മടുത്തു തുടങ്ങിയ പ്രവാസത്തി-
നിടവേളയിലെത്രയോകൊതിച്ചു
ഞാനെന്‍ ജന്മനാട്ടിലേറെ പ്രിയം
തന്ന കണ്ണൂരിലെത്തവേ,
ചീറുന്നിവിടെ കലാപത്തിന്‍ കരിമഴ
രൗദ്രമിടിവെട്ടുപോല്‍ കൊലവിളി-
മിന്നുന്നു വാള്‍തല കൂരിരുട്ടിലും
കത്തുന്നു രോഷം യുവത്വത്തിന്‍ കണ്ണുകളില്‍
ആശ്രയമറ്റ അമ്മമാരുടെ
താലിയറ്റ ഭാര്യമാരുടെ
കണ്ണീരു വീണു ചുട്ടു പൊള്ളുന്നു
മണ്‍തരികള്‍ കനലിനേക്കാളേറെ…
കൂരയില്‍ ഒളിപ്പിച്ചുനിറുത്തുമാവേശത്തെയും
ചുഴറ്റി പുറത്തെടുക്കും കാറ്റിനും രുധിരഗന്ധം,
വറ്റിതീരാറായ പുഴകള്‍ക്കും
ചോരതന്‍ ചുവപ്പ്
ജനിക്കുന്നു രക്തസാക്ഷികള്‍ ഓരോ കോണിലും
മരിക്കുന്നു ഉറ്റവര്‍ തന്‍ സര്‍വ്വപ്രതീക്ഷയും
പ്രതികാരമുണ്ടു വളരുന്നു
തെരുവില്‍ അനാഥബാല്യങ്ങള്‍
ഇടവഴികളില്‍ പതിയിരിപ്പുണ്ട് മൃത്യു
അതിന്‍ കരാളഹസ്തങ്ങളില്‍ പെട്ടു
അണയുന്ന ജീവിതങ്ങളെത്രയോ
വിടരും മുന്‍പേ കൊഴിയുന്ന സ്വപ്നങ്ങളെത്രയോ
വടിവാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കിനാല്‍
തീപ്പൊരി വിതറുന്നു നേതാക്കന്മാര്‍
ആളിപ്പടരുന്നു അഗ്നിയതില്‍
വെന്തുരുകുന്നു അമ്മമനസ്സുകള്‍
ഇതൊക്കെ കണ്ടും കേട്ടും മൃതമനസ്സുമായി
ഭയന്നസ്തമിച്ച വാക്കുമായി അഞ്ചിന്ദ്രിയങ്ങളും പൂട്ടി
പ്രതികരണശേഷി നഷ്ടപ്പെട്ട മരപ്പാവകളുടെ
കൂട്ടത്തിലണിചേരുന്നിതാ ഞാനും…..