കാന്താര ; ശാന്തവും രൗദ്രവുമായ ഭാവങ്ങൾ

 

തെയ്യങ്ങളുടെ പിന്നാലെ കൂടിയിട്ട് കുറച്ചായി, ഉത്തര മലബാറിലെ തെയ്യാട്ടങ്ങളെയും കളിയാട്ടങ്ങളെയും കുറിച്ച് ഒരു പുസ്തകമെന്ന സ്വപ്നം കുറെകാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്. മനുഷ്യൻ തന്നെ ദൈവമാകുന്ന ചുവന്ന തെയ്യങ്ങൾ ചടുലമായ ചുവടുകൾ വെക്കുന്ന മണ്ണാണ് ഉത്തര മലബാറിലെ കളിയാട്ട കാവുകൾ.

“ദൈവമെന്ന” സങ്കല്പത്തെ തെയ്യമെന്ന യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഞാനും തന്റെ കൂടെയുണ്ടെന്നും എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം ഗ്രാമീണരുടെ മനസ്സിലേക്ക് എത്തിക്കുന്നവരാണ് പല തെയ്യങ്ങളും.

രാഘവൻ പയ്യനാട് എഡിറ്റ് ചെയ്ത ” കേരള ഫോക്‌ലോർ ” എന്ന പുസ്തകത്തിൽ തെയ്യത്തെ കുറിച്ചുള്ള ഒരു നിരീക്ഷണം ഇങ്ങിനെ ആണ്.,

തെയ്യത്തിന്റെ ആരാധനയിലൂടെ ഗ്രാമീണ ജനങ്ങൾ സ്വയം ശക്തി സംഭരിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ സ്വരം തെയ്യത്തിൽ നിലീനമായിട്ടുണ്ട്. “

സവർണ്ണ ബ്രാഹ്മണ്യത്തിന്റെ നെറുകയിലേറ്റ അടിയാണ് ഓരോ തെയ്യങ്ങളും, അത് അംഗീകരിക്കാൻ വിമുഖത ഉള്ള നവ ഹിന്ദുത്വവാദികൾ തെയ്യങ്ങളെക്കൂടി താന്ത്രിക വലയത്തിൽ ഉൾപ്പെടുത്താൻ പെടാപാട്പെടുകയാണ്.

പൊതുവെ കന്നട സിനിമകളെ അകറ്റി നിർത്തിയിരുന്ന ഒരാളാണ് ഞാൻ, പക്ഷെ ” കാന്താര ” ഞെട്ടിച്ചു കളഞ്ഞു.
ഉത്തര മലബാറിലെ തെയ്യങ്ങളെ പോലെ തന്നെ ആണ് ദക്ഷിണ കർണ്ണാടകയിലെ ദൈവകോലവും (ഭൂതക്കോലം ).
കീഴാളന്റെ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും കഥയും ചരിത്രവും ഐതിഹ്യങ്ങളുമാണ് ഓരോ കാവുകളിലെയും തെയ്യാട്ടങ്ങൾക്കും കളിയാട്ടങ്ങൾക്കും ഉള്ളത്. കാന്താരയും പറഞ്ഞത് അതുപോലൊരു പോരാട്ടത്തിന്റെ കഥയാണ്.

കാന്താര എന്ന വാക്കിന്റെ അർത്ഥം ” നിഗൂഢമായ കാട് ” എന്നാണ് മനസ്സിലാക്കിയത്. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ച ഒരു സിനിമ തന്നെയാണ് കാന്താര. ദക്ഷിണ കന്നടയിലെ കുന്താപൂർ എന്ന സ്ഥലത്തെ കാടിനെയും അവിടത്തെ ജനങ്ങളെയും തുളുനാടിന്റെ പഞ്ചുരുളി എന്ന ദൈവകോലത്തെയും ചേർത്ത് നിർത്തിയാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരു മിത്തിനെ വളരെ മനോഹരമായി വർത്തമാനത്തിന്റെ കത്തുന്ന രാഷ്ട്രീയത്തിലേക്ക്, അധിനിവേശത്തിലേക്ക് ഒക്കെ കൊണ്ടുപോകാൻ ഋഷഭ് ഷെട്ടിക്ക് കഴിഞ്ഞു. എഴുത്തുകാരനും സംവിധായകനും നായകനും ഋഷഭ് ഷെട്ടി തന്നെയാണ്, മൂന്നു മേഖലയിലും വലിയ വിജയം തന്നെയാണ് ഋഷഭ് നേടിയത്.

