കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 1

cow223

കാലികളില്‍  ചെന പിടിക്കാന്‍ വൈകിയാല്‍ മുളപ്പിച്ച പയറു നല്‍കുക. മുളച്ച പയറില്‍ പോഷകങ്ങളും ഊര്‍ജ്ജവും കൂടുതലുണ്ട്. തന്മൂലം ഗര്‍ഭധാരണത്തിനുള്ള സാ‍ാധ്യതയും വര്‍ദ്ധിക്കുന്നു.

കാലികളില്‍ വിരശല്യം ശമിപ്പിക്കാന്‍ 100 ഗ്രാം പപ്പായ വിത്ത് അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കുടിപ്പിക്കുക.

പശുവിനു ദഹനക്കേടു വന്നാല്‍ ചുക്ക് കുരുമുളക് ശര്‍ക്കര എന്നിവ സമം അരച്ച് ചേര്‍ത്ത് ഉരുളകളാക്കി കൊടുക്കുക.

കന്നുകാലികള്‍ റബ്ബര്‍ പാല്‍ കുടിക്കാനിടയാല്‍ മറുമരുന്നായി വെളിച്ചണ്ണ നല്‍കുക.

കന്നുകാലികളുടെ ദേഹത്ത് വട്ടന്‍ ( കറുത്ത് വട്ടത്തിലുള്ള ഒരു കീടം) കയറിക്കൂടുന്നത് തടയാന്‍ കൂവ ഇടിച്ചു പിഴിഞ്ഞ നീരു പുരട്ടുക.

വയറിളക്കം വന്നാല്‍ ആഞ്ഞിലിയില കരിച്ച് കുടിവെള്ളത്തില്‍ കലക്കി ഉപ്പുമിട്ട് കൊടുക്കുക.

പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ കിട്ടുന്നത് പപ്പായ പുഴുങ്ങിക്കൊടുക്കുക.

കന്നുകാലികള്‍ക്കുണ്ടാകുന്ന ദഹനക്കേടിനു പ്രതിവിധിയായി കച്ചോലത്തിന്റെ നീരു കൊടുക്കുക.

കന്നുകാലികളുടെ ശരീരത്തില്‍ പുഴുക്കടി വന്നാല്‍ വന്‍ തകരയുടെ ഇല മോരില്‍ അരച്ചു ദിവസം രണ്ടു നേരം പുരട്ടുക.

കന്നുകാലികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടെങ്കില്‍ കച്ചോലം വെളുത്തുള്ളി കുരുമുളക് കുടമ്പുളി ഇവ സമമായി എടുത്ത് അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടി രാവിലെയും വൈകീട്ടും ഓരോ ഉരുള വീതം കൊടുക്കുക.

പശുവിന്റെ തൊഴുത്തില്‍ ഇടയ്ക്കിടയ്ക്കു കുമ്മായം വിതറുക ഈച്ച ശല്യം മാറിക്കിട്ടും.

കന്നുകാലികളുടെ വയറിളക്കത്തിനു മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചു കൊടുക്കുന്നത് ഫലപ്രദമായിരിക്കും.

കന്നുകാലികളുടെ കാലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനു ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുക.

കാലിലെ നീര്‍വീക്കത്തിനു കറ്റാര്‍ വാഴനീരില്‍ ചെന്നിനായകം അരച്ച് ലേപനം‍ ചെയ്യുന്നതും നല്ലതാണ്.

മൃഗങ്ങളുടെ പൊട്ടിയ എല്ലുകള്‍ നേരെയാകുന്നതിനു ഉഴുന്നുപൊടിയും കോഴിമുട്ട വെള്ളയും നല്ല വണ്ണം അരച്ചു ചേര്‍ത്ത് കട്ടിയായി പുരട്ടുക.

കന്നുകാലികളുടെ ദേഹത്തുണ്ടാകുന്ന മുറിവില്‍ ഈ ച്ച മുട്ടയിട്ട് പുഴു ആകുകയാണെങ്കില്‍‍ ആത്തയില അരച്ച് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി മുറിവില്‍ വച്ചു കെട്ടുക. പുഴുക്കള്‍ ചാകും വ്രണവും കരിയും.

കുളമുരോഗമുളള കന്നുകാലികളുടെ കുളമ്പില്‍ തുരിശു പൊടിച്ചിടുക രോഗം ഭേദമായിക്കൊള്ളും.

കന്നുകാലികള്‍ക്കുണ്ടാകുന്ന കുളമ്പുരോഗത്തിന്‍ പുളിയില വെള്ളത്തില്‍ തിളപ്പിച്ച് ഉപ്പു ചേര്‍ത്ത് കുളമ്പില്‍ ഒഴിക്കുകയും വേപ്പെണ്ണ പുരട്ടുകയും ചെയ്യുക.

കുളമ്പുരോഗത്തിനു മടല്‍ച്ചാരവും ഉപ്പും ചേര്‍ത്ത് കിഴി കെട്ടി കിഴി ചൂടാക്കി കുളമ്പില്‍ ചൂടു പിടിക്കുക.

കന്നുകാലികളുടെ കുളമ്പില്‍ പുഴു പിടിച്ച് പഴുപ്പുണ്ടായാല്‍ കര്‍പ്പൂരം വെളുത്തുള്ളി ഇവ അരച്ച് പുന്നയ്ക്കാ എണ്ണയില്‍ കാച്ചി തൂവലുകൊണ്ട് തൊട്ടിടുക. കപ്പലണ്ടിക്കായും ഈ ആവശ്യത്തിനു പറ്റിയതാണ്.

കുളമ്പുരാഗത്തിനു മാട്ടുകോടാശേരി സമൂലം രണ്ടു പിടിയോളം എടുത്തു ഇടിച്ചു പിഴിഞ്ഞ നീരില്‍ വെളുത്തുള്ളി വയമ്പ് കാട്ടുജീരകം നല്ല മുളക് ചുക്ക് ഇവ പത്തു ഗ്രാം വീതം അരച്ചു കൂട്ടി കലക്കിക്കൊടുക്കാം.

കുളമ്പുരോഗത്തോടൊപ്പം വായില്‍ വ്രണവും ഉണ്ടാകാം. ചിത്രപാല, ചുവന്നുള്ളി, നെയ്‌വള്ളി, നറുനീണ്ടിക്കിഴങ്ങ് ഇവ ഇടിച്ചു പിഴിഞ്ഞ നീരും അതില്‍ 115 മി ലി തേങ്ങാപ്പാലും ചേര്‍ത്ത് അതിലേക്കു ചെന്നിനായകം കടുകു രോഹിണി കാട്ടു ജീരകം പെരും ജീരകം കുടക്കമൂലി ഇവ ഓരോ കഴഞ്ചു വീതം അരച്ചു കലക്കി ചേര്‍ത്ത് എല്ലാം കൂടി തിളപ്പിച്ച് ആറിയ ശേഷം കൊടുക്കുക. പുല്ലു കൊടുക്കാതെ വൈക്കോല്‍ കൊടുക്കുക. അതോടൊപ്പം കൊടിത്തണ്ട് വാട്ടിപ്പിഴിഞ്ഞ നീരില്‍ കഞ്ഞി വച്ച് കോരിക്കൊടുക്കുകയും വേണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here