കമലാ സുരയ്യ സ്മാരകത്തിന്റെ ദയനീയ അവസ്ഥ; വിനോദ് മങ്കര എഴുതിയ കുറിപ്പ്

മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യയെ ഓർക്കാൻ അവരെഴുതിയ എത്രയോ കഥകളും കവിതകളുമുണ്ട്. അവരെ അടുത്തു പരിചയപ്പെടാൻ കഴിഞ്ഞവർക്ക് വേണ്ടോളം വാരിക്കോരി കിട്ടിയിട്ടുമുണ്ട് ആ സ്നേഹം. എന്നാൽ അവരുടെ ജൻമദേശമായ പുന്നയൂർകുളത്ത് സാഹിത്യ അക്കാദമിയുടെ കീഴിലുള്ള കമലാസുരയ്യ സ്മാരകം എന്തിനാണിങ്ങനെ ഒരു നാണവും മാനവുമില്ലാതെ നിലകൊള്ളുന്നതെന്ന് മനസ്സിലാവുന്നില്ല. സാഹിത്യ നോബൽ സമ്മാനത്തിന് ഇന്ത്യയിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വിരലിലെണ്ണാവുന്ന പേരുകളിലൊന്നാണ് കമലാ സുരയ്യ എന്നതു പോകട്ടെ, കഥയേയും കവിതയേയും തൻ്റെ ധിഷണകൊണ്ട് നൃത്തം ചെയ്യിപ്പിച്ച മലയാളി എന്നെങ്കിലും സർക്കാറിൻ്റെ സാംസ്കാരിക വകുപ്പ് മനസ്സിലാക്കണമായിരുന്നു.

വീടും തൊടിയും ഭാഗംവച്ചപ്പോൾ കിട്ടിയ 17 സെൻ്റ് ഭൂമി 2006 ൽ സാഹിത്യ അക്കാദമിക്കു എഴുതിക്കൊടുത്ത കമലാസുരയ്യയെ സാഹിത്യ അക്കാദമിയും സർക്കാറും ഇങ്ങനെ മറക്കരുതായിരുന്നു എന്നുറക്കെ പറയാൻ കഴിയുന്നത് ആ സ്മാരകഭൂമി ഈയടുത്ത് കണ്ടതുകൊണ്ടു കൂടിയാണ്. 2009 ൽ അക്കാദമി, സ്ഥലം ഏറ്റെടുത്തെങ്കിലും പ്രഹസനത്തിൻ്റെ, ആളൊഴിഞ്ഞ, ഒരു മൂന്നുനില കോൺക്രീറ്റ് കെട്ടിടവും കുളവും മാത്രമാണ് സ്മാരകം. മാധവിക്കുട്ടിയോടൊപ്പം 10.25 സെൻറ് ഭൂമി കെ.ബി.സുകുമാരനും അക്കാദമിക്കു നല്കിയിരുന്നു എന്നത് മറക്കരുത്. മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച നീർമാതളം ഏറെ വൃദ്ധയായി ഉണങ്ങിത്തുടങ്ങി. പറയാൻ മറ്റൊന്നുമില്ലാത്തതു കൊണ്ട് ഏറെശോഷിച്ച ഒരു സർപ്പക്കാവിൻ്റെ അവസാന അവശിഷ്ടങ്ങളേയും ഒപ്പം വേണമെങ്കിൽ കൂട്ടാം.

11 വർഷം മുമ്പാണ് സ്മാരകത്തിന് തറക്കല്ലിടുന്നത്.1 കോടി 80 ലക്ഷം രൂപയായിരുന്നു സ്മാരക നിർമ്മിതിയുടെ എസ്റ്റിമേറ്റ്. സർക്കാർ ഇഴഞ്ഞപ്പോൾ സുകുമാർ അഴീക്കോടിൻ്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി. ആ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കൊടുക്കുന്ന കമലാസുരയ്യ അവാർഡ് ആദ്യം വാങ്ങിച്ചത് ഇപ്പോഴത്തെ സാഹിത്യ അക്കാദമി പ്രസിഡൻറായ വൈശാഖനാണ്. 2011 ഡിസംബർ 31ന് സ്മാരകത്തിൻ്റെ ദുരവസ്ഥയെ കുറിച്ച് ഹിന്ദു പത്രത്തിൽ ഒരു ലേഖനമുണ്ടായിരുന്നു (കെ.കുഞ്ഞികൃഷ്ണൻ്റേത് ).സ്മാരക ദുരവസ്ഥ തീർക്കാൻ കുടുംബമോ ട്രസ്റ്റോ സർക്കാരോ മുന്നോട്ടു വരുമോ എന്നു ചോദിച്ചു കൊണ്ടാണ് ലേഖനമവസാനിക്കുന്നത്. 10 വർഷം വീണ്ടും കഴിഞ്ഞിരിക്കുന്നു. അതേ ചോദ്യം വീണ്ടും ചോദിക്കാൻ നാണം തോന്നുന്നു.

സംസ്കാര ഗർവിൽ അഭിരമിക്കുന്ന കേരളത്തിൻ്റെ സാംസ്കാരിക മന്ത്രാലയവും ഡിപ്പാർട്ടുമെൻ്റും സാഹിത്യ അക്കാദമി പ്രതിനിധികളും ഈ നോക്കുകുത്തി സ്മാരകത്തിലേക്ക് ഒന്നു വരിക. കമലാ സുരയ്യയുടെ മൂന്നാലു ചിത്രങ്ങളും അവരുടെ മലയാളപുസ്തകങ്ങളുടെ ചില കവർചിത്രങ്ങളും ക്ലാവു പിടിച്ച മൂന്നാലു അവാർഡുകളും എഴുത്തുകാരി ഇരുന്നു, കിടന്നു എന്നൊക്കെ പറയുന്ന ചില മുഷിഞ്ഞ മരസാധനങ്ങളും ചേർന്നതാണ് സ്മാരകം. ഇവയ്ക്കു പുറമേ നിരന്തരം അടച്ചിടുന്നത് കൊണ്ട് മുഷിഞ്ഞ ഒരു നാറ്റവും, സ്വൈരവിഹാരം നടത്തുന്ന ചില ഷഡ്പദങ്ങളും ഉണ്ടെന്നുള്ളത് പറയാൻ വിട്ടുപോയി.

