എന്തിനാണ് കാർ മേഘങ്ങൾ
മുകളിൽ കൂട്ടംകൂടിയിരിക്കുന്നത്
എൻ്റെ വെളുത്ത
ആകാശത്തെ പെട്ടെന്ന്
ഇരുട്ടാക്കിയത്
പൊള്ളിക്കരിഞ്ഞ
എന്റെ ഹൃദയത്തിന് മേലെ
ആർത്ത് പെയ്യാനാണെങ്കിൽ
കാർ മേഘമേ
ഒന്നങ്ങു പോയി തരണം
കരിഞ്ഞ ഹൃദയങ്ങൾ
ജീവൻ കെട്ടടങ്ങാത്ത
ശ്മശാനമാണെന്ന്
ജനലിൽ പാറി വന്ന
ഒരു പൂമ്പാറ്റ പറഞ്ഞു.
അവറ്റകൾ പൊടിഞ്ഞ
പൂന്തോട്ടങ്ങൾ കണ്ടിട്ടുണ്ട്.
മണ്ണിനടിയിൽ പെട്ടു പോയ
പൂക്കൾ അലറി കരയുന്നു.
ഇതളുകളിൽ തേനൊളിപ്പിച്ച്
കാത്തിരിക്കുന്നു.
എത്രയൊക്കെയായാലും
മരണത്തിന് തൊട്ടുമുമ്പ്
ചിലരെങ്കിലും പ്രണയത്തോടെ
മിണ്ടുന്നുണ്ടാകണം
അവരുടെ തീ വാക്കുകളിൽ
ഹൃദയങ്ങൾക്ക് ചൂട് പിടിക്കുന്നുണ്ടാകണം
അതുകൊണ്ട്
കള്ള കാർമേഘമേ
ഇനി നീ ഒരു ഹൃദയവും
നനക്കാതിരിക്കുക
ഭൂമിയിലെ എല്ലാ ഹൃദയങ്ങളും
ആളി കത്താനുള്ളതാണ്.