കാമം അടർത്തുന്ന മുകുളങ്ങൾ

page_cocuk-istismariyla-mucadele-derneginin-raporu-ohal-gerekcesiyle-yasaklandi_001266728

ഇവരെ നിയമത്തിനു വിട്ടുകൊടുക്കണമോ? അതോ ഈ പിഞ്ചോമനകളെ വിധിയ്ക്കു വിട്ടുകൊടുക്കണമോ???
ദിനംപ്രതി വർദ്ധിച്ചുവരുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കെതിരെയുള്ള കാമപിശാചിന്റെ താണ്ഡവത്തെക്കുറിച്ച് കേൾക്കുമ്പോൾ, നിയമസംഹിതകളെക്കുറിച്ച് ഗഹനമായൊന്നും അറിയാത്ത ഒരു സാധാരണമനുഷ്യ കൂട്ടത്തിൽ നിന്നുകൊണ്ട് ഉറക്കെ വിളിച്ച്ചോദിയ്ക്കാൻ തോന്നുന്ന ഒരു ചോദ്യമാണ് ‘ഇവരെ നിയമത്തിനു വിട്ടുകൊടുക്കണമോ?’
തലയിൽവച്ചാൽ പേനരിയ്ക്കും, താഴെവച്ചാൽ ഉറുമ്പരിയ്ക്കും എന്ന് പറഞ്ഞതുപോലെ ഓമനിച്ചുവളർത്തുന്ന, തന്റെ ജീവിതത്തിൽ പറന്നുനടക്കുന്ന ഒരു കൊച്ചു ചിത്രശലഭമാകുന്ന മകന്റെ അല്ലെങ്കിൽ മകളുടെ ജീവിതം  നശിപ്പിയ്ക്കുന്ന കാമഭ്രാന്തന്മാരെ നിയമത്തിനു  വിട്ടുകൊടുക്കാതെ തന്റെ പൊന്നോമനകളെക്കുറിച്ചോർത്ത് ജീവിതയാത്രയിൽ മുഴുവൻ വിലപിയ്ക്കാൻ വിധിയ്ക്കപ്പെട്ട മാതാപിതാക്കൾക്ക് ഇവരെ വിട്ടുകൊടുക്കു. മനസ്സുനിറയെ  പുകഞ്ഞു നീറുന്ന ഇവരുടെ മനസ്സിനൊരല്പം കുളിരുലഭിയ്ക്കട്ടെ.
സെപ്റ്റംബർ 9നു മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വാർത്ത കേട്ടവരെയെല്ലാം ഞെട്ടിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന ഏഴുവയസ്സുകാരന്റെ ദാരുണമായ കൊലപാതകമാണ് മാതാപിതാക്കളുടെ ഉറക്കം കെടുത്തിയത്. രാവിലെ സ്കൂളിൽ മൂത്രപ്പുരയിൽ പോയ കൊച്ചുകുഞ്ഞിനെ അവിടെ സ്വയംഭോഗം ചെയ്തിരുന്ന ബസ്സ്കണ്ടക്ടർ തന്റെ കാമപൂർത്തിയ്ക്കായി ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുകയും തുടർന്ന് കുട്ടി അതിനു വഴങ്ങാതിരുന്നതിനാലോ, കുതറിമാറാൻ ശ്രമിച്ചതിനാലോ കാരണമെന്തെന്നറിയില്ല തന്റെ കയ്യിലെ കത്തിയെടുത്ത് കണ്ടക്ടർ കുട്ടിയുടെ കഴുത്ത് മുറിച്ചു എന്നതാണ് മാധ്യമങ്ങളിൽ വന്ന വാർത്ത. ഈ കുറ്റകൃത്യം ചെയ്തു എന്ന് സംശയിയ്ക്കുന്ന കണ്ടക്ടറ്റെ തന്റെ മകൻ അറിയുക പോലുമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. സംഭവത്തിനു പിന്നിലുള്ള സത്യാവസ്ഥ എന്തായിരുന്നാലും ഈ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് അവിടെ പഠിയ്ക്കുന്ന തന്റെ കുട്ടികളുടെ സുരക്ഷിതത്വത്തെകുറിച്ചാണ് ആശങ്ക.
