പ്രളയദുരന്തം തകർത്ത കേരളത്തിന്റെ നവസൃഷ്ടിക്കായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വേറിട്ട സഹായ പദ്ധതി. കുട്ടനാട്ടിൽ മാത്രം 34 ലൈബ്രറികൾക്കാണ് നാശം നേരിട്ടത്. ഈ ഗ്രന്ഥശാലകളിൽ ഒന്നിനെ ഏറ്റെടുത്ത് മാതൃകാപരമായി പുനരുജ്ജീവിപ്പിക്കുകയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയുമാണ് താലൂക്ക് ലൈബ്രറി കൗണ്‍സിൽ ദുരിത മുഖത്ത് കൈത്താങ്ങാകുന്നത്.
തകർന്നു പോയ ഓരോ ഗ്രന്ഥശാലയും പഴയ രൂപത്തിൽ പുനസൃഷ്ടിക്കുക എന്നതും നവകേരള സൃഷ്ടിയിൽ പ്രധാനമാണെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി ബി ശിവനും സെക്രട്ടറി വി വിജയകുമാറും പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കുട്ടനാട്ടിൽ പ്രളയത്തിൽ തകർന്ന ഒരു ഗ്രന്ഥശാല താലൂക്ക് കൗണ്‍സിൽ ഏറ്റെടുക്കുന്നത്.
പ്രളയത്തിൽ ഒഴുകിപ്പോയ പുസ്തകങ്ങൾക്ക് പകരം പുസ്തകങ്ങൾ, വിവിധ രജിസ്റ്ററുകൾ, ആനുകാലികങ്ങൾ, ദിനപത്രങ്ങൾ എന്നിവ ഉൾപ്പടെ നൽകി ഒരു ഗ്രന്ഥശാലയെ മാതൃകാപരമായി ഏറ്റെടുക്കുകയാണ് ലക്ഷ്യം. കുട്ടനാട്, ചെന്പുംപുറം വിജ്ഞാന പോഷിണി ഗ്രന്ഥശാല ആൻറ് വായനശാലയാണ് ഇത്തരത്തിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ ദത്തെടുക്കുക.കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ശേഖരിച്ച് നൽകും.
ഇതിന്റെ ഒന്നാം ഘട്ടമായി എട്ട് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഇ പി ജയരാജന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി വിജയകുമാർ ചെക്ക് കൈമാറി. ജില്ലാ ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം സുരേഷ്കുമാർ, വി പി ജയപ്രകാശ് മേനോൻ, ബി പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. താലൂക്കിലെ 100 അംഗ ഗ്രന്ഥശാലകളിൽ ബാലവേദി, വനിതാവേദി പ്രവർത്തകരുടെ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് സഹായ നിധി സ്വരൂപിച്ചത്.
അയ്യായിരം മുതൽ ഒരു ലക്ഷം വരെയാണ് വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ സ്വരൂപിച്ചത്. സർക്കാർ ദുരിതാശ്വാസ നിധിയുടെ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ താലൂക്ക് തലത്തിൽ സഹായ നിധിയുടെ പ്രവർത്തനം പ്ലാൻ ചെയ്തു നടപ്പാക്കുകയായിരുന്നു. രണ്ടാം ഘട്ടമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറും. ഇതിനു പുറമെയാണ് ദുരന്ത മേഖലയിലെ ഗ്രന്ഥശാല ഏറ്റെടുക്കുന്ന പ്രവർത്തനം നടപ്പാക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.