കറുപ്പ്
വെറും കറുപ്പല്ല
വല്ലാതെ കറുത്തൊരു
അവസ്ഥയാണ്!
ചിന്തയുടെ
മനസ്സിന്റെ
കാഴ്ചപ്പാടിന്റെ
നിറമാണ്.
അവർ പറഞ്ഞു
കറുപ്പ്
ഇരുട്ടിന്റെ വെളിച്ചമാണ്
അനീതിയുടെ
അടിമത്തത്തിന്റെ
ചങ്ങലയുടെ
പൊട്ടിച്ചിതറുവാനുള്ള
കലിപ്പിന്റെ സ്വരമാണ്
എന്നൊക്കെ…
കറുപ്പ് ഒരു നിറമേയല്ല!
ചിലർ
കറുപ്പിന്റെ
നിറവും മാനവും
അസ്തിത്വവും
പുനർനിർവചിച്ചു
ആത്മനിരാസം
നേടിക്കൊണ്ടേയിരുന്നു!
അക്ഷരങ്ങൾ വിങ്ങിയൊരു
ചെപ്പായി
നിറമില്ലാത്തൊരു
രൂപമായ് മാറി
കറുപ്പ്!
ദളിതരുടെ നിറമാണ്
അധമരുടെ നിനവാണ്
ശക്തിയുടെ
കാൽമുട്ടിലിഴയുന്ന
കുഴയുന്ന
അമരുന്ന
അമറുന്ന
ചോദനയാണ് കറുപ്പ്
ഹോ, വല്ലാത്ത ധാർമികരോഷം
തീർക്കുമീ
കറുപ്പ്!
ചാരത്തിൽ നിന്നും
പുനർജനിക്കുന്ന
ആശയമാണ്
ആരുടെയോ ആവശ്യമാണ്
കറുപ്പ്!
കറുപ്പിന്റെ വായന
ചവർപ്പായിരിക്കുന്നത്
എനിക്കുമാത്രം!
വീര്യം കുതിർന്നൊരു നിറമാണ്
കൂട്ടിലെക്കിളിയാണ്
സഹനം തികഞ്ഞ ചരിത്രമാണ്
എല്ലാം ഒതുക്കുന്ന, ഒടുങ്ങുന്ന
ചോരയുടെ വിപ്ലവച്ചുവപ്പാണ്
തീരാപ്പകയാണ്
കറുപ്പ്.
ഇനിയും പറയാത്ത കാവ്യം
ഇനിയും മരിക്കാത്ത
ഭീഷ്മജന്മം
ഇനിയും ജനിക്കുന്ന
വാക്കുകൾക്കായ്
കാത് കൂർത്തും
വെളുക്കെച്ചിരിക്കുന്ന
തീയാണ്
വിങ്ങലാണ്
നിസംഗതയാണ്
കറുപ്പ്!
ഓർത്താലോ
വിമ്മിഷ്ടം
പേരറിയാത്ത വിഷാദം
ഒരുമുഴം തുണ്ടിലൊടുക്കേണ്ട
പാഴ്നിറം.
കവി കടംകൊണ്ട
ചേതോവികാരം!
കറുപ്പിന്റെ ഉൺമയെ
തല്ലിയുണർത്തുമീ
സവർണാക്ഷരക്കൂട്ടങ്ങളേ
കാണുമോ
തൂലികത്തുമ്പിലൂടൂറുന്ന
കാർഷ്ണ്യമീ കാപട്യം
കണ്ണുനീരും!
നിങ്ങൾ പ്രതീകമായ്
തീർക്കും കറുപ്പിനാൽ
ഇല്ലാതെയാക്കും നിറങ്ങളല്ലോ
നാളത്തെയുണ്മയും
ശബ്ദവും വെട്ടവും
ചേതനയും.
കറുപ്പിൻ മതിൽക്കെട്ടി നിർത്തിയ
മാനവ സംസ്കാര സൂചകമാകട്ടെ
ചിന്തകളും.
ഓർക്കുകയെപ്പോഴും
വർണജാലം നിറദീപങ്ങളാകട്ടെ
വാക്കുകളിൽ.