മലയാളത്തിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും നോവലിസ്റ്റും ചെറു കഥാകൃത്തും ഉപന്യാസകാരനുമാണ് കരുണാകരൻ. രചനയുടെ യഥാർത്ഥ ശൈലിക്ക് പേരുകേട്ട അദ്ദേഹം, നിരവധി നോവലുകൾ, ചെറുകഥാ സമാഹാരങ്ങൾ, കവിതാ സമാഹാരങ്ങൾ, പഠനങ്ങൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത് . യുവവായിരുന്ന ഒന്പത് വർഷം തുടങ്ങിയ നോവലുകളും പായക്കാപ്പൽ പോലുള്ള ചെറുകഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ രചനയിൽ ഉൾപ്പെടുന്നു.
കരുണാകരന്റെ ഏറ്റവും പുതിയ നോവലായ പുതിയ “കേട്ടെഴുത്തുകാരി” യെക്കുറിച്ചു നോവലിസ്റ്റിന്റെ കുറിപ്പ് ചുവടെ :
“ജാതിക്കും മനുഷ്യനും ഇടയിൽ ദൈവത്തതിന്റെ സാന്നിധ്യം തിരഞ്ഞു പോയ ഒരു കഥ തന്നെ എന്തുകൊണ്ട് ആകര്ഷിക്കുന്നു എന്ന് ഒ വി വിജയന് തോന്നുന്ന ഒരു സന്ദര്ഭത്തിനും ചുറ്റുമായിരുന്നു എൻ്റെ കഥയുടെ നടപ്പാതകൾ രൂപപ്പെട്ടിരുന്നത്, അതിനൊപ്പം എഴുത്തുകാരൻ എന്ന നിലയ്ക്ക് വിജയൻ നേരിട്ടിരുന്ന ഒരു കാരണവും ഉണ്ടായിരുന്നു: “അധികാരം” എന്ന യാഥാർത്ഥ്യവും അത് പ്രവർത്തിക്കുന്ന ഭാവനയും, എന്റെയും ഇതിവൃത്തമായിരുന്നു. ഭ്രാന്തിന്റെ ഓരത്തായിരുന്നു, അല്ലെങ്കിൽ, ഇതൊക്കെയും പാർത്തതും. വള്ളുവനാട്ടെ പ്രശസ്തനായ ഒരു ഭ്രാന്തന്റെ നാട്ടിലെ പിറവികൊണ്ടാകാം ഇതൊന്നും എനിക്ക് അപരിചിത വുമായിരുന്നില്ല. പൂച്ചകളായി വേഷം മാറി ഈശ്വരനെ തൊഴാനെത്തുന്ന യുവ ദമ്പതികളെ, ഇപ്പോൾ ലോകത്തെ കൊട്ടിയടച്ച ഒരു മഹാമാരി, കൂടുതൽ പരിചയപ്പെടുത്തി. കഥയിൽ വിജയൻറെ കേട്ടെഴുത്തുകാരിയായി ഞാൻ ഒരു പെൺകുട്ടിയെയും കൂട്ടി. പതുക്കെ, എന്റെ രാത്രി ജനവാസമുള്ള സ്ഥലമാവാൻ തുടങ്ങി. വിജയൻ പേരിടാവുന്നതുപോലെ, ഒരു ദിവസം ആ പെൺകുട്ടിക്ക് ഞാൻ “പദ്മാവതി” എന്ന് പേരിട്ടു. ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയുടെ നാളുകളാണ് കഥയുടെ ഇതിവൃത്തത്തിന്റെ കാലമെങ്കിലും തീവ്ര വലതുപക്ഷത്തിന്റെ ആദ്യ അധികാരാരോഹണ കാലത്തിലേക്കും കഥ പലപ്പോഴും ഒഴുകി. വിജയൻ ജീവിച്ചിരുന്നതും വിജയൻ മരിച്ചതിനു ശേഷവുമുള്ള വർഷങ്ങൾ അതിരുകൾ മാഞ്ഞ വിധം സങ്കല്പ്പിയ് ക്കുകയായിരുന്നു. വിവേകവും രാഷ്ട്രീയവും ഒരുമിച്ചു കഴിയുന്ന ഒരു ഭ്രാന്ത്, കലയുടെ തന്നെ ആസ്തിയാണ് : ഓർമ്മ എഴുത്തിന്റെ ഇന്ധനമാകുമ്പോൾ.
ഖസാക്കിന്റെ ഇതിഹാസത്തിനും ധർമ്മപുരാണത്തിനും ഇടയിലുള്ള വിജയന്റെ കാലം സങ്കൽപ്പിക്കുമ്പോൾ ‘കേട്ടെഴുത്തുകാരി’യുടെ കഥയിലേക്ക് ഖസാക്കിലെ നൈസാമാലി കൂടി വന്നിരുന്നു. അടിമുടി കഥ പേറുന്ന ഒരാളെ പ്പോലെ തന്നെ. വിജയന് വിശ്വസിക്കാവുന്ന, വിജയന് തുണയാവുന്ന നൈസാമലി , വിജയൻറെ മരണ ദിവസം, വിജനമായ പള്ളിപ്പറമ്പിലെ കിണറ്റിൽ നിന്നും വെള്ളം കോരി എടുത്ത് തന്റെ തലയിൽ പല വട്ടം ഒഴിച്ച് അതേ ഈറനോടെ രാത്രിയിൽ ഭൂമി വലം വെയ്ക്കുന്നതോടെ എനിക്ക് എന്റെ കഥയുടെ പ്രമേയം ഭ്രാന്ത് തന്നെ എന്ന് ബോധ്യമായി: പാറക്കല്ലുകൾ മലമുകളിലേക്ക് ഉരുട്ടുന്ന ഭ്രാന്തൻ “എഴുത്തി”ന്റെ കൂടി സാധ്യതയായി..”