കറുപ്പ്

 

 

എങ്ങോട്ടാണെന്നു ചോദിക്കരുത്
നമ്മള്‍ ഒരു യാത്ര പോകയാണ്

ഒന്നും കരുതേണ്ടതില്ല

ഉടുപ്പ്,
പാഥേയം,
വെള്ളം
ഒന്നും ആവശ്യമില്ല

വഴി നീളെ കറുപ്പായിരിക്കും

പൂക്കള്‍
പക്ഷികള്‍
മൃഗങ്ങള്‍
മനുഷ്യര്‍
പ്രാണികള്‍
മരങ്ങള്‍
പുഴകള്‍
വയലുകള്‍
കുന്നുകള്‍
എല്ലാം കറുപ്പായിരിക്കും

പക്ഷെ,

അര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടിയ
വാക്കുകള്‍ മാത്രം
വെന്തു നീറി നീറി
വെളുത്തിരിക്കും

നമുക്ക് വാക്കുകളുടെ
സഹായമേ വേണ്ടി വരില്ല

വാക്കുകളില്‍ നിന്നും
സ്വാതന്ത്ര്യം കിട്ടുന്ന യാനമാണ്

മതത്തേയും,
ജാതിയേയും,
ദൈവത്തേയും,
നമ്മളെത്തന്നെയും അടര്‍ത്തി മാറ്റിയ ദൂരമാണ്
നമുക്ക് താണ്ടാനുള്ളത്

മൗനങ്ങളെയും,
മുറിവുകളേയും,
മടുപ്പുകളേയും,
നട്ടു വളര്‍ത്തിയ കിതപ്പുകളെയാണ്
നമുക്ക് കീഴടക്കാനുള്ളത്.

കരയരുത്
വഴിയില്‍
കറുപ്പിലേക്കിറങ്ങി
കാണാതാവുന്ന
കൂട്ടുകാരോ,
ബന്ധുക്കളോ
ഉണ്ടാകും.
ചിലപ്പോള്‍
നമുക്ക് പിറക്കാത്ത
കുഞ്ഞുങ്ങളൂണ്ടാകും
കരയരുത്

ഇടക്കൊരു
പുഴയുടെ
കറുപ്പിലേക്ക്
കഴുത്തോളം ഇറങ്ങേണ്ടി വരും
എങ്കിലും
ഭ്രാന്തും , ഉന്മാദവും
നമ്മളെ അക്കരെയെത്തിക്കും

എത്ര മഴ കൊണ്ടാലും നനയില്ല നമ്മള്‍
എത്ര വെയില്‍ കൊണ്ടാലും വാടില്ല നമ്മള്‍
എത്ര പിണങ്ങിയാലും
ചേര്‍ത്തു പിടിച്ച വിരലുകളില്‍
നമ്മള്‍ വീണ്ടും വീണ്ടൂം
വസന്തത്തിന്റെ കണ്ണൂകള്‍ തുന്നി വയ്ക്കും
എന്നാലും
ഏതെങ്കിലും ഒരു വളവില്‍ വച്ച്
എനിക്ക്
എന്നെ കറുപ്പിലേക്ക് മൊഴി മാറ്റേണ്ടി വരും
പിന്നെ നീയെന്നെ കാണൂകയേയില്ല
പക്ഷെ നീ, യാത്ര തുടരണം

കറുപ്പില്‍ ഞാനുണ്ടെന്ന കരുത്തോടെ,
മറ്റൊരു വളവില്‍
കറുപ്പിലേക്ക്
നിന്നെ മൊഴി മാറ്റുന്നവരെ

യാത്രകളില്ലാത്ത
ഒരു കറുപ്പില്‍
നാം വീണ്ടും കണ്ടു മുട്ടും വരെ
എങ്ങോട്ടാണെന്ന് മാത്രം
ചോദിക്കരുത്
സ്നേഹമേ!

തെറി വിളീച്ചവരും
കൊല്ലാന്‍ വന്നവരും
ശത്രുക്കളേയല്ല
വഴിയിലൊരിടത്ത്
ദൈവനാമത്തിലുള്ള ഒരു കറുപ്പില്‍ അവരുമുണ്ടാകും

നമ്മള്‍
അവരോട് ചിരിക്കും
വാക്കുകളില്ലാത്ത
ഒരു ചിരി
അപ്പോള്‍ അവരുടെ കണ്ണൂകളില്‍
കറുപ്പ് നനഞ്ഞിറങ്ങും

അതൊരു ആശംസയാണ്
ജന്മജന്മാന്തരങ്ങളിലേക്ക്
തുറന്നിട്ടത്
അന്ധതയില്‍ നിന്ന്
പരോളിലിറങ്ങിയത്.
——————-

പവിത്രന്‍ തീക്കുനി
‘മഴ’
ആയഞ്ചേരി പി . ഒ
വടകര , കോഴിക്കോട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here