സ്മാരകമുണ്ടാവുന്നതിന് മുമ്പൊരുനാൾ ഇവിടം ചിത്രീകരിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. ക്ഷയിച്ച തറവാടും നീർവറ്റിയ കുളവുമായിരുന്നു അവിടെ ഉണ്ടായിരുന്നെങ്കിലും മലയാളത്തിൻ്റെ പ്രിയ കഥാകാരിയുടെ മഹിത ജീവിതത്തിൻ്റെ ചെറുചൂട് അനുഭവിക്കാൻ കഴിഞ്ഞിരുന്നു. അന്ന് ആ നീർമാതളം പൂവണിഞ്ഞിരുന്നു. പക്ഷേ ഇന്ന് ഈ ഭൂമി പ്രഹസനത്തിൻ്റെ നിർജ്ജീവകൂടമായേ കാണാനാവുന്നുള്ളൂ. അവസാനമായി ഈ ഭൂമി സന്ദർശിക്കാൻ കമലാ സുരയ്യ എത്തിയപ്പോൾ അവർ പറഞ്ഞത് ഓർമ്മയില്ലേ?
” വരില്ലെന്ന് വിചാരിച്ചതാണ്. പിന്നെ തോന്നി ഒന്ന് യാത്ര പറയണമെന്ന് .ഇനി മനുഷ്യനായി തിരിച്ചു വരണ്ട എന്നു പ്രാർത്ഥിച്ചാണ് ഞാൻ പോകുന്നത്. ഇനി വരിക പൊൻമാനായിട്ടായിരിക്കും. ഈ കുളത്തിൻ്റെ മുകളിൽ പാറുന്ന പൊൻമാൻ. മനുഷ്യ ജൻമമെടുത്തതു കൊണ്ട് കുറേ വേദന അനുഭവിച്ചു. ഇനി പക്ഷിയായാൽ മതി.”

പക്ഷിയായും മാധവിക്കുട്ടിവരില്ല. കാരണം അത്രയും ശൂന്യതയുമായാണ് ഈ സ്മാരകം ആ പൊൻമാൻ്റെ വരവിനെ തടയുന്നത്. മാധവിക്കുട്ടിയുടെ മൂന്നാലു പുസ്തകങ്ങളെങ്കിലും കൊണ്ടു വയ്ക്കാൻ അക്കാദമിക്കും സാംസ്കാരിക വകുപ്പിനും തോന്നാതിരുന്നതിൽ നിന്നും നമ്മുടെ സാംസ്കാരിക ബോധം വായിച്ചെടുക്കാം. ദയവു ചെയ്ത് ഒരു കാര്യമെങ്കിലും ചെയ്യുക; നിശ്ശൂന്യത നടമാടുന്ന ആ മൂന്നുനില ഭാർഗവീ നിലയത്തിൽ ബോറടിച്ചിരിക്കുന്ന ഒരു കാവൽക്കാരനുണ്ട്. അയാളെ ഉടൻ പിൻവലിച്ചില്ലെങ്കിൽ കമലാ സുരയ്യയുടെ ജിന്ന് അയാളെ പോക്കി കൊന്നേക്കാം. സാംസ്കാരിക മന്ത്രീ, അതിനെങ്കിലും ദയവുണ്ടാവുക.

മാധവിക്കുട്ടിയുടെ തോളിൽ തല ചായ്ചിരുന്നാണ് കഥാകാരിയിൽ നിന്നും “പക്ഷിയുടെ മണം” എന്ന കഥ ഞാൻ കേൾക്കുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ കൊച്ചിയിലെ അവരുടെ ഫ്ലാറ്റിൽവച്ച്. അന്നവർ പട്ടുസാരി ഉടുത്തിരുന്നു. വലിയ കുങ്കുമ പൊട്ടിട്ടിരുന്നു. എല്ലാ വിളക്കുകളും അപ്പോൾ കത്തിയിരുന്നു. ചെന്താമരയുടെ മണം ആ മുറിയിൽ നിറഞ്ഞിരുന്നു. ഏറെ വാത്സല്യത്തോടെ എന്നെ ആ തോളിലേക്ക് ചായ്ചു കൊണ്ട് അവർ വായിച്ചുതുടങ്ങി; പക്ഷിയുടെ മണം…

അതൊക്കെ നീർമാതളം പോലുള്ള ആർദ്രമായ ഓർമ്മകൾ.

അവരെക്കുറിച്ചുള്ള ചലച്ചിത്രത്തേക്കാൾ ദുരന്തമായല്ലോ ഈ സ്മാരകവും എന്നാലോചിച്ച് പടിയിറങ്ങുന്നതിനു മുമ്പ് ഞാനും മുരളിയും സുമയും ആ ഉണക്ക നീർമാതളത്തിനു താഴെ നിന്ന് ഫോട്ടോ എടുത്തു. ഇനി ഇങ്ങോട്ടില്ല എന്നായിരുന്നു ആ ഫോട്ടോയുടെ അർത്ഥം.

ഒരിക്കൽ കൂടെ ചോദിക്കട്ടെ;
സാംസ്കാരിക കേരളമേ നാണമില്ലേ ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English