ശിവ ആയി ഋഷഭ് ഷെട്ടിയും ലീല ആയി സപ്തമി ഗൗഡയും മുരളീധർ ആയി കിഷോറും ദേവേന്ദ്ര സുട്ടൂർ ആയി അച്യുത് കുമാറും ശിവയുടെ അമ്മ കമല ആയി മാനസി സുധീറും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.

അജനീഷ് ലോക്നാഥിന്റെ സംഗീതവും അരവിന്ദിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.

കാന്താരയുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഉള്ള ദൃശ്യാനുഭവം തന്നെ ആണ് കാന്താര പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒരുപാട് തലങ്ങളെ സ്പർശിക്കുന്ന രീതിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. വേണമെങ്കിൽ മൂന്നു കാലങ്ങളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത് എന്ന് പറയാം. ഒരു നാടോടിക്കഥ , അതിൽ വിളക്കി ചേർത്ത ഒട്ടനവധി സങ്കീർണ്ണമായ ചേരുവകൾ , സിനിമ അവസാനിക്കുന്ന സമയം വരെ പ്രേക്ഷകനെ പഞ്ചുരുളിയുടെ ഭൂതക്കോലം വിസ്മയിപ്പിക്കുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ , 1847 -ൽ സന്തോഷവും സമാധാനവും തേടിയിറങ്ങിയ തുളുനാടൻ രാജാവിന്റെ കഥയിലൂടെ ആണ് സിനിമ തുടങ്ങുന്നത്, രാജാവിന്റെ അന്വേഷണം അവസാനിക്കുന്നത് കാട്ടിലാണ്, കുന്താപൂർ ഗ്രാമത്തിലെ കാട്ടുമക്കളുടെ ദൈവമായ പഞ്ചുരുളിയെ വരാഹരൂപമുള്ള കല്ലിൽ കാണുന്നു. തന്റെ രാജ്യത്തിന്റെ സമാധാനത്തിന് ഐശ്വര്യത്തിന് തന്റെ കൂടെ വരണമെന്ന് ഭൂതക്കോലത്തിനോട് രാജാവ് ആവശ്യപ്പെടുന്നു.

രാജാവിന്റെ ഒപ്പം പോകാമെന്നും ഐശ്വര്യവും സമ്പത്തും സമാധാനവും നൽകാമെന്നും ദൈവം പറയുന്നു, ഒപ്പം ഒരു നിബന്ധനയും രാജാവിന്റെ മുന്നിൽ വെക്കുന്നു. തന്നെ ആരാധിച്ചു കാട്ടിൽ കഴിയുന്ന മനുഷ്യർക്ക് ഭൂമി നൽകണം എന്ന പഞ്ചുരുളി ദൈവത്തിന്റെ ആവശ്യം രാജാവ് അംഗീകരിക്കുന്നു.

അങ്ങിനെ വികസിക്കുന്ന കഥ പിന്നീട് എത്തുന്നത് 1970- കളിലേക്കാണ് , പഴയ രാജാവിന്റെ പിൻ തലമുറക്കാർ ഭൂതക്കോല ഉത്സവത്തിനെത്തുകയും ഭൂമി തിരിച്ചു വേണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു. രാജവാഴ്ച അവസാനിച്ചിട്ടും പ്രമാണികൾ പ്രമാണികളായി തുടരുകയും ചൂഷണത്തിന് വിധേയമായവർ വീണ്ടും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്ത്യയുടെ ദുരവസ്ഥ ഇതിലുണ്ട്. ഭൂമി തിരിച്ചു ചോദിച്ച പിന്മുറക്കാരനായ നാട്ടു പ്രമാണിയോട് തിരിച്ചു തരില്ലെന്ന് പറയുന്ന തെയ്യക്കാരനെ ആണ് കാണുന്നത്.

കോലക്കാരനാണോ അതോ ദൈവമാണോ പറയുന്നത് എന്ന് പ്രമാണി പരിഹസിക്കുന്നുണ്ട്, കോലക്കാരനാണ് പറയുന്നതെങ്കിൽ നിങ്ങൾക്ക് എന്നെ കാണാമെന്നും ദൈവമാണ് പറയുന്നതെങ്കിൽ കാണാൻ കഴിയില്ലെന്നും ഭൂതക്കോലം പറഞ്ഞുവെക്കുന്നു. നാട്ടു പ്രമാണിയുടെ ആവശ്യം തിരസ്കരിച്ച തെയ്യം കാട്ടിലേക്ക് ഓടിമറയുന്നു, തെയ്യക്കാരന്റെ മകനും പിന്നാലെ ഓടുന്നുണ്ടെങ്കിലും പിന്നീട് കാട്ടിലെ തീക്കനലുകളുടെ നടുവിൽ ഏകനായി നിൽക്കുന്ന ബാലനെ ആണ് കാണുന്നത്.
ഭൂമി ചോദിച്ചു വന്ന പ്രമാണി കോടതിയിൽ കേസ് കൊടുക്കുന്നു, പക്ഷെ നിഗൂഢമായ മരണമാണ് അയാൾക്ക് സംഭവിക്കുന്നത്, ചോര ഛർദിച്ചു കോടതിക്ക് മുന്നിൽ നാട്ടുപ്രമാണി മരിച്ചു വീഴുന്നു.

കാട്ടിലേക്ക് ഓടി മറഞ്ഞ ഭൂതക്കോലവും അയാളുടെ മകൻ ശിവ ആയും ഋഷഭ് ഷെട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ശിവ കമ്പാല എന്ന വാർഷിക പോത്തോട്ട മത്സരത്തിലെ പോത്തോട്ടക്കാരനാണ്. ഭൂതക്കോലം കെട്ടാൻ ശിവക്ക് സമർദ്ദമുണ്ടായെങ്കിലും തന്റെ പിതാവ് ഓടി മറഞ്ഞതും തീക്കനലിനു നടുവിൽ ഒറ്റപ്പെട്ടതും ഒക്കെ എപ്പോഴും സ്വപ്നം കണ്ടു ഭയപ്പെട്ടിരുന്നതിനാൽ ശിവ നിരസിക്കുകയാണ് ചെയ്തത്.

പിന്നീട് സിനിമ വികസിക്കുന്നത് 1990- കളിലൂടെയാണ്, പഴയ രാജാവിന്റെ പിന്മുറക്കാരനായ നാട്ടുപ്രമാണി ദേവേന്ദ്ര സുട്ടൂരും ശിവയും സൗഹൃദത്തിൽ ആയിരുന്നു, ഭൂമി ഫോറെസ്റ്റ് റിസേർവിലേക്ക് കൺവെർട്ട് ചെയ്യാനുള്ള സർക്കാർ ദൗത്യവുമായി എത്തിയ ഫോറെസ്റ്റ് ഓഫീസർ മുരളീധറിനെ ശിവയും ഗ്രാമവാസികളും ചേർന്നു തടയാൻ ശ്രമിക്കുന്നു, ശിവയുടെ കാമുകിയായ ലീല ഫോറെസ്റ്റ് ഗാർഡായി പരിശീലനം കഴിഞ്ഞു മുരളീധറിന്റെ കൂടെ ജോലിയിൽ പ്രവേശിക്കുന്നു. ഭൂമി അളന്നു വേലികെട്ടി തിരിക്കാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു, ജോലി യുടെ ഭാഗമായി ലീലക്ക് അതിനൊപ്പം നിൽക്കേണ്ടി വരുന്നു, അങ്ങിനെ സങ്കീർണ്ണമായ ഒരുപാട് മുഹൂർത്തങ്ങളിലൂടെ കഥ വികസിക്കുന്നു.

ശിവയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യാൻ മുരളിധർ തീരുമാനിക്കുകയും ദേവേന്ദ്രയുടെ സഹായിയായ സുധാകരയോടൊപ്പം അവരുടെ ഒളിത്താവളത്തിലേക്ക് പോകുകയും ചെയ്യുന്നു. ശിവനും സുഹൃത്തുക്കളും രക്ഷപ്പെടുന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവർ അവരുടെ കുടുംബങ്ങളെ കാണാൻ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നു, പൊലീസിൽ കീഴടങ്ങുമെന്ന് ശിവ ലീലയോട് പറയുന്നു, പക്ഷേ പിറ്റേന്ന് രാവിലെ, എല്ലാവരെയും പോലീസുംഫോറെസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുന്നു, അവരെ ജയിലിൽ അടക്കുന്നു.

ശിവയുടെ ബന്ധുവും ദൈവക്കോലം കെട്ടുന്ന ആളുമായ ഗുരുവയെ നാട്ടുപ്രമാണി ദേവേന്ദ്ര സുട്ടൂർ കാണുന്നു, ശിവയെ രക്ഷപ്പെടുത്തണമെന്നു ഗുരുവ അഭ്യർത്ഥിക്കുമ്പോൾ ദേവേന്ദ്ര സുട്ടൂർ മറ്റൊരു കെണിയൊരുക്കുന്നു, ദൈവം ഭൂമി തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്ന് ഗ്രാമവാസികളെ വിശ്വസിപ്പിക്കണം എന്ന് ദേവേന്ദ്ര സുട്ടൂർ ഗുരുവായോട് പറയുന്നു, ഗുരുവ ആവശ്യം വിസമ്മതിക്കുന്നു, അതിൽ പ്രകോപിതനായ ദേവേന്ദ്ര സുട്ടൂർ ഗുരുവയെ കൊലപ്പെടുത്തി ഭൂതക്കോലം കെട്ടുന്ന സ്ഥലത്ത് കൊണ്ടുപോയിടുന്നു.
ദേവേന്ദ്ര സുട്ടൂർ ഗ്രാമവാസികളെ പറ്റിച്ചു ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് ഫോറെസ്റ്റ് ഓഫീസർ മുരളീധർ മനസ്സിലാക്കുന്നു, അയാൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുന്നു, ഇതറിഞ്ഞ ദേവേന്ദ്ര സുട്ടൂർ മുരളീധറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നു.
ദേവേന്ദ്ര സുട്ടൂറിനെ കാണാനെത്തിയ ശിവയോട് ഗുരുവായെ കൊന്നത് മുരളീധർ ആണെന്ന് പറയുന്നു, ശിവയെ കൊണ്ട് മുരളീധറിനെ വകവരുത്താനായിരുന്നു ദേവേന്ദ്ര സുട്ടൂറിന്റെ പദ്ധതി. പക്ഷെ മഹാദേവനിൽ നിന്ന് ഗുരുവായുടെ കൊലയാളി ദേവേന്ദ്ര സുട്ടൂർ ആണെന്ന് ശിവ തിരിച്ചറിയുന്നു.

ഗ്രാമവാസികളും ദേവേന്ദ്ര സുട്ടൂറിന്റെ ആളുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നു, മുരളീധർ ഗ്രാമവാസികൾക്കൊപ്പം നിലകൊള്ളുന്നു, ദേവേന്ദ്ര സുട്ടൂറിന്റെ ആളുകൾ ശിവയെ ക്രൂരമായി മർദിച്ചു അവശനാക്കുന്നു, ചലനമറ്റു കിടന്ന ശിവ പിന്നീട് ഗുളിക ദർശനത്താൽ ശക്തി സംഭരിച്ചു ദേവേന്ദ്ര സുട്ടൂറിനെ വധിക്കുന്നു.
ഏറ്റുമുട്ടലുകൾ കഴിഞ്ഞു ശിവ പഞ്ചുരുളിയായി ഭൂതക്കോലംകെട്ടുന്നു, അച്ഛനെ പോലെ മകനും കാട്ടിലേക്ക് ഓടി മറയുന്നു, അവിടെ വച്ച് അച്ഛനെ കണ്ടുമുട്ടുന്നു, രണ്ടു ഭൂതക്കോലങ്ങൾ പ്രേക്ഷകന്റെ മുന്നിൽ ഒരുമിച്ചെത്തുന്നു.
കാടിന്റെ മക്കളെ കുടിയിറക്കിയതിന്റെ അന്യായമായി ഭൂമി കൈയേറിയതിന്റെ, അതിനെതിരെ കാടിന്റെ മക്കൾ നടത്തിയ ചെറുത്ത് നിൽപ്പിന്റെ, പോരാട്ടത്തിന്റെ കഥ പഞ്ചുരുളിയെന്ന തെയ്യത്തിലൂടെ, ഒരു മിത്തിലൂടെ സുന്ദരമായി പറഞ്ഞു വെക്കുന്നുണ്ട് കാന്തര.

ശാന്തവും രൗദ്രവുമായ ഭാവങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന തെയ്യം വലിയൊരു ദൃശ്യാനുഭൂതിയാണ് പ്രേക്ഷകന് നൽകുന്നത്. ഭൂതക്കോലത്തിന്റെ വന്യമായ അലർച്ച സിനിമ കണ്ടിറങ്ങിയാലും കാതുകളിൽ അലയടിച്ചു കൊണ്ടിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here