മഞ്ഞച്ചായമടിച്ച തകരമേല്‍ക്കൂരകളുള്ള കുടിലുകളുടെ നീണ്ടനിരയ്‌ക്കിടയില്‍ പൊള്ളുന്ന വെയിലൊരുക്കിയ വഴിയിലൂടെ നടന്നെത്തി , മിക്കപ്പോഴും വിജനമായ തീവണ്ടിയാപ്പീസിന്റെ ഒഴിഞ്ഞൊരു കോണില്‍ , എന്തിനെന്നു നിശ്ചയമില്ലാത്ത കാരണങ്ങളാല്‍ ഒരിക്കല്‍ ഉപേക്ഷിച്ചിറങ്ങിപ്പോയ കുഞ്ഞുകുട്ടേട്ടന്‍മാര്‍ . മടങ്ങിവന്നേക്കാവുന്ന സമയനിഷ്‌ഠയില്ലാത്ത തീവണ്ടിയും കാത്തിരിക്കുന്ന ദേവിമാരുടേയും ,കുടഞ്ഞെറിയുന്നവന്റെ കാലില്‍ പറ്റിച്ചേരുന്ന നീലത്താമരമാരുടെയും നെഞ്ചില്‍ ചവിട്ടി ,അധികാരസ്ഥാപങ്ങളെയൊക്കെ വിലയ്ക്കുവാങ്ങി , കൈ ‘ പൊങ്ങില്ല ‘ യെന്നു കള്ളക്കടലാസ്സുണ്ടാക്കി , നുണപരിശോധകരെ നുണപറയാന്‍ പഠിപ്പിച്ചു , നുണപരിശോധനാ യന്ത്രത്തിനെയും നുണപറയാന്‍ പഠിപ്പിച്ചു , അതും കഴിഞ്ഞു നുണപരിശോധനയെ ശുദ്ധ അസംബന്ധമാണെന്നു , മുന്നിലുള്ള നീതിപീഠത്തില്‍ കൈയിലുള്ള കൊട്ടുവടി കൊണ്ടു ആഞ്ഞടിച്ചു ന്യായാധിപനെക്കൊണ്ടു വിധി പറയിച്ചു , മാധ്യമങ്ങളെയും , പൊതുസമൂഹത്തെയും കാണികളും കൈയടിക്കുന്നവരും തത്സമയ വിവരണക്കാരും കുതറുന്നവരുടെ കൈകാല്‍ പിടിക്കാനുള്ള ശിങ്കിടികളും സില്‍ബന്ധികളുമാക്കി അബലകളാണെന്നു കൂടെകൂടെ ഓര്‍മ്മപ്പെടുത്തി ,ആശ്രിതരാണെന്നു കൂടെക്കൂടെ ഓര്‍മപ്പെടുത്തി , പ്രകൃതിയുടെ നിര്‍ധാരണ രീതികള്‍ പോലും അശുദ്ധിയും അധമത്വവും തീണ്ടാരിയുമാണെന്നു പറഞ്ഞു പറ്റിച്ചു , രണ്ടാംതരമാണെന്നു പറഞ്ഞുപറഞ്ഞുറപ്പിച്ചു , ഭോഗവസ്തുവാണെന്നു വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി , അമ്പലങ്ങളും ആരാധനാലയങ്ങളും അവര്‍ക്കു നേരെ കൊട്ടിയടച്ചു , നേര്‍ക്കുനിന്നവരെ നേരത്തോടുനേരം നോക്കി തെക്കോട്ടെടുത്തു , ശാരിയെയും ,ശാലുവിനെയും , സരിതയെയും സവിതയെയും ,സന്ധ്യയെയും സൗമ്യയെയും രമയെയും രമണിയേയും റെജീനയെയും റഹ്മത്തിനേയും സുന്ദരിയെയും സുശീലയെയും സുനന്ദയെയും പുഷ്‌കലയെയും സൂര്യയെയും സൂര്യനെല്ലിയെയും ചന്ദ്രികയെയും ചന്ദ്രമതി അമ്മയെയും ഐശ്വര്യയെയും ഐ എ എസിനെയും അഭയേയും നിര്‍ഭയയെയും അമ്മാളുവിനെയും അന്തര്‍ജ്ജനത്തിനെയും അമ്മയെയും പെങ്ങളെയും ,നാണിയേയും നാരായണിഅമ്മയെയും അയല്‍വാസിയെയും അടുത്തുകൂടിപോയവരെയും അമ്മപെങ്ങള്‍ വേര്‍വ്യത്യാസമില്ലാതെ കൂട്ടബലാത്സംഗം ചെയ്യാന്‍ മുന്‍നയിക്കുന്ന പള്ളിയും പട്ടക്കാരും രാഷ്ട്രീയ ,മത സമുദായ സാംസ്‌കാരിക നേതാക്കമൂള്‍പ്പെട്ട എല്ലാ ദാരുകന്മാരെയും സുല്‍ത്താന്മാരെയും സഞയ് ബാബുമാരെയുമൊക്കെ തങ്ങളുടെ നീതിയുടെ തുലാസുകളില്‍ തൂക്കിവിലയിടുന്ന മഹാകാളിമാര്‍ക്കും പിങ്ഗളകേശിനിമാര്‍ക്കും , ചേതനമാര്‍ക്കുമൊപ്പം , നാമിതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തത്ര വലിയ കര്‍ക്കിടക മഴകളും വെള്ളപ്പൊക്കങ്ങളും കൊണ്ടുവന്നു അതില്‍ ദുഷ്ട പിശാചുക്കളായ എല്ലാ നാറാപിള്ളമാരെയും മുക്കിമുക്കിക്കൊന്നു , അടിച്ചമര്‍ത്തിയവര്‍ക്കൊപ്പമായിരുന്നു ചരിത്രമെന്നും അവര്‍ക്കൊപ്പമായിരുന്നു അവസാന ന്യായവിധികളെന്നും ഒരിക്കല്‍ കൂടി നമ്മെ ഓര്‍മപ്പെടുത്തിയും , പൊതുവെ ഇടതുപക്ഷത്തും പ്രത്യേകിച്ചും സ്ത്രീപക്ഷത്തും നില്‍ക്കുന്നു നമ്മുടെ സമകാല സാഹിത്യകീര്‍ത്തിസ്തംഭങ്ങള്‍