കഠിനാധ്വാനിയായ കര്‍ഷകനാണു മാത്തുക്കുട്ടി. അയാളുടെ രണ്ടാണ്മക്കളും കൂടി മൂന്നാറില്‍ വനപ്രദേശത്ത് കയറി കപ്പക്കൃഷി ചെയാന്‍ തീരുമാനിച്ചു.
ഒരു ദിവസം അവര്‍ മലയില്‍ നിരപ്പുള്ള സ്ഥലം കണ്ടെത്തി കിളച്ചു നിരത്തി. അവര്‍ പണി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു കരടി അവിടെ വന്ന് അലറിക്കൊണ്ടു പറഞ്ഞു.
‘ ഈ കാട് ഞങ്ങളുടേതാണ്. ഇവിടെ വന്നു കിളച്ചു നിരത്താന്‍ നിങ്ങള്‍ക്ക് എന്താ അവകാശം? അനുവാദമില്ലാതെ ഇവിടെ വന്ന് വനം കൈയേറിയ നിങ്ങളെ ഞാന്‍ കടിച്ചു കീറി തിന്നും’
‘ അയ്യോ ! ഞങ്ങള്‍ പാവങ്ങളാണേ ഞങ്ങള്‍ ഇവിടെ കപ്പകൃഷി ചെയ്യാമെന്നു കരുതിയാണ് കിളച്ചു നിരത്തുന്നത്. ഞങ്ങളെ സഹായിച്ചാല്‍ കരടിയങ്കിളീനു ഇവിടെ വിളയുന്നതു മുഴുവന്‍ തരാം എനിക്ക് മണ്ണീനടിയിലുള്ള വേരു മാത്രം തന്നാല്‍ മതി ‘ മാത്തുക്കുട്ടി പറഞ്ഞു.
അതു കേട്ടപ്പോള്‍ കരടിക്കു സന്തോഷമായി കരടി പറഞ്ഞു.
‘ ഞാന്‍ സമ്മതിച്ചു അവസാനം നിങ്ങള്‍ വാക്കു മാറില്ലല്ലോ? ‘
‘ ഇല്ല ‘ മാത്തുക്കുട്ടി പറഞ്ഞു.
കരടി എല്ലാ പണീകളിലും മാത്തുക്കുട്ടിയേയും മക്കളേയും സഹായിച്ചു. ഭൂമി കിളച്ചു നിരത്തി. പുല്ലെല്ലാം വാരിക്കളഞ്ഞു. നാട്ടില്‍ പോയി വേളാങ്കിക്കപ്പയുടെ കമ്പ് മുറിച്ചു ചാക്കിലാക്കി കൊണ്ടു വന്ന് നട്ടു. കപ്പ മുളച്ചു വന്നു . നല്ല വളക്കൂറുള്ള മണ്ണായി രുന്നതുകൊണ്ട് തഴച്ചു വളര്‍ന്നു. കപ്പത്തോട്ടത്തിലെ പുല്ലും ചെടികളും സമയാ സമയങ്ങളീല്‍ പറിച്ചു കളഞ്ഞു .
കപ്പ വിളവേടുക്കേണ്ട സമയമായി . മുമ്പ് പറഞ്ഞ വ്യവസ്ഥ കരടി ഓര്‍മ്മിപ്പിച്ചു . കഷകനും കരടിയും കപ്പ പറിച്ചു . അതിനു ശേഷം വെട്ടുകത്തികൊണ്ടു വേരു മുറിച്ചു. മുകള്‍ഭാഗം കരടിക്കു കൊടുത്തു. വേരു ഭാഗം കര്‍ഷകനെടുത്തു .
”ഞാന്‍ ഈ വേരു ഭാഗം മാത്രമേ കൊണ്ടു പോകുന്നുള്ളു’ എന്നു പറഞ്ഞ് കര്‍ഷകന്‍ കപ്പ മുഴുവന്‍ ചാക്കില്‍ കെട്ടി ചന്തയില്‍ കൊണ്ടു പോയി വിറ്റു.
കരടി കപ്പത്തണ്ടും ഇലയും വാരിക്കൂട്ടി ചന്തയില്‍ കൊണ്ടു പോയി . അധികമാരും വാങ്ങിച്ചില്ല . ഒരാള്‍ നടാന്‍ വേണ്ടി ഒന്നുരണ്ടു കമ്പു വാങ്ങിക്കൊണ്ടുപോയി
കര്‍ഷകന്‍ തന്നെ പറ്റിച്ചു എന്നു കരടിക്കു മനസിലായി.
കരടിക്കു സങ്കടം വന്നു തന്നെ ഇങ്ങനെ പറ്റിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം ഇരട്ടിച്ചു അവന്‍ നിരാശനായി മടങ്ങിപ്പോയി .
കുറെ നാള്‍ കഴിഞ്ഞപ്പോള്‍ കര്‍ഷകന്‍ വീണ്ടും അവിടെ വന്ന്
കിളച്ചു നിരത്തി പുല്ലുവാരിക്കൊണ്ടു നിന്നപ്പോള്‍ കരടി അവിടെ വന്നു ചോദിച്ചു.
” അല്ലാ ഇതാരപ്പാ എന്റെ പഴയ പങ്കുകൃഷിക്കാരനോ?
വീണ്ടും കൃഷി ചെയ്യാന്‍ പോകയാണൊ?’
കരടിയുടെ ചോദ്യം കേട്ടപ്പോള്‍ മാത്തുക്കുട്ടി ചോദിച്ചു.
‘ എന്താ ഇത്തവണയും പങ്കുകൃഷിക്കു കൂടുന്നുണ്ടോ ?’
‘കൂടാം പക്ഷെ കഴിഞ്ഞ തവണത്തേപ്പോലെ എന്നെ പറ്റിക്കരുത് ഈ പ്രാവശ്യം എനിക്ക് വിളവിന്റെ അടിഭാഗം തരണം ‘ കരടി പറഞ്ഞു.
കര്‍ഷകന്‍ സമ്മതിച്ചു. കര്‍ഷകനും കരടിയും കൂടി മണ്ണു കിളച്ചു നിരത്തി. ഇത്തവണ തണ്ണി മത്തനാണ് കൃഷി ചെയ്തത്. തണ്ണി മത്തന്റെ കുരു നാട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടു. കുരു മുളച്ചു വന്നു വേണ്ട പരിചരണങ്ങള്‍ നല്‍കി. തണ്ണിമത്തന്‍ വളര്‍ന്നു വന്നു പൂവിട്ടു കായുണ്ടായി. മൂത്തു പാകമായപ്പോള്‍ തണി മത്തങ്ങ എല്ലാം കര്‍ഷകന്‍ പറിച്ചു ചന്തക്കു കൊണ്ടു പോയി വിറ്റു വില വാങ്ങി .
കരടിക്കു അടിഭാഗത്തെ വേരു മാത്രം കൊടുത്തു. രണ്ടാമതും കരടിക്കു ചതി പറ്റി എന്നു മനസിലായപ്പോള്‍ കര്‍ഷകനെ കടിച്ചു കൊല്ലാനായി ഓടിച്ചെന്നു. കര്‍ഷകന്‍ ഓടി രക്ഷപ്പെട്ടു. അന്നു മുതല്‍ മനുഷ്യരെ കണ്ടാല്‍ കരടി ഓടിയെത്തും. കരടി മനുഷ്യരുടെ ശത്രുവായി.