ചുറ്റും ഇരുട്ടാണ്.
പെട്ടിയിൽ നിന്നെടുത്തുവച്ചതുമുതൽ ഭാരം സഹിച്ചു കിടന്നു. സന്ധ്യക്ക് ശേഷം ഈ തുണിയും പേറിക്കിടക്കുന്നു. ഇത് എപ്പോൾ എടുത്ത്മാറ്റുമെന്ന് ഒരു പിടുത്തവുമില്ല. ഇനിയുമിങ്ങനെ എത്രനാൾ? അറിയില്ല. ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പുമായി വീണ്ടും കണ്ണടച്ചു.
“ആഹ്” മുഖത്ത് അടി കിട്ടിയപ്പോഴാണ് ഉണർന്നത്. പറന്നുപോയ പൊടിപടലങ്ങളിൽ പലതും ദേഹത്തുതന്നെ വന്നിരുന്നു. എന്നെ നോക്കി ഇളിച്ചു. പിന്നെന്തിനാണയാൾ എന്നെ തല്ലി വേദനിപ്പിച്ചത്?
ജനിച്ച് ഒരു വർഷമാകുന്നതേയുള്ളൂ. ഇതിനിടയിൽ താങ്ങാവുന്നതിലും അധികം ഭാരം എന്റെ ദേഹത്ത് കയറ്റിവച്ചിട്ടുണ്ട്. നേർങ്ങനെ കീറിയ തുണിയുടെ തറ്റം ഒരു കമ്പിന് കെട്ടിവച്ച് അറഞ്ചം പൊറഞ്ചം തല്ലിയിട്ടുണ്ട്; പലതവണ. വെളിച്ചം കാണാൻ ഭാഗ്യം കിട്ടാറുള്ള ദിവസങ്ങളിൽ ഈ അടി പതിവുള്ളതാണ്. എന്നാണ് ഈ ശാപദിവസങ്ങൾക്കൊരവസാനം? ഒരു തലോടലിനായി കൊതിച്ചുകൊണ്ട് ഞാൻ കിടന്നു; കണ്ണുകൾ ചിമ്മാതെ.
പലരും വന്നെന്നെ നോക്കുന്നുണ്ട്. കയ്യിലെടുക്കുന്നത് ഏതാനും ചിലർമാത്രം.
“പുതിയ ആളാ… എന്നാലും എഴുത്ത് കൊള്ളാം” ഞാൻ സ്ഥിരം കാണുന്ന മുഖം കേൾക്കുന്ന ശബ്ദം. കക്ഷി വില്പനക്കാരനാകാനേ വഴിയുള്ളൂ. അല്ലെങ്കിൽ പുതിയ ഒരെഴുത്തുകാരൻ.
“ആടെയല്ലേ പ്രശ്നം. ഒന്നാമത് ഈ ഫേസ്ബുക്ക് വന്നേപ്പിന്നെ മുക്കിന് മുക്കിന് എഴുത്ത്കാരിണ്ട്. പിന്നെ ഇങ്ങളെ പ്രസാധകക്കമ്പനീം പുതിയത്. ആവൂല്ലപ്പാ, വെർതേ പൈസ കളയാൻ”
വില്പനക്കാരന്റെ കയ്യിലാണ് ഞാനിപ്പോൾ.
“പറഞ്ഞത് ശരിയാണ്. ഫേസ്ബുക്ക് ഒരുപാട് എഴുത്തുകാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരൊക്കെ മോശം എഴുത്തുകാരല്ലല്ലോ. നല്ല സൃഷ്ടികൾ അവരിൽനിന്നും ഉണ്ടാകുന്നുണ്ട്”
അദ്ദേഹമെന്നെ കൂടെയുള്ളയാൾക്ക് കൈമാറി. അയാൾ ഞൊടിയിടയിൽ എന്നിലെ താളുകൾ മറിച്ചു.
“പൈങ്കിളിക്കഥകൾ. ഞാനൊന്ന് ചോദിക്കട്ടെ. എന്തുകൊണ്ട് ഒരു പുതിയ ഇന്ദുലേഖ ഉണ്ടാവുന്നില്ല? ഒരു ഖസാക്കിന്റെ ഇതിഹാസം ഉണ്ടാവുന്നില്ല?” ശേഷം താളുകളെ അയാൾ ചേർത്തടിച്ചു. ഇരുഭാഗത്തുനിന്നും ഒരേ സമയത്തുണ്ടായ പ്രഹരം. അതൊരല്പം കടന്നുപോയി. ഉത്തരം ഒരു ചിരിയിലൊതുക്കിയ വില്പനക്കാരന്റെ കയ്യിലേക്ക് എന്നെയേല്പിച്ച് അയാൾ നടന്നുനീങ്ങി; പുതിയ ഇന്ദുലേഖയെത്തേടി ഖസാക്കിലേക്ക്.
വിൽപ്പനക്കാരൻ എന്നെനോക്കി നെടുവീർപ്പിട്ടു. ഞാൻ അപരിചിതന്റെ കയ്യിലമർന്നപ്പോൾ ഇയാൾക്കുകൂടി വേദനിച്ചിരിക്കണം. മുഖത്തെ ചിരി അയ്യാൾ മാറ്റുന്നില്ല. വരുന്ന പുതിയമുഖങ്ങളെ സ്വീകരിക്കാൻ അയാൾക്ക് ചിരി നിലനിർത്തിയെ പറ്റൂ. എന്നെ താഴെവയ്ക്കാതെ അയാൾ നിന്നു. ആദ്യമായി ഒരു തലോടലിന്റെ അനുഭൂതി ഞാൻ ആസ്വദിച്ചു.
ശേഷം നെഞ്ചത്തെ ചൂടിലേക്ക്. അയാളെന്നെ ചേർത്ത്പിടിച്ചു.
എനിക്ക് വേദനിച്ചില്ല, ശ്വാസം മുട്ടിയില്ല. പക്ഷെ….!
മുന്നിൽ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. എന്നെപ്പോലുള്ള ലക്ഷക്കണക്കിന് പുസ്തകങ്ങൾ. ഒന്നിനുമുകളിൽ ഒന്നായി മലർത്തിയും കമിഴ്ത്തിയും കിടത്തിവച്ചിരിക്കുന്നു. പലതും പല വലിപ്പത്തിലുള്ളത്. വ്യത്യസ്തവും ആകർഷണീയവുമായ പുറംചട്ടയോട് കൂടിയത്.
ചിലയിടങ്ങളിൽ നല്ല ആൾക്കൂട്ടമുണ്ട്. ഓരോ അട്ടിയിൽനിന്നും ആൾക്കാർ പുസ്തകങ്ങളെടുത്ത് കൈയിൽ വയ്ക്കുന്നു. ചില വിൽപ്പനക്കാർ കൈപിടിച്ചേൽപ്പിക്കുന്നു. അത്തരം വില്പനക്കാരെ ഗൗനിക്കാതെ കടന്നുപോകുന്നവരാണേറെയും.
“ഏട്ടാ, ലൈബ്രറീന്നാ?” പലരുടെയും ലക്ഷ്യം വായനശാലകളിൽ നിന്ന് വരുന്നവരെയായിരുന്നു. അവരാണ് ഈ മേളയിലെത്തുന്നവരിൽ ഏറ്റവും സമ്പന്നർ.
“ഏയ്… അല്ലപ്പാ. ഞാനിങ്ങനെ… വെർതേ…”
“ആ എന്നാ പോട്ട്” പണമില്ലാത്തവരോട് വില്പനക്കാരിൽ മിക്കയാളുകൾക്കും സ്ഥായീഭാവം;പുച്ഛം
ഏട്ടൻ ചിരിച്ചു. അവിടം വിട്ട് പോയില്ല. ആ കൂട്ടത്തിൽ നിന്നും ഒരു പുസ്തകം കയ്യിലെടുത്തു. പിറകിലത്തെ ചട്ടയിൽ അൽപ്പനേരം നോക്കി. ശേഷം അകത്തുള്ള താളുകളിലേക്ക്. പത്ത് നിമിഷംകൊണ്ട് മൂന്നു പുസ്തകങ്ങളിലൂടെ അയാളുടെ കണ്ണുകളും മസ്തിഷ്കവും കയറിയിറങ്ങി.
ഏട്ടൻ നെഞ്ഞത്തുള്ള കീശയിൽനിന്ന് ഫോണെടുത്തമർത്തി ചെകിട്ടിൽ വച്ചു. ഞൊടിയിടയിൽ വേറൊരെട്ടനും അവിടേക്ക് വന്നു.
“മാഷേട്ടാ ഈട്ന്ന് തൊടങ്ങാ. രണ്ട് പുസ്തകങ്ങള് ഞാൻ കണ്ടുവെച്ചിറ്റിണ്ട്”
പുച്ഛം പേറിനിന്ന വിൽപ്പനക്കാരൻ കഴുത്തുചെരിച്ചുകൊണ്ട് ചോദിച്ചു
“ഏട്ടാ നിങ്ങളല്ലേ പറഞ്ഞെ, ലൈബ്രറീന്നല്ലാന്ന്”
“അനിയാ…, അങ്ങനെ പറഞ്ഞോണ്ട് എനക്ക് കാര്യുണ്ടായി. നമ്മളെ സൗകര്യത്തിന് പുസ്തകങ്ങൾ നോക്കിയെടുക്കാൻ പറ്റി. നമ്മളടുക്ക ഇല്ലാത്തത്, നാട്ടിലുള്ളവർ പതിവായി ചോദിച്ചുവരുന്നത്, പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്, നമ്മളെ നാട്ടിലെ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങള്. അങ്ങനെ, കയ്യിലുള്ള മുപ്പതിനായിരം ഉറുപ്പ്യക്ക് എല്ലാതരം പുസ്തകങ്ങളും വാങ്ങിച്ച് ഈട്ന്ന് പോണം”
പുച്ഛത്തിന്റെ പ്രതിഫലവും രണ്ടുപുസ്തകങ്ങളുടെ തുകയും ഏറ്റുവാങ്ങി അനിയൻ നിന്നു.
ഏട്ടന്റെയും മാഷേട്ടന്റെയും അടുത്തലക്ഷ്യം ആരാണ്? അത് ഞാനാകല്ലേ എന്ന് പ്രാർത്ഥിച്ചുപോയ നിമിഷം. എനിക്ക് ഈ നെഞ്ചിലെ ചൂടുവിട്ട് മാറാൻ തോന്നുന്നേയില്ല.
“ഇതാ” നെഞ്ചിൽ നിന്ന് പറിച്ചെടുത്ത് വിൽപ്പനക്കാരൻ എന്നെ ഏട്ടന് നേരെ നീട്ടി.
“നമ്മളെ നാട്ടിലെ പ്രസാധകരാന്നെ. കൊറച്ച് പുതിയ പുസ്തകങ്ങളാ. നാട്ടിലെ വായനശാലകളിൽ ഇതുവരെ എത്തീറ്റില്ല”
“കുഞ്ഞുറക്കങ്ങൾ” ഏട്ടൻ എന്റെ മുഖത്ത് നോക്കി വായിച്ചു.
“പുതിയ ആളാ. എന്നാലും എഴുത്ത് കൊള്ളാം” ഏട്ടൻ എന്നെ കയ്യിലെടുത്ത് തിരിച്ചുപിടിച്ചു
“അയ്യോ…..” ഞാനുച്ചത്തിൽ നിലവിളിച്ചു. നിലത്തുനിന്നും ഒരുപാടുയരത്തിൽ. മുഖമടിച്ച് വീണുപോകുമോ എന്ന പേടി. ഞാനിതുവരെ എന്റെ മുഖം കണ്ടിട്ടില്ല. അതൊരുതവണ കാണിച്ചിട്ട് എന്നെ എന്തുവേണേലും ചെയ്തോളൂ എന്ന് കേണപേക്ഷിച്ചു. കാലിൽ ചെരുപ്പിട്ട് അവിടെനിൽക്കുന്നവർ ആരുംതന്നെ എന്റെ രോദനം കേട്ടില്ല. മലർന്നുകിടന്നിരുന്ന കൂടപ്പിറപ്പുകളിൽ ചിലർ എന്നെ സഹതാപത്തോടെ നോക്കി. മറ്റുചിലർ എന്നെനോക്കി ചിരിച്ചു.
“ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന ലോകത്തകപ്പെട്ടിരിക്കുന്ന നിങ്ങളുടെ കുട്ടികളെ വായിച്ചു കേൾപ്പിക്കാൻ. അവരെ നെഞ്ചോടുചേർത്ത് കേൾപ്പിച്ചുറക്കാൻ തൊണ്ണൂറ്റിയൊൻപത് കഥകൾ” ഏട്ടൻ എന്നെ വീണ്ടും മലർത്തിപ്പിടിച്ചു.
“പേര് കൊള്ളാം. മുഖചിത്രവും തരക്കേടില്ല” ഏട്ടൻ പറഞ്ഞു.
പേരെടുത്ത പ്രസാധകരുടെയും എഴുത്തുകാരുടെയും പുസ്തകങ്ങൾക്ക് നടുവിൽ, ഉള്ളിലുള്ളത് തുറന്ന് കാണിക്കാൻ ഊഴംകാത്ത് കിടക്കുന്ന, തിരഞ്ഞെടുക്കപ്പെടുന്നവയിൽ ഒന്നാകണേയെന്ന് ഓരോ ദിവസവും ആഗ്രഹിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങൾക്കിടയിൽ ഈ ഞാനും. അക്ഷരങ്ങളെ കണ്ണിലെ കൃഷ്ണമണികളെപ്പോലെ സൂക്ഷിക്കുകയാണ് ഞാൻ. ആ അക്ഷരങ്ങൾക്ക് വായനക്കാരന്റെ കൃഷ്ണമണികളുമായി സംവദിക്കാനുള്ള ഭാഗ്യം ഇനിയും കൈവന്നിട്ടില്ല.
ഇളവെയിലും ചന്ദനത്തിരിയുടെ ഗന്ധവും ഇളയരാജയുടെ സംഗീതവുമായി രണ്ടുദിവസം കടന്നുപോയി.
നെഞ്ചത്ത് ഭാരമില്ല. മുഖത്തടിയില്ല.
ഒരു പാത്രത്തിൽനിന്ന് മൂന്നുപേനകളും ഒരു പെൻസിലും ഇടയ്ക്കൊക്കെ എന്നെ നോക്കി ചിരിക്കും. അപരിചിതനായ അതിഥിക്ക് സമ്മാനിക്കുന്ന തികച്ചും ഔപചാരികമായ ചിരി. ഞാനവരോട് ഉള്ളറിഞ്ഞു ചിരിക്കും. ഒരുവാക്ക് മിണ്ടി കൂട്ടുകൂടാനാവുമെന്ന പ്രതീക്ഷയോടെ.
മുഖത്ത് നല്ല മഞ്ഞവെളിച്ചം വീണു. തട്ടമിട്ടൊരുകുട്ടി കസേര വലിച്ചുവച്ചിരുന്നു. പാത്രത്തിൽനിന്ന് ഒരു പേനയെടുത്ത് ചുവന്ന കടലാസ്കഷ്ണത്തിൽ എന്തോ എഴുതി അവളുടെ മുന്നിലെ ചുമരിൽ ഒട്ടിച്ചുവച്ചു.
പാത്രത്തിൽ തിരിച്ചുകയറിയ പേനയെ ഞാനൊന്ന് നോക്കി. അത് എന്നെനോക്കിച്ചിരിച്ചു. ഒരു നല്ല പുഞ്ചിരി.
അവൾ എന്നെപ്പറ്റി എന്താണെഴുതിയത്? ചുമരിലേക്ക് ഞാനേന്തിവലിഞ്ഞുനോക്കി.
“കുഞ്ഞുറക്കങ്ങൾ 23\11\2021”
അത് എന്റെ ദിവസമായിരുന്നു. ജന്മസാഫല്യം കൈവന്ന സുദിനം. അത്തറിന്റെ മണമുള്ള കൈകൾ എന്നെവന്ന് തൊട്ടു. താളുകൾ ഓരോന്നായി മറിച്ചു; ചുളിവ് വീഴാതെ, സാവധാനം.
അവൾ
-ചിരിക്കുന്നുണ്ട്
-ചിന്തിക്കുന്നുണ്ട്
-ചില താളുകളുടെ മൂലമടക്കിവയ്ക്കുന്നുണ്ട്
-പെൻസിൽകൊണ്ട് വരയുന്നുണ്ട്
ഇടയ്ക്ക് ഞാനൊന്ന് നനഞ്ഞു. അവൾ കണ്ണുതുടച്ചു.
കൂട്ടികളുടെ കഥകളിൽ സങ്കടപ്പെടുത്തുന്നവയുണ്ടാകുമോ?
വായിച്ച് കരയേണ്ടവരാണോ? വായിച്ച് കയറേണ്ടവരല്ലേ കുട്ടികൾ?
അവരെ കരയിക്കുന്ന കഥകൾ പറഞ്ഞുകൊടുക്കാൻ രക്ഷിതാക്കൾ ഇഷ്ടപ്പെടുമോ?
എന്റെ ചോദ്യങ്ങൾ ശ്രദ്ധിക്കാൻ ആളില്ലാത്ത ഈ ലോകത്ത് അവ ചോദ്യങ്ങളായിത്തന്നെ അവശേഷിച്ചു.
“അയ്യോ! വീണ്ടും എന്നെ?” ഞാനൊരു പൊതിക്കുള്ളിലാണ്.
ഒന്നുറങ്ങിയുണരുമ്പോഴേക്കും എന്തൊക്കെയാണീലോകത്ത് സംഭവിക്കുന്നത്. അവളും ഞാനും പുലരുവോളം കൂടെയിരുന്നതാണ്. മയ്യെഴുതാത്ത ആ കണ്ണുകൾ എന്റെ അവസാനതാളുകളിലൂടെ കയറിയിറങ്ങിയതെപ്പോഴാണെന്നത് കൃത്യമായി ഓർക്കുന്നില്ല.
“നിന്റെ വിലാസം അയച്ചേ. പെട്ടെന്ന്”
അവളാണ്. ആരോടോ, ഫോണിലൂടെ ആവശ്യപ്പെടുകയാണ്.
“അതോ, ഞാനിന്നലെ ഒരു പുസ്തകം വായിച്ചുതുടങ്ങി. പെട്ടെന്ന് നിർത്താന്ന് കരുതി തുടങ്ങിയതാ. പുലർച്ചെ മൂന്നരക്കാ തീർന്നത്. നല്ല രസായിരുന്നു. അപ്പൊ തോന്നി നിനക്ക് അയച്ചുതരാന്ന്. നിനക്കിഷ്ടപ്പെട്ടാൽ അത് കഥകൾ ഇഷ്ടപ്പെടുന്ന ആർക്കെങ്കിലും അയച്ചോളൂ. ഇതൊന്നും ഒരു പെട്ടിയിൽ കിടന്ന് ഉറങ്ങേണ്ട പുസ്തകം അല്ല മോനെ. എന്ത്? ഇഷ്ടപ്പെട്ടില്ലെങ്കിലോന്നോ? ഇഷ്ടപ്പെട്ടില്ലെങ്കിൽ നീ അത് തിരിച്ചയച്ച് കഷ്ടപ്പെടേണ്ട. ഞാൻ വരുമ്പോ എടുത്തോളാം” അവൾ ചിരിച്ചുകൊണ്ട് ഫോൺ കട്ടിലിലേക്കിട്ടു.
പുതിയ സംഗീതം കേൾക്കാൻ പുതിയ മുറിയിലുറങ്ങാൻ പുതിയ മുഖങ്ങൾ കാണാൻ ഞാൻ ഒരുങ്ങിനിൽക്കയാണ്. അല്ല, എന്നെ ഒരുക്കിനിർത്തിയിരിക്കയാണ്.
എന്റെ കണ്ണീരാൽ ആ പൊതി നനഞ്ഞു.
ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എഴുത്തുകാരാ നിനക്ക് നന്ദി. അക്ഷരങ്ങളെ പ്രണയിച്ചതിന്. പ്രണയിക്കാവുന്ന അക്ഷരങ്ങളെ എന്നിൽ നിറച്ചതിന്.