“നിറഞ്ഞു വളരുന്ന നൊച്ചിക്കാടുകൾക്കിടയിലൂടെ”

 

മലയാളകഥയിലെ പുതിയ തലമുറയില്‍പ്പെട്ട മേഘ മല്‍ഹാറിന്റെ ആദ്യസമാഹാരമായ ‘കറുപ്പ’ എന്ന പുസ്തകത്തിന് ഈ.പി. രാജഗോപാലന്‍ എഴുതിയ അവതാരിക :

 

 

നിറഞ്ഞു വളരുന്ന നൊച്ചിക്കാടുകൾക്കിടയിലൂടെ “
തുടങ്ങിയ കാഴ്ചകൾ

 

 

 

കാണുകയായിരുന്നു ഈ കഥകൾ .
മുൻവിചാരങ്ങളൊന്നും ഇല്ലാതെ വായിക്കാനെടുത്തതാണ് . ദൃശ്യത്തിന്റെ ആഖ്യാനങ്ങൾ അടുത്തടുത്ത് വരുന്നത് പെട്ടെന്നറിഞ്ഞു. ലോകത്തെ കാണുകയാണ് മേഘമൽഹാർ ചെയ്യുന്നത്. കാഴ്ചകളുടെ രൂപീകരണം കൊണ്ടാണ് വിചാരത്തെയും വികാരത്തെയുമെല്ലാം കഥകളുടെ ഭാഗമാക്കേണ്ടത് എന്ന ഉള്ളറിവിന്റെ വെളിച്ചത്തിലുള്ള പ്രവർത്തനമാണ് ഈ കഥകളിൽ കാണുന്നത്. പരസ്യങ്ങളും രഹസ്യങ്ങളുമെല്ലാം “കാണ”പ്പെടുന്നു.

മിണ്ടാപ്രാണി എന്ന് മനുഷ്യർ മറ്റുള്ളവരെ വിളിക്കും. തങ്ങൾ മിണ്ടുംപ്രാണിയാണെന്ന വിളംബരം കൂടിയാണ് അത്.
കഥയുണ്ടാക്കുന്നതിലെ ഒരു പ്രധാന ഉപാധി സംഭാഷണങ്ങൾ ഓർത്തെടുത്തും സങ്കല്പിച്ചും
എഴുതുക എന്നതാണ്. അങ്ങനെയാണ് കഥകൾ ഒരുപക്ഷെ പ്രാഥമികമായി സാമൂഹികവും യഥാതഥവുമാകുന്നത്.
ഈ കഥകളിൽ — ആകെ കൂടി പതിമൂന്ന് കഥകൾ — മിണ്ടാട്ടം അത്രകണ്ട് ഇല്ല .
പകരം കണ്ണും മനസ്സും തമ്മിലുള്ള വിനിമയമാണ്. ഫലം : കാഴ്ചകൾ .

കഥയെ “സ്വാഭാവികമായ “ആഖ്യാനമാക്കുക എന്നതിനെ തടയുന്ന പ്രവർത്തനമാണ് നടക്കുന്നത് കാഴ്ചകളുടെ ഈ ഗാഢത.
കഥ ജീവിതത്തിന്റെ നേർപകർപ്പായാൽ ഒരു പക്ഷെ വായനക്കാരുടെ സ്വീകാര്യത ഏറും. അത്തരം സാദ്ധ്യതകകളൊന്നും ഈ കഥാകാരിയുടെ പരിഗണയിലേ ഇല്ല എന്ന് തോന്നുന്നു. മൂർത്തമായ വിഷയമുണ്ട് ഓരോ കഥയിലും . അതിനെ സ്വാഭാവിക സന്ദർഭങ്ങളാക്കി ” വിസ്തരിക്കുക ” യല്ല ഇവിടത്തെ നയം . പകരം കാണലാണ് . എന്നാൽ സാക്ഷി മാത്രമല്ല കഥാകാരി. സന്ദർഭങ്ങളുടെ ദൃശ്യപാഠത്തെ സങ്കല്പിക്കാനുള്ള വിവേകവും ശ്രദ്ധയും നിറഞ്ഞതാണ് മേഘയുടെ സർഗ്ഗാത്മക വ്യക്തിത്വം . ഒരു കഥയിൽ വായിക്കാം :
” ഞാൻ എപ്പോഴും ആളുകളെ നിശബ്ദമായി നിരീക്ഷിച്ചു കൊണ്ടിരുന്നു ” . ഇത് ഒരു കഥാപാത്രത്തിന്റെ സത്യപ്രസ്താവമാണ് — എന്നാൽ അത് മാത്രമല്ല. കഥാ നിർമ്മാണത്തിന്റെ ഒരു രഹസ്യം അബോധമായി വെളിപ്പെട്ടുപോവുകയാണ് ഇവിടെ.

പക്ഷെ, നിരീക്ഷണം നടത്തി എഴുതിവെക്കുന്ന
ജേണലിസ്റ്റിക് കാഴ്ചകളല്ല ഈ സമാഹാരത്തിൽ തിടം വെച്ച് നിൽക്കുന്നത്.
ഭാവന കനത്തതും പ്രമേയനിർഭരവും
ബഹുസ്വരവുമായ ദൃശ്യങ്ങൾ നിരന്തരം
നിർമ്മിച്ചുവെച്ചിരിക്കുകയാണ്. എളുപ്പത്തിൽ രസിച്ച് വായിക്കാവുന്ന ഒരിനം കൺസ്യൂമർ ഉല്പന്നമായിക്കൂടാ കഥ എന്ന് സ്വന്തം നിലയിൽ ഉറപ്പിച്ചുവെച്ചയാളാണ് മേഘമൽഹാർ .
ഇങ്ങനെയെല്ലാമായി എല്ലാ
കഥകൾകൾക്കും സവിശേഷമായ ധൈഷണികസ്വഭാവം വന്നുചേർന്നിരിക്കുന്നു.

ലോലഭാവങ്ങളുടെ ചരിത്രമെഴുത്തുകാരിയെയല്ല
ഈ രചനകളിൽ പരിചയപ്പെടാൻ കഴിഞ്ഞത്.
അടിസ്ഥാനവികാരങ്ങളായി ചിലതൊക്കെ ഉണ്ട് എന്ന് കഥാകാരി ഉറപ്പിച്ച് വെച്ചിട്ടുണ്ട്. അവയിൽ നടപ്പുകാലം നടത്തുന്ന പല മാനങ്ങളിലുള്ള ഇടപെടലുകൾ ഉണ്ട് . അങ്ങനെ ഇളവറ്റ തീക്ഷ്ണത നേരിടാതെ കഥകളിലൂടെ സഞ്ചരിക്കാൻ പറ്റില്ല എന്ന നില ഉണ്ടായിരിക്കുന്നു. പൈങ്കിളിത്തവും ആദർ വാദിയാവലും ഒത്തുതീർപ്പാവലും മാന്യതാവാദവുമൊന്നും കഥകളിൽ ഇല്ല .
തീവ്രതയുടെ സൗന്ദര്യശാസ്ത്രമാണ് ഇവിടെ നിറവേറിയിരിക്കുന്നത്.

വിശദതയുടെ സമ്പ്രദായം കഥകളിൽ ഉണ്ട് .
ഊഹത്തിന് വിടുന്ന, ധ്വനിപ്പിച്ച് വെക്കുന്ന ആഖ്യാനമല്ല ഇവിടെ കാണുക. ഒരു സന്ദർത്തെ, വഴിത്തിരിവിനെ ചെറുചെറുകാഴ്ചകളായി ഭാവന ചെയ്യുകയും അവയുടെ സാകല്യഫലത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന ആളാണ് ഈ കഥകളുടെ ഉത്തരവാദി. കഥാപാത്രങ്ങളെ അനക്കങ്ങളിലൂടെ സ്വയം വെളിപ്പെടുന്നവരായി ഇവിടെ സങ്കല്പിച്ചിരിക്കുന്നു. നിർമ്മിതികളും പ്രകൃതിയും അവരോട് അവ്വിധം തന്നെയാണ് പെരുമാറുന്നത്. ഒരു ഭാഗം പകർത്താം: ”
രാത്രി തീരാറായിരുന്നു. ഇരുട്ടിൽ നിന്ന് . ഒരു കറുത്ത പൂച്ച ഇറങ്ങി വരുന്നത് പോലെ കരുണാകരന് തോന്നി. വെളുപ്പ് ക്രമേണ ചെമ്പരത്തിക്കാടുകളിലേക്ക് പടരുന്നത് ജനാല വിടവിലൂടെ അയാൾ അറിഞ്ഞു.
ചീരു മുറ്റത്ത് പുറം തിരിഞ്ഞ് കുത്തിയിരിക്കുന്ന കാഴ്ചയാണ്. വെളിച്ചത്തിൽ . അയാൾ ആദ്യം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ വരച്ചു കൊണ്ടിരുന്ന കാരിക്കേച്ചറിന്റെ അരികുകളെ . പറ്റി ചിന്തിച്ച് കരുണാകരൻ വരാന്തയിലേക്ക് നടന്നു. ”

വടക്കേ വടക്കൻ കേരളമെന്നു വിചാരിക്കേണ്ട സ്ഥലങ്ങൾ ഈ കഥകളിൽ ഉണ്ട് ; .മറ്റ് കേരള ദേശങ്ങളും ഉണ്ട് . അകേരളീയമെന്ന് വിചാരിക്കേണ്ട സ്ഥലങ്ങളും കൂടി ഉണ്ട് . സ്ഥലവും സന്ദർഭവും ഏതായാലും അതിനെ അതിന്റെ പ്രമേയമൂല്യത്തോടെ ദൃശ്യമാക്കി എഴുതാനുള്ള മികവാണ് ഈ സമാഹാരത്തെ വ്യത്യസ്തമാക്കുന്നത്. സ്നേഹം, വിരഹം , പക, ഏകാകിത തുടങ്ങിയ വികാരപ്രമേയങ്ങൾ തന്നെയാണ് ഈ കഥകളും പരിചരിക്കുന്നത്. എന്നാൽ അവ കഥയായി ഉണർന്നുവളരുന്ന സന്ദർഭങ്ങളുടെ രചനയിൽ പുലർത്തുന്ന ഗാഢമായ ശ്രദ്ധയും നവീനതയുമാണ് എടുത്തുപറയേണ്ടത്. അവയിൽ പാരമ്പര്യത്തിന്റെ ഭാരം ഇല്ല. അവ വല്ലാതെ ക്ലിഷ്ടവും അല്ല . ആത്മാർത്ഥമായ സർഗ്ഗസമീപനം കൊണ്ടുണ്ടാകുന്ന ആധികാരികത എല്ലാ കഥകളെയും ശ്രദ്ധേയമാക്കുന്നു . അലസവായനയ്ക്കുളള ചരക്കല്ല ഇതിലെ ഒരു കഥയും. ഈ കഥകളുടേത് തീവ്രതയുള്ള മാതൃഭാഷയാണ്.

സന്ദർഭങ്ങളുടെ വ്യത്യസ്തപാഠങ്ങളാണ് കഥകൾ അവതരിപ്പിക്കുന്നത്. ആദർശവത്ക്കരണമില്ല; നാടകീയതയ്ക്ക് വേണ്ടിയുള്ള നാടകീയതയില്ല;
എളുപ്പത്തിലുള്ള പരിഹാരവഴികൾ ഇല്ല ; കെട്ടിയിറക്കുന്ന ശുഭചിന്തകൾ ഇല്ല .
ആളുകളെയും ഇടങ്ങളെയും ഇടപാടുകളെയും പുതുതായി “കണ്ട “റിയുന്നു. ശ്രദ്ധാലുക്കൾ
ഈ കണ്ണിനെയും കാണലിനെയും തള്ളിക്കളയാൻ സാദ്ധ്യതയില്ല എന്ന തോന്നലോടെ ഈ സമാഹാരത്തെ (കഥാകാരിയെയും ) മലയാള വായനശാലയിൽ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കുന്നു.

(27, ജനുവരി 2023)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here