ഈ വർഷം ജനുവരിയിൽ മുംബൈയിൽ അന്തേരി എന്ന സ്ഥലത്തെ പേരുകേട്ട ഒരു സ്കൂളിൽ ഉണ്ടായ സംഭവവും മാതാപിതാക്കളെ വ്യാകുലപെടുത്തുന്നതും വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ളതുമാകുന്നു. ഒരു മൂന്നു വയസ്സുകാരിയെ ഡയറക്ടറുടെ ക്യാബിനിൽ ആ സ്കൂളിലെതന്നെ ഉദ്ധ്യോഗസ്ഥരുടെ ഒത്താശയോടെ ലൈംഗികപീഡനത്തിന് ഇരയാക്കി എന്ന വാർത്ത ആ സ്കൂളിന്റെ അന്തരീക്ഷത്തിൽ കോളിളക്കം സൃഷ്ടിച്ചു.

ഈ സാഹചര്യത്തിൽ പണ്ടത്തെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം ഓർത്തുപോകുകയാണ്. അന്നെല്ലാം ശിഷ്യന്മാർ വിദ്യാഭ്യാസം പൂർത്തിയാകുംവരെ ഗുരുവിന്റെ വീട്ടിൽതന്നെ താമസിയ്ക്കുകയും ഗുരുവിനെയും, ഗുരുപത്നിയെയും മാതാപിതാക്കളെപ്പോലെ സംരക്ഷിയ്ക്കപ്പെടുകയും ചെയ്തിരുന്ന ഒരു സമ്പ്രദായമായിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം എന്ന ചോദ്യത്തിനൊന്നും അന്നൊരു പ്രസക്തിയില്ലായിരുന്നു. അത്രയും ഉറച്ച വിശ്വാസമായിരുന്നു അന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഗുരുവിനോട്. ഗുരു എന്നാൽ ഒരു കുട്ടികളുടെ ജീവിതത്തിലാവശ്യമുള്ള പ്രാഥമിക എല്ലാ അറിവുകളും നൽകുന്നവനും, അവരുടെ ഭാവിയിൽ ജിതജ്ഞാസ ഉള്ളവനുമായിരുന്നു. എന്നാൽ ഇന്ന് എല്ലാ സൗകര്യങ്ങളും, സുരക്ഷിതത്വവും, ഉത്തരവാദിത്വവും വാഗ്ദാനം ചെയ്യുന്ന വിദ്യാലയങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷിതത്വം എത്രമാത്രം ഉറപ്പുവരുത്താവുന്നതാണ് എന്നത് മാതാപിതാക്കളുടെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായിരിയ്ക്കുന്നു.
ഈ അടുത്ത കാലംവരെ കാമപ്പിശാചുക്കൾക്ക് അടിമപ്പെടുന്നത് പെൺകുരുന്നുകളായിരുന്നു എന്നതായിരുന്നു അനുഭവം. എന്നാൽ ഗുരുഗ്രാമിൽ നടന്ന ഈ സംഭവം പെൺകുട്ടികൾക്ക് മാത്രമല്ല, നിഷ്കളങ്കരായ ആൺകുരുന്നുകൾക്കും  ഇവർ ഒരു ഭീഷണിയായി മാറിയിരിയ്ക്കുന്നു എന്ന പുതിയ ബോധം  മാതാപിതാക്കൾക്ക് പകർന്നിരിയ്ക്കുന്നു.

അടിവരയിടുന്ന യാഥാർഥ്യം  ഈ കാലഘട്ടത്തിൽ പെൺകുട്ടികളും ആൺകുട്ടികളും സുരക്ഷിതരല്ല എന്നതാണ്.
കാമശമനത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിയ്ക്കുന്ന സംഭവങ്ങൾ ദിനംപ്രതി ഇന്ത്യയിൽ വർദ്ധിച്ചു കൊണ്ടേയിരിയ്ക്കുന്നു. ഇത് ഇന്ത്യയുടെ മാത്രം ഒരു ശാപമാണോ? മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളെല്ലാം ദിനം പ്രതി നടന്നു കൊണ്ടിയ്ക്കുന്ന സംഭവങ്ങളിൽ ചിലതുമാത്രം. സമൂഹത്തിന്റെ പ്രതികരണവും, ഉറ്റുനോക്കലും ഭയന്ന് വെളിപ്പെടുത്താതെ മാധ്യമങ്ങളുടെ കണ്ണിൽപെടാതെ, നിയമത്തിന്റെ കൈകളിൽ അകപ്പെടാതെ, നാലുചുമരുകൾക്കുള്ളിൽ മാത്രം ഒതുക്കിത്തീർത്ത് നെടുവീർപ്പിടുന്ന എത്രയോ സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നു!
പിഞ്ചു കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരത വെറും വിദ്യാലങ്ങളിലെ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. തന്റെ കുടുംബം ഏറ്റവും അടുത്തറിയുന്ന, സുപരിചിതനായ ഇരുപത്തിരണ്ടുകാരനാൽ ഗർഭിണിയായി, ഗർഭ ഛിദ്രത്തിനായി കോടതിയുടെ അനുമതി തേടിയ നിർഭാഗ്യവതിയായ പതിമൂന്നുവയസ്സുകാരിയുടെയും, പതതാം വയസ്സിൽ ഗർഭിണിയായി വിധിയ്ക്കുപോലും ഒഴിവാക്കാൻ കഴിയാതെ പ്രസവിച്ച നിഭാഗ്യവതിയായ പത്തുവയസ്സുകാരിയുടെയും വാർത്തകളിൽ നിന്നും കുട്ടികളെ പല സാഹചര്യത്തിലും ലൈംഗികമായി ഉപയോഗപ്പെടുത്തുന്നു എന്നതിന് തെളിവാണ്.
ഞാൻ എന്റെ മനസ്സിനോട് ചോദിയ്ക്കുന്ന ചോദ്യം ഇതാണ് നിത്യജീവിതത്തിനായും, തന്റെ കുടുംബത്തിന് വേണ്ടിയും പല സാഹചര്യങ്ങൾ കൊണ്ടും ശരീര വിൽപ്പന ഒരു തൊഴിലായി സ്വീകരിച്ച ഒരു വിഭാഗം തന്നെ സമൂഹത്തിൽ ലഭ്യമാകുമ്പോൾ എന്തിനീ തിരിച്ചറിവാകാത്ത പിഞ്ചോമനകളെ ഇത്തരം ഞരമ്പു രോഗികൾ ബലിയാടാക്കുന്നു എന്നതാണ്!
എന്തായിരുന്നാലും ഇത്തരം സംഭവങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി ഇവിടെ അരങ്ങേറി കൊണ്ടിരിയ്ക്കുന്നു. ഓരോ സംഭവം നടക്കുമ്പോഴും അതെ കുറിച്ച മാധ്യമങ്ങൾ ഒന്നോ രണ്ടോ ദിവസം ചർച്ച ചെയ്യുകയും, സമൂഹം പരസ്പരം കാലത്തെ പഴിയ്ക്കുകയും ചെയ്യുന്നതല്ലാതെ ഇത്തരം സംഭവവികാസങ്ങൾക്ക് ഇവിടെ തിരശ്ശീല വീഴുന്നില്ല. എന്താണിതിനു കാരണം? ദിനം പ്രതി ഇത്തരം സംഭവങ്ങൾ കണ്ടും കേട്ടും മനസ്സ് മരവിച്ച  സമൂഹത്തിനു പ്രതികരണശേഷി നഷ്ടപ്പെട്ടുവോ? സമൂഹത്തെ ശരിയായ വഴികളിലൂടെ സഞ്ചരിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് . ബലക്ഷയമുണ്ടായോ? അതോ നിയമത്തെ പണം കൊണ്ട് കയ്യിൽവച്ച് അമ്മാനമാടുന്ന സാമൂഹിക ദ്രോഹികൾ പെറ്റുപെരുകിയോ? അതോ കുറ്റവാളികൾക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിന് നിയമ സംഹിതയിൽ വിള്ളലുകളുണ്ടായോ?
ഒരു നിർണ്ണായക ദിവസങ്ങൾക്കുശേഷം ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളെ ജനം തിരിച്ചറിയുന്നില്ല എന്നതുമാത്രമല്ല അവർക്കു മതിയായ ശിക്ഷ ലഭിയ്ക്കുന്നുണ്ടോ? അതോ താൽക്കാലിക നിയമ നടപടിയ്ക്കുശേഷം മാന്യനായി സമൂഹത്തിൽ ഇറങ്ങി വിലസുന്നുണ്ടോ? എന്നതിനെ കുറിച്ച് ജനങ്ങൾ മനസ്സിലാക്കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ സമൂഹത്തിന്റെ അറിവോടെത്തന്നെ നടപ്പാക്കുന്ന ശിക്ഷയ്ക്കു വിധേയപ്പെടുത്തിയാൽ  മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യാൻ മുതിരുന്നവർ താൽക്കാലിക സുഖത്തിനു ശേഷമുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് ചിന്തിയ്ക്കാൻ ഇടവരുകയും അതിൽ നിന്നും പിന്തിരിയുകയുമുള്ളൂ.
മാതാപിതാക്കൾ കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിയ്ക്കണം, ഇത്തരം മോശമായ സാഹചര്യങ്ങളെ കുറിച്ച കുട്ടികളെ ബോധവാന്മാരാക്കണം എന്നെല്ലാമുള്ള പ്രതിവിധികൾ ഒരു പരിധിവരെ പ്രാവർത്തികമാക്കാം. എന്നാൽ ഗുരുഗ്രാമിൽ സംഭവിച്ചതുപോലുള്ള അപകടം പതിഞ്ഞിരിയ്ക്കുന്ന സാഹചര്യങ്ങളെ പറ്റി എങ്ങിനെ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയും? അത് മാത്രമല്ല കുഞ്ഞുങ്ങൾക്ക് അവരുടെ പിഞ്ചു മനസ്സിന് ഉൾക്കൊള്ളുവാൻ കഴിയുന്ന കാര്യങ്ങളല്ലേ മാതാപിതാക്കൾക്ക് പറഞ്ഞു മനസ്സിലാക്കിപ്പിയ്ക്കാൻ കഴിയു. ഏതു സാഹചര്യവും കുഞ്ഞുങ്ങൾക്കെതിരെ അപകടകരമായി തിരിഞ്ഞിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ വളരുന്ന തലമുറയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും, സംരക്ഷിയ്ക്കുന്നതിനും സമൂഹമെന്ന സാധാരണ മനുഷ്യന് സ്വീകരിയ്ക്കാവുന്ന നടപടികൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച നമ്മൾ ഓരോ വ്യക്തികളും ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. അത് മാത്രമല്ല കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവരുടെ സ്വയം സംരക്ഷയ്ക്കായി പര്യാപ്തമാക്കുന്ന രീതിയിലുള്ള വഴികൾ അവരെ പഠിപ്പിയ്ക്കണം. അതിനൊരു ഉദാഹരണമാണ് മുബൈയിൽ കുട്ടികൾക്കായി കണ്ടുപിടിയ്ക്കപ്പെട്ട ‘Buddy system (Buddy എന്നാൽ ഒരേപ്രായത്തിലുള്ള ഒരാൾ എന്നർത്ഥം). അതായത് മാതാപിതാക്കൾക്കൊപ്പമല്ലാതെ, പ്രത്യേകിച്ചും സ്കൂളിൽ കുട്ടികൾ എവിടെ പോകുമ്പോഴും തനിയെ പോകാതിരിയ്ക്കാനും ഇപ്പോഴും ഒന്നോ രണ്ടോ കുട്ടികൾ കുടി മാത്രം എവിടെയും പോകണമെന്നും കുട്ടികളെ മാതാപിതാക്കൾ മനസ്സിലാക്കിയ്ക്കുക.
സമൂഹത്തിലെ  കുഞ്ഞുങ്ങളുടെ ഈ ദുരവസ്ഥയെ തരണം ചെയ്യുവാനായി നമ്മളിൽ ഓരോരുത്തരുടെയും മനസ്സിൽ ഉരുത്തിരിയുന്ന മൂല്യമുള്ള ആശയങ്ങൾ ചിന്തകൾ (അതായത് കുട്ടികളുടെ  സ്വയം രക്ഷയ്ക്ക്  ഉതകുന്ന എന്തെങ്കിലും മാർഗ്ഗങ്ങളും, അതുപോലെതതന്നെ കുറ്റവാളികളുടെ ശിക്ഷരീതികളെ കുറിച്ചുള്ള അഭിപ്രായങ്ങളും) പരസ്പരം കൈമാറി ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുടെ തനിയാവർത്തനം ഒരു പരിധിവരെ തടുക്കാൻ  പരിശ്രമിയ്ക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English