാളെ വിളിക്കാനുണ്ട് ”

കഥാകൃത്ത് സദസ്സിലേക്ക് നോക്കി പേര് വിളിച്ചു.അതാരാണെന്ന് അറിയാനുള്ള ആകാംക്ഷ ഓരോമുഖങ്ങളിലും പ്രകടമായി.

അപ്പോള്‍ നടന്ന സംഭവവികാസങ്ങളില്‍  അയാള്‍  ഉള്‍ഭയവും നാണക്കേടുംകൊണ്ട് തളര്‍ന്നു സീറ്റിലിരിക്കുകയായിരുന്നു.     

കഥാകൃത്തിന്‍റെ വിളികേട്ട് അയാളൊന്നു ഞെട്ടി. കഥാകൃത്ത് അയാളെ വീണ്ടും കൈകാട്ടി വിളിച്ചു.

അയാള്‍ അതുകണ്ട്  മനസ്സാന്നിധ്യം നഷ്ടപ്പെട്ടവനെപോലെ  സ്റ്റേജിലേക്ക് നടന്നുകയറി. ആളുകള്‍ നാടകം കാണുന്നതുപോലെയിരിക്കുകയാണ്. 

കഥാകൃത്ത് അയാളെനോക്കി പുഞ്ചിരിച്ചു .

“ഇയാളെ നിങ്ങൾക്ക് പരിചയമുണ്ടായിരിക്കുമോ എന്നറിയില്ല.ഞാന്‍ തന്നെ പറയാം നല്ലൊരു കഥാകൃത്താണിയാള്‍. അതായത് ഈ കഥയെഴുതിയത് നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഞാനല്ല. അതിന്‍റെ യഥാര്‍ത്ഥ അവകാശി ഇയാളാണ്. ഒരു കുസൃതിയ്ക്കുവേണ്ടി അയാള്‍  ചെയ്തതാണ്.. എന്തുതന്നെയായാലും ആ കഥയ്ക്ക് ഒരവാര്‍ഡും കിട്ടി.. അതുകൊണ്ട് ആ കഥയ്ക്കുള്ള അവാര്‍ഡ് കൊടുക്കേണ്ടതു ഇയാള്‍ക്കാണ്”

 എല്ലാവരും അമ്പരപ്പോടെ മിഴിച്ചിരിക്കുകയാണ്. അവാര്‍ഡ് കമ്മിറ്റികാര്‍ക്ക് കഥാകൃത്തിനോട് തീരാത്ത ദേഷ്യമുണ്ടായി. കഥാകൃത്ത് സംഭവം വിവരിച്ചു. കഥയ്ക്കുള്ളിലെ കഥകേട്ട് സദസ്സ് വീണ്ടും കരഘോഷം മുഴക്കി

 അയാള്‍  സ്റ്റേജില്‍  നിന്ന് പൊട്ടികരഞ്ഞു. കുറച്ചുനേരം അന്തരീക്ഷം മൂകമായി..അതിനെ ഭേദിച്ചുകൊണ്ട് മൈക്കിലൂടെ അനൗണ്‍സറുടെ ശബ്ദം കേട്ടു.

   “അപ്രതീക്ഷിതമായ ഒരു നാടകീയ രംഗം ഇവിടെയുണ്ടായതില്‍  ഞങ്ങള്‍  ക്ഷമ ചോദിക്കുകയാണ്.  കഥാകൃത്തിന്‍റെ വെളിപ്പെടുത്തലോടെയിപ്പോള്‍  ഈ ചടങ്ങിലെ വിശിഷ്ടാതിഥി മറ്റൊരാളായി തീര്‍ന്നിരിക്കുകയാണ്.    ബഹുമാനപ്പെട്ട കഥാകൃത്തിന്‍റെ നിര്‍ബ്ബന്ധത്താല്‍  ഞങ്ങള്‍  ഈ അവാര്‍ഡ് കഥയെഴുതിയ യഥാര്‍ത്ഥ അവകാശിക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഈ അവസരത്തില്‍ അദ്ദേഹത്തെ ഈ അവാര്‍ഡ് സ്വീകരിക്കാന്‍  ഞങ്ങള്‍ സ്നേഹപുരസ്സരം  ക്ഷണിച്ചുകൊള്ളുകയാണ്”

വേദിയില്‍ അയാളുടെ കരം ഗ്രഹിക്കാനായി അവാര്‍ഡ്കമ്മിറ്റി ഭാരവാഹി ഓടിയെത്തി. അയാള്‍ വിശിഷ്ടാതിഥിയായി അവരോധിക്കപ്പെട്ടു.

     കഥയ്ക്കുള്ള അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് തന്നെ അയാള്‍ക്ക്‌ സമ്മാനിച്ചു.  സദസ്സ് കരഘോഷങ്ങളാല്‍  ആര്‍ത്തു വിളിച്ചു. അയാളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ധാരധാരയായിയൊഴുകി. 

 അവാര്‍ഡ് യഥാര്‍ത്ഥ അവകാശിക്ക് ലഭിക്കാനിടയാക്കിയ കഥാകൃത്തിന്‍റെ സത്യസന്ധതയും വിശാലമനസ്കതയും എല്ലാവരും അഭിനന്ദിച്ചു. കഥാകൃത്ത് വലിയൊരു മനുഷ്യനാണെന്നും ഈ സല്‍കീര്‍ത്തി എന്നും നിലനില്‍ക്കുമെന്നും ആശംസിക്കുകയുംഅഭിപ്രായപ്പെടുകയുമുണ്ടായി

അയാളാകട്ടെ  ഒന്നും കാണുന്നുണ്ടായിരുന്നില്ല.  ഏതോ സ്വര്‍ണ്ണ ചിറകുള്ള പക്ഷിയായി  വാനിലൂടെ അങ്ങിനെ  സഞ്ചരിക്കുകയായിരുന്നു  അയാളപ്പോള്‍